Ongoing News
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു
അമേരിക്കയില്‍ എണ്ണ ശേഖരം കൂടിയത് വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്കു കാരണമായി
ദമാം | എണ്ണ വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കപ്പല്‍ ഗതാഗതത്തിലെ തടസ്സങ്ങളും കാരണം എണ്ണവില വലിയ തോതില്‍ താഴാതെ നില്‍ക്കുകയാണ്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണ വില താഴുന്ന പ്രവണത പ്രടകമായി.
അമേരിക്കയില്‍ ക്രൂഡ് ഓയിലിന്റെയും പെട്രോളിന്റെയും ശേഖരം പ്രതീക്ഷിച്ചതിലും കൂടുതല്‍ വര്‍ധിച്ചതോടെയാണ് ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത്. ആവശ്യത്തേക്കാള്‍ കൂടുതല്‍ എണ്ണ വിപണിയിലുണ്ട് എന്ന തോന്നലാണ് വില കുറയാന്‍ പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയില്‍ പ്രധാന എണ്ണ നിരക്കുകളായ ബ്രെന്റ് ക്രൂഡിനും അമേരിക്കന്‍ ക്രൂഡിനും (ഡബ്ല്യു ടി ഐ) വില കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 1.2 ശതമാനം കുറഞ്ഞ് ബാരലിന് ഏകദേശം 91.99 ഡോളറായി. അമേരിക്കന്‍ ക്രൂഡ് വില 2 ശതമാനം താഴ്ന്ന് ബാരലിന് 84.34 ഡോളര്‍ എന്ന നിലയിലേക്കും എത്തി. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി മെച്ചപ്പെട്ടതോടെ ഈ മാസം എണ്ണവിലയില്‍ ഏകദേശം 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ കണക്കുകളാണ് എണ്ണവില കുറയാന്‍ കാരണമായത്. നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയില്‍ അമേരിക്കയുടെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 5.28 ദശലക്ഷം ബാരലിന്റെ വലിയ വര്‍ധനവുണ്ടായി. ശേഖരത്തില്‍ 5 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് എണ്ണ ശേഖരം കൂടിയത് അമേരിക്കയില്‍ എണ്ണയുടെ ഉപയോഗം കുറയുന്നതിന്റെ സൂചനയായാണ് കാണുന്നത്.
ക്രൂഡ് ഓയിലിന് പുറമെ പെട്രോളിന്റെയും ഡീസലിന്റെയും ശേഖരത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പെട്രോള്‍ ശേഖരത്തില്‍ 5.12 ദശലക്ഷം ബാരലിന്റെയും ഡീസല്‍ ശേഖരത്തില്‍ 3.51 ലക്ഷം ബാരലിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ പുറത്തുവന്നതോടെ വിപണിയില്‍ എണ്ണയ്ക്ക് ക്ഷാമമില്ലെന്ന് വ്യക്തമായി. ഇതോടെ വ്യാപാരികള്‍ എണ്ണ വിറ്റഴിക്കാന്‍ തുടങ്ങിയതും വില കുറയാന്‍ കാരണമായി.
എണ്ണ ശേഖരം കൂടുന്നത് വില കുറയ്ക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം വിപണിക്ക് വലിയ ഭീഷണിയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ അത് എണ്ണ ഉല്‍പ്പാദനത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന ഭയം വിപണിയിലുണ്ട്.
ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ചരക്കുനീക്കത്തെ ബാധിക്കുന്നുണ്ട്. ഈ പാതയിലൂടെയുള്ള യാത്ര അപകടകരമായതോടെ കപ്പലുകളുടെ വാടകയും ഇന്‍ഷുറന്‍സ് തുകയും കുത്തനെ കൂടി. കപ്പലുകള്‍ വഴി എണ്ണ എത്തിക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങള്‍ വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നു.
ഹോര്‍മുസ് കടലിടുക്കിന് പകരം ചെങ്കടല്‍ വഴി എണ്ണ കയറ്റുമതി ചെയ്യാന്‍ സഊദി അറേബ്യ ഉപയോഗിക്കുന്ന പൈപ്പ്ലൈനിന് നേരെയും ആക്രമണ ഭീഷണിയുണ്ടായി. ഈ പൈപ്പ്ലൈനിന് നേരെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും കൂട്ടി. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് എണ്ണവില ഇനിയും വലിയ തോതില്‍ താഴാത്തത്.
ഇനി എല്ലാവരും ഉറ്റുനോക്കുന്നത് യു എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക കണക്കുകളിലേക്കാണ്. അമേരിക്കയിലെ എണ്ണ ശേഖരത്തില്‍ ഏകദേശം 4 ലക്ഷം ബാരലിന്റെ ചെറിയ വര്‍ധനമാത്രമേ ഉണ്ടാകൂ എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. എന്നാല്‍ നേരത്തെ പുറത്തുവന്ന കണക്കുകള്‍ പോലെ 5 ദശലക്ഷം ബാരലിന് മുകളിലാണ് ഔദ്യോഗിക കണക്കിലും വര്ധനവുണ്ടാകുന്നതെങ്കില് എണ്ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ട്.
നവംബര്‍ 29-ന് നടക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗവും എണ്ണവിപണിയില്‍ വളരെ പ്രധാനമാണ്. സഊദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ 2027-ല്‍ എത്രത്തോളം എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കും. വിപണിയില്‍ എണ്ണ കൂടുന്നതും വില കുറയുന്നതും ഈ രാജ്യങ്ങള്‍ക്ക് വലിയ തലവേദനയായിട്ടുണ്ട്.
വില കുറയുന്നത് തടയാന്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കണോ അതോ നിലവിലുള്ള രീതി തുടരണമോ എന്നതാണ് ഒപെക് പ്ലസ് രാജ്യങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ഒരുവശത്ത് അമേരിക്കയില്‍ എണ്ണ ശേഖരം കൂടുന്നതും മറുവശത്ത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്ക്കുന്നതും കാരണം വരും ദിവസങ്ങളിലും എണ്ണവിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Content Highlights: Global oil prices declined after US crude and petroleum inventories surged beyond expectations. Despite this supply increase, ongoing Middle East conflicts, shipping disruptions in the Hormuz Strait, and upcoming OPEC decisions continue to influence market volatility.





