Kerala
ഷുക്കൂര്‍ വധം: വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പ്രോസിക്യൂഷന്; രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും
കേസിലെ രണ്ടാം പ്രതിയായ ഗണേശനെ വെറുതെ വിട്ടതില്‍ പ്രോസിക്യൂഷന് കടുത്ത നിരാശയുണ്ടെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് അഡ്വ. കെ പത്മനാഭന്.
കൊച്ചി | അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 14 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം സി ബി ഐ കോടതി വിധി പ്രസ്താവിച്ചെങ്കിലും വിധിയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് അഡ്വ. കെ പത്മനാഭന്. കേസിലെ രണ്ടാം പ്രതിയായ ഗണേശനെ വെറുതെ വിട്ടതില്‍ പ്രോസിക്യൂഷന് കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍ ഷുക്കൂറിനെ കുത്തിയ രണ്ട് പ്രതികളില്‍ ഒരാളാണ് ഗണേശനെന്ന് പത്മനാഭന് ചൂണ്ടിക്കാട്ടി.
പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം ഒന്നാം പ്രതി ഷുക്കൂറിന്റെ നെഞ്ചിലും, രണ്ടാം പ്രതി വയറിലുമാണ് കുത്തിയത്. ഈ രണ്ട് മുറിവുകളുമാണ് മരണകാരണമായി റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ, രണ്ടാം പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെടുത്ത രക്തക്കറ പുരണ്ട കത്തി വിചാരണക്കിടെ കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു. ഒന്നും രണ്ടും സാക്ഷികള്‍ ഗണേശനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
ഷുക്കൂറിന്റെ ജീവനെടുത്ത കുറ്റത്തില്‍ പങ്കാളിയായ രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ ഉറപ്പായും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഡ്വ. കെ പത്മനാഭന് വ്യക്തമാക്കി.
Content Highlights: The prosecution stated it is not fully satisfied with the Shukkoor murder case verdict. Authorities confirmed they will file an appeal against the acquittal of the second accused. The legal move aims to challenge the partial relief granted by the trial court.


