National
ബാല്‍ താക്കറെയുടെ ചിത്രം കീറിയെന്ന് ആരോപണം; സോണിയാ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധം ശിവസേനകള്‍ തമ്മിലുള്ള പോരിലേക്ക്
പുസ്തകത്തിലെ പേജുകള്‍ പരസ്യമായി കീറുന്നതിനിടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം കീറിയെന്ന ആരോപണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്
മുംബൈ | കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിനെതിരെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നടത്തിയ പ്രതിഷേധം, ഇരു ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള രൂക്ഷമായ വാക്‌പോരിലേക്ക് വഴിമാറി. പുസ്തകത്തിലെ പേജുകള്‍ പരസ്യമായി കീറുന്നതിനിടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം കീറിയെന്ന ആരോപണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
വിര്‍ സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഷിന്‍ഡെ പക്ഷ നേതാക്കളായ ഷൈന എന്‍ സി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുസ്തകത്തിലെ 201, 443 എന്നീ പേജുകളിലെ ഭാഗങ്ങള്‍ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് നീക്കം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരുടെ കോലത്തില്‍ ബാല്‍ താക്കറെ ചെരുപ്പുകൊണ്ട് അടിക്കുന്ന പഴയ ചിത്രം അടങ്ങിയ പുസ്തകത്താള്‍ ഷൈന എന്‍ സി കീറിയതാണ് വിവാദമായത്. സഞ്ജയ് നിരുപം ഇത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഷൈന കീറിയ ചിത്രം തിടുക്കത്തില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ശിവസേന സ്ഥാപകനെ ഷിന്‍ഡെ പക്ഷം അപമാനിച്ചെന്ന ആരോപണവുമായി ഉദ്ധവ് താക്കറെ വിഭാഗം (ശിവസേന യു ബി ടി) രംഗത്തെത്തി.
ബാല്‍ താക്കറെയെ അപമാനിച്ചവരെ പരസ്യമായി ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് ശിവസേന (യു ബി ടി) എം പി സഞ്ജയ് റാവത്ത് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇവര്‍ക്ക് പ്രത്യയശാസ്ത്രമോ ധാര്‍മികതയോ ഒരു നേതാവോ ഇല്ലെന്നും കൂലിപ്പടയാളികള്‍ ആണെന്നും റാവത്ത് കുറ്റപ്പെടുത്തി. ബാല്‍ താക്കറെയുടെ 14ാം ചരമവാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം നടന്നതെന്നും, ഇവര്‍ക്കൊരിക്കലും യഥാര്‍ത്ഥ ശിവസേനയാകാന്‍ കഴിയില്ലെന്നും മറ്റൊരു യു ബി ടി നേതാവും വിമര്‍ശിച്ചു.
അതേസമയം, ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ഷൈന എന്‍ സി രംഗത്തെത്തി. താന്‍ ബാല്‍ താക്കറെയുടെ ചിത്രമല്ല, മറിച്ച് മണിശങ്കര്‍ അയ്യരുടെ കോലത്തിന്റെ ചിത്രമാണ് കീറിയതെന്ന് അവര്‍ വ്യക്തമാക്കി. സവര്‍ക്കറെ അപമാനിക്കുന്ന പുസ്തകമോ മണിശങ്കര്‍ അയ്യരുടെ ചിത്രമോ ആണെങ്കില്‍ ഒരിക്കലല്ല, ആയിരം തവണ താന്‍ അത് കീറുമെന്നും ഷൈന പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.




