Connect with us

Aksharam Education

ആമുഖം, അവതാരിക, ഗ്രന്ഥകാര പരിചയം

മിക്കപ്പോഴും മലയാളം പരീക്ഷക്ക് ചോദിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ചോദ്യങ്ങളാണ് ആമുഖവും അവതാരികയും ഗ്രന്ധകാര പരിചയവും. ഇന്നത്തെ അക്ഷത്തിൽ ഇവ മൂന്നും നമുക്ക് പരിചയപ്പെടാം

Published

|

Last Updated

മിക്കപ്പോഴും മലയാളം പരീക്ഷക്ക് ചോദിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ചോദ്യങ്ങളാണ് ആമുഖവും അവതാരികയും ഗ്രന്ധകാര പരിചയവും. ഇന്നത്തെ അക്ഷത്തിൽ ഇവ മൂന്നും നമുക്ക് പരിചയപ്പെടാം

ആമുഖം

ലേഖനം, പ്രൊജക്ട്, പ്രബന്ധം തുടങ്ങിയവക്കെല്ലാം അനുയോജ്യമായ ആമുഖം (Introduction) ആവശ്യമാണ്. ഇത് എല്ലായ്പ്പോഴും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞെന്നു വരില്ല. വായനക്കാരന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ നല്ലൊരു ആമുഖത്തിന് കഴിയും. താഴെ പറയുന്ന ഘടന പാലിച്ചാൽ ആമുഖം ആകർഷകമാക്കാം.

▶ തുടക്കം

ഏതൊരു കാര്യത്തിനും തുടക്കം നന്നായാൽ ഒടുക്കം നന്നാകും എന്ന് പറയാറില്ലേ, അത് ഇവിടെയും ബാധകമാണ്. നേരത്തേ പറഞ്ഞതു പോലെ ആദ്യവാചകം ശ്രദ്ധേയമാക്കുക. വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചുകൊണ്ടോ പ്രശസ്തരുടെ വാക്കുകൾ, പഴഞ്ചൊല്ല് തുടങ്ങിയവ എടുത്ത് ചേർത്തോ തുടക്കം കുറിക്കാം.

▶ പരിചയപ്പെടുത്തൽ

ഏതിനെ ആധാരമാക്കിയാണോ ആമുഖം തയ്യാറാക്കുന്നത് ആ വിഷയമാണ് പരിചയപ്പെടുത്തേണ്ടത്. അതായത് വിഷയം ലളിതമായി വ്യക്തമാക്കാൻ ശ്രമിക്കണം. ഒന്നോ രണ്ടോ വാചകങ്ങളിൽ പ്രതിപാദ്യ വിഷയത്തിന്റെ പശ്ചാത്തലവും പ്രസക്തിയും വായനക്കാരന് ഗ്രഹിക്കാനാകണം.

▶ പ്രാധാന്യം

ലേഖനത്തിൽ ചർച്ചയാക്കുന്ന വിഷയത്തിന്റെ പ്രാധാന്യം എന്ത് എന്നതാണ് പ്രധാനം. വായനക്കാരന്റെ, അല്ലെങ്കിൽ പഠിതാവിന്റെ ജീവിതത്തിൽ എന്തെന്ത് പ്രാധാന്യമുണ്ട്, ബന്ധമുണ്ട് എന്ന് വ്യക്തമായാൽ താത്പര്യപൂർവം വായിക്കപ്പെടും.

▶ ആശയം

കാതലായ ആശയം എന്ത് എന്ന് ഏതൊരു കാര്യത്തിലും പരിശോധിക്കപ്പെടുന്ന ഒന്നാണ്. എഴുതിയവതരിപ്പിച്ച കാര്യത്തെക്കുറിച്ച് ചെറിയ ചെറിയ സൂചനകൾ നൽകിയാൽ മതിയാവും.

▶ ലാളിത്യം

ലളിതമായി, ചുരുക്കി അവതരിപ്പിക്കുമ്പോൾ എത്ര വലിയ വിഷയവും ഗ്രഹിക്കപ്പെടുന്നു. വ്യക്തമായതും വലിച്ചുനീട്ടാത്തതും ആയ ലളിതമായ ഭാഷാരീതിയിൽ അവതരിപ്പിച്ചാൽ മതി.
അവതാരിക

നോവൽ, കഥ, കവിത തുടങ്ങി കൃതി ഏതുമാവട്ടെ ആകർഷകമായ അവതാരിക വേണം. അവതാരിക തയ്യാറാക്കുമ്പോൾ പ്രധാനപ്പെട്ട ചില ഘടന പാലിക്കണം. ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിലേക്ക് വായനക്കാരനെ സ്വാഗതം ചെയ്യുന്ന കുറിപ്പാണ് അവതാരിക. ഒരു പുസ്തകം രചിച്ചയാളല്ല അവതാരിക എഴുതുന്നത് എന്നത് പ്രധാന കാര്യമാണ്. രണ്ടാമതൊരാൾ, ആ വിഷയത്തിൽ അറിവുള്ളയാൾ ആ ഗ്രന്ഥം വായിച്ച് തയ്യാറാക്കുന്നതാണ് അവതാരിക.

▶ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഗ്രന്ഥരചയിതാവിനെക്കുറിച്ച് നല്ലൊരു പരിചയപ്പെടുത്തൽ വേണം. എഴുത്തുകാരന്റെ പ്രവർത്തനങ്ങൾ, മറ്റ് ഗ്രന്ഥങ്ങൾ എന്നിവയും ഉൾപ്പെടുത്താം. കൃതി എന്തിനെക്കുറിച്ചാണ്, എന്തായിരിക്കും, രചയിതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ, സമകാലിക പ്രസക്തി എന്നിവ വ്യക്തമാക്കുക. പുസ്തകത്തിലെ പ്രധാന ആശയങ്ങൾ എന്തൊക്കെ, വായനക്കാരന് എന്താണ് പ്രയോജനം. എന്നീ നിരീക്ഷണങ്ങൾക്ക് പ്രാധാന്യമുണ്ട്.
സാഹിത്യത്തിലോ സമൂഹത്തിലോ എന്ത് സ്വാധീനമാണ്, എന്ത് ചർച്ചയാണ് ഉണ്ടാവുക എന്ന് സ്വന്തം കാഴ്ചപ്പാടിൽ എഴുതാം.

അനാവശ്യ വാചകങ്ങൾ ഒഴിവാക്കി ആശയത്തെ വ്യക്തമാക്കുന്നതിനുചിതമായ ചെറുതും വലുതുമായ വാചകങ്ങൾ കൃത്യതയോടെ ക്രമപ്പെടുത്തി എഴുതുക. മിക്കപ്പോഴും അവതാരികകൾ ആ കൃതിയെക്കുറിച്ചുള്ള നല്ലൊരു പഠനമായും തീരാറുണ്ട്.

ഗ്രന്ഥകാര പരിചയം

ഒരു കൃതിയുടെ രചയിതാവിനെ പരിചയപ്പെടുത്തുന്നതിനാണ് ഗ്രന്ഥകാര പരിചയം തയ്യാറാക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ടയിലെഴുതുന്ന പുറന്താൾ കുറിപ്പാണെങ്കിൽ ഒരു ഖണ്ഡിക മതിയാകും. പ്രൊജക്ടിനോ സെമിനാർ പ്രബന്ധത്തിനോ ആണെങ്കിൽ വിശദമായിട്ടെഴുതണം. വായനക്കാരന് എഴുത്തുകാരനെ കുറിച്ച് വ്യക്തമായ ധാരണ കിട്ടണം. ഗ്രന്ഥകാരന്റെ ജീവിതം, സാഹിത്യ സംഭാവനകൾ, നേട്ടങ്ങൾ എന്നിവ ലളിതമായും ആകർഷകമായും അവതരിപ്പിക്കാം.

ഗ്രന്ഥകാരന്റെ മുഴുവൻ പേര്, ജനന തിയതി, ജന്മസ്ഥലം, മാതാപിതാക്കളുടെ പേര്, കുടുംബം, പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം, ജോലി എന്നിവ ചുരുക്കത്തിൽ പറയാം. ആദ്യത്തെ കൃതി, പ്രധാന കൃതി, രചനാ ശൈലി, പുരസ്കാരങ്ങൾ, നിലവിലെ അസ്ഥ എല്ലാം ലളിത ഭാഷയിലെഴുതുക.
മേൽപ്പറഞ്ഞ ആമുഖം, അവതാരിക, ഗ്രന്ഥകാര പരിചയം എന്നിവ ഭാഷാ വ്യവഹാര വഴികളിൽ വിദ്യാർഥികൾക്കെന്നല്ല ആർക്കും ഉപകരിക്കുമെന്നതിൽ തർക്കമില്ല.

Content Highlights: A clear guide explaining how to write an introduction, preface, and author profile for Malayalam exams and projects. It covers key structure points and practical tips. Useful for students and writers alike.