Kerala
അരിയില്‍ ഷുക്കൂര്‍ വധം: കണ്ണൂരിലെ രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിച്ച കേസ്
സി പി എമ്മിന് രാഷ്ട്രീയമായി ഏറെ പഴി കേള്‍ക്കേണ്ടിവന്ന കേസ് കൂടിയാണിത്.
കണ്ണൂര്‍ | രാഷ്ട്രീയകേരളം ഏറെ ചര്‍ച്ച ചെയ്ത അരിയില്‍ ഷുക്കൂര്‍ കേസിലെ വിധി സി പി എമ്മിന് ആശ്വാസം നല്‍കുമെങ്കിലും കേസിലുള്‍പ്പെട്ട പ്രവര്‍ത്തകരുടെ ശിക്ഷയെ പാര്‍ട്ടിയും അണികളും എങ്ങനെ കാണുന്നുവെന്ന ചോദ്യം ബാക്കിനില്ക്കും. സി പി എമ്മിന് രാഷ്ട്രീയമായി ഏറെ പഴി കേള്‍ക്കേണ്ടിവന്ന കേസ് കൂടിയാണ് ഷുക്കൂര്‍ വധക്കേസ്.
കണ്ണൂരില്‍ നേരത്തേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ആള്‍ക്കൂട്ടം വിചാരണ ചെയ്ത് നടത്തിയ കൊലപാതകമെന്നതായിരുന്നു സി പി എം നേരിട്ട പ്രധാന ആരോപണം. അന്നത്തെ സി പി എം ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി ജയരാജനും സംസ്ഥാന സമിതി അംഗവും മുന്‍ എം എല്‍ എയുമായ ടി വി രാജേഷും ഉള്‍പ്പെടെ പ്രതികളായി വിചാരണ നേരിട്ടതും സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ പി ജയരാജനും ടി വി രാജേഷും തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുറിയിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന ആരോപണവും സി പി എം നേരിട്ടു. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയായ ഷുക്കൂര്‍ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി ജയരാജനെയും ടി വി രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊല നടന്ന 2012 ഫെബ്രുവരി 20 മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ആറ് മാസത്തിനിടെ ജില്ല രണ്ട് വട്ടം ഹര്‍ത്താലിലേക്കും ഒരുഘട്ടത്തില്‍ വ്യാപക അക്രമത്തിലേക്കും നീങ്ങിയിരുന്നു. സി പി എം ജില്ലാ സെക്രട്ടറി അറസ്റ്റിലായതും എം എല്‍ എ കോടതിയില്‍ കീഴടങ്ങിയതും വഴി ശുക്കൂര്‍ കേസ് കണ്ണൂരിന്റെ രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിച്ചിരുന്നു. 2012 ഫെബ്രുവരി 20ന് ഒരേ ദിവസമാണ് ജയരാജന്റെയും രാജേഷിന്റെയും വാഹനം ആക്രമിക്കപ്പെട്ടതും ഷുക്കൂര്‍ കൊല്ലപ്പെട്ടതും. പിറ്റേന്ന് ജില്ലയില്‍ രണ്ട് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഷുക്കൂറിന്റെ കൊലയില്‍ പ്രതിഷേധിച്ച് യു ഡി എഫും സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫുമാണ് ഹര്‍ത്താല്‍ നടത്തിയത്.
ഏറ്റവും വലിയ കോളിളക്കം ആഗസ്റ്റ് ഒന്നിനായിരുന്നു. പി ജയരാജന് അറസ്റ്റിലായതോടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജില്ലയില്‍ വ്യാപകമായ അക്രമം നടന്നു. ആഗസ്റ്റ് ഏഴിന് ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷയും രാജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. തുടര്‍ന്ന് സിറ്റിംഗ് എം എല്‍ എയായ ടി വി രാജേഷ് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി. കേരള രാഷ്ട്രീയത്തില്‍ ഇത് അസാധാരണ സംഭവമായിരുന്നു. ഇരുവര്‍ക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതിനുശേഷവും ഷുക്കൂര്‍ കേസ് എല്ലാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും വലിയ ചര്‍ച്ചയായി യു ഡി എഫ് ഉയര്‍ത്തിയിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ മാതാവ് പി സി ആത്തിഖ നല്കിയ ഹരജിയില്‍ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ 2016 ഫെബ്രുവരി എട്ടിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Content Highlights: The Ariyil Shukoor murder case marked a major turning point in Kannur’s political history. It triggered intense legal battles and shifted regional party alliances across Kerala. Discover how this landmark incident continues to influence political narratives in the district.


