Connect with us

Kerala

സാക്ഷികളെ വിസ്തരിക്കാതെ അച്ചടക്ക നടപടി നിലനില്‍ക്കില്ല: ഹൈക്കോടതി

തെറ്റായ ടി എ ബില്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ച് തപാല്‍ വകുപ്പ് ജീവനക്കാരിക്കെതിരെ എടുത്ത അച്ചടക്ക നടപടി റദ്ദാക്കിയ എറണാകുളം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചു.

Published

|

Last Updated

കൊച്ചി | ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ മൊഴി നല്‍കിയ സാക്ഷികളെ വിളിപ്പിക്കുകയോ വിസ്തരിക്കുകയോ ചെയ്യാതെ, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. തെറ്റായ ടി എ ബില്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ച് തപാല്‍ വകുപ്പ് ജീവനക്കാരിക്കെതിരെ എടുത്ത അച്ചടക്ക നടപടി റദ്ദാക്കിയ എറണാകുളം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി.

തപാല്‍ വകുപ്പില്‍ എല്‍ എസ് ജി സൂപ്പര്‍വൈസറായിരുന്ന ആര്‍ ലൈലക്കെതിരെയായിരുന്നു വകുപ്പ് തല നടപടി. ടി എ ബില്‍ വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍, ജീവനക്കാരി താമസിച്ചിരുന്നതായി പറയപ്പെടുന്ന വിലാസത്തില്‍ എത്തിയപ്പോള്‍ ഷിബു എന്നയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവനക്കാരി തന്റെ ബന്ധുവാണെന്നും 2020 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ അവിടെ താമസിച്ചിരുന്നതായും ഇയാള്‍ മൊഴി നല്‍കിയെന്നായിരുന്നു റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. എന്നാല്‍, താന്‍ അവിടെ വാടകക്ക് താമസിച്ചിരുന്നതായി വ്യക്തമാക്കുന്ന വീട്ടുടമസ്ഥന്റെ കത്ത് ജീവനക്കാരി ഹാജരാക്കിയെങ്കിലും അപ്പീല്‍ ഘട്ടത്തിലാണ് നല്‍കിയതെന്ന കാരണത്താല്‍ അധികൃതര്‍ അത് തള്ളി. തുടര്‍ന്ന് ജീവനക്കാരി ട്രൈബ്യൂണലിനെ സമീപിക്കുകയും 2025 ഡിസംബര്‍ 15-ന് ട്രൈബ്യൂണല്‍ അച്ചടക്ക നടപടി റദ്ദാക്കുകയുമായിരുന്നു.

ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ മൊഴി നല്‍കിയ ഷിബു ഉള്‍പ്പെടെയുള്ള ആരെയും സാക്ഷിയായി ചേര്‍ക്കുകയോ വിസ്തരിക്കുകയോ ചെയ്തില്ല. ഇന്‍സ്പെക്ടറുടെ റിപോര്‍ട്ട് പരിശോധിച്ച് മറുപടി നല്‍കാന്‍ മാത്രമാണ് ജീവനക്കാരിക്ക് അവസരം നല്‍കിയത്. ഈ ഘട്ടത്തില്‍ 1965-ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് ചട്ടങ്ങളിലെ ചട്ടം 16(1) പ്രകാരമുള്ള ഔദ്യോഗിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന ട്രൈബ്യൂണല്‍ നിലപാട് കോടതി അംഗീകരിച്ചു. ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടാന്‍ യാതൊരു കാരണവുമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ ഹരജി തള്ളി.

Content Highlights: The Kerala High Court has ruled that disciplinary actions cannot legally stand without examining witnesses. The court emphasized that failing to conduct proper witness examination violates the principles of natural justice. This verdict reinforces procedural fairness in departmental inquiries across Kerala.

 

 

---- facebook comment plugin here -----

Latest