Kerala
ഹാക്കിങ് നടന്നിട്ടില്ല; വിശദീകരണവുമായി എം ജി സര്‍വകലാശാല
ഇടതുപക്ഷ അധ്യാപക സംഘടനയായ എ കെ പി സി ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ നിശാന്ത് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തിന് മറുപടിയായാണ് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം നല്‍കിയത്.
കോട്ടയം| എം ജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക പോര്‍ട്ടല്‍ ഹാക്ക് ചെയ്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി സര്‍വകലാശാല അധികൃതര്‍.
നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയും ആര്‍ജിച്ച സി സി എ മാര്‍ക്ക് (ഇന്റേണല്‍) രേഖപ്പെടുത്തുന്നതിന് എം ജി യു, യു ജി പി-ഇ ഡി പി എന്ന ഔദ്യോഗിക പോര്‍ട്ടലില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താനിയിട്ടില്ലെന്നാണ് സര്‍വകലാശാല രജിസ്ട്രാറുടെ വിശദീകരണം. ഇടതുപക്ഷ അധ്യാപക സംഘടനയായ എ കെ പി സി ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ നിശാന്ത് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തിന് മറുപടിയായാണ് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം നല്‍കിയത്.
പോര്‍ട്ടല്‍ ഹാക്ക് ചെയ്തെന്നായിരുന്നു സിന്‍ഡിക്കേറ്റും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെ പി സി ടി എയും ഉന്നയിച്ച ആരോപണം. ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.
അധ്യാപകരുടെ സൗകര്യാര്‍ത്ഥം എ കെ പി സി ടി എ തയാറാക്കിയ സി സി എ ഫോം ജനറേറ്ററും, സര്‍വകലാശാലയുടെ ഔദ്യോഗിക പോര്‍ട്ടലായ എം ജി യു-യു ജി പി-ഇ ഡി പി-യും തികച്ചും വ്യത്യസ്തമായ സംവിധാനങ്ങളാണെന്ന് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഹാക്കിങ് വിവാദത്തില്‍ അനാവശ്യമായി സംഘടനയുടെ പേര് വലിച്ചിഴച്ച് വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ കെ പി സി ടി എ സംസ്ഥാന സെക്രട്ടറി പ്രൊഫ ഡോ ജേക്കബ് എബ്രഹാം അറിയിച്ചു.
Content Highlights: MG University Registrar clarified that no hacking occurred in its official MGU UGP-EDP internal marks portal for four-year honours courses. The clarification responded to a letter from AKPCTA amid allegations from KPCTA and a High Court probe order. AKPCTA also warned of legal action against false propaganda.







