International
മേക്കപ്പിനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് 59,000 ഡോളര്‍ ധൂര്‍ത്തടിച്ചു; ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം
2025 ഏപ്രിലിനും നവംബറിനും ഇടയില്‍ മീഡിയ പ്രിപ്പറേഷന്‍ എന്ന പേരില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി (ആര് എന്‍ സി) 59,000 ഡോളറിലധികം ചെലവഴിച്ചതായി ഫെഡറല്‍ ക്യാമ്പയിന് ഫിനാന്‍സ് രേഖകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
വാഷിംഗ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മുതിര്‍ന്ന ഭരണകര്‍ത്താക്കളുടെയും മുടിയും മുഖവും അണിയിച്ചൊരുക്കാന്‍ പാര്‍ട്ടി ഫണ്ടില്‍നിന്ന് വന്‍തുക ചെലവഴിച്ചതിനെച്ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കം ഉടലെടുത്തു. 2025 ഏപ്രിലിനും നവംബറിനും ഇടയില്‍ മീഡിയ പ്രിപ്പറേഷന്‍ എന്ന പേരില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി (ആര് എന്‍ സി) 59,000 ഡോളറിലധികം ചെലവഴിച്ചതായി ഫെഡറല്‍ ക്യാമ്പയിന് ഫിനാന്‍സ് രേഖകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന 49ാമത് ആസിയാന്‍ ഉച്ചകോടിക്കിടെ വിമാനയാത്രക്കിടയില്‍ ട്രംപ് മുടി ഡൈ ചെയ്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രൊഫഷണല്‍ ഹെയര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ബ്രിട്ടാനി ഗോറ്റ്സിന് മാത്രം 53,850 ഡോളര്‍ നല്‍കിയതായി കണ്ടെത്തി. പ്രസിഡന്റ് ട്രംപിന് പുറമെ, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് എന്നിവര്‍ക്കായാണ് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ഈ മേക്കപ്പ് സേവനങ്ങള്‍ നല്‍കിയത്.
2026ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ യു എസ് ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഡെമോക്രാറ്റുകളേക്കാള്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ചിട്ടും അത് തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മേക്കപ്പ് ചെലവുകള്‍ക്ക് പുറമെ, ഒരു ഗോള്‍ഫ് മത്സരത്തിനിടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 22,500 ഡോളര്‍ നല്കിയതും, മുന്‍ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന്റെ മകള്‍ കരോലിന് വൈല്സുമായുള്ള ഹ്രസ്വകാല കരാറുമെല്ലാം കടുത്ത അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലെ ദുര്‍വിനിയോഗം പരിശോധിക്കാന്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റ് വേണമെന്ന് ടെന്നസിയില്‍ നിന്നുള്ള ആര് എന്‍ സി അംഗം ഓസ്കാര്‍ ബ്രോക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പുകളില്‍ ഈ നേതൃത്വ പോര് നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.




