Articles
സ്വന്തം നാടണയുമോ, ഈ തോണി മനുഷ്യർ?
ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളായ ആര്‍ക്കും സംശയമേതുമില്ലാത്ത കാര്യമാണ് മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ ബുദ്ധതീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും നടത്തിയത് വെറും ആക്രമണമല്ല, ഏറ്റുമുട്ടലല്ല, കലാപമല്ല ഏറ്റവും ക്രൂരമായ വംശഹത്യ തന്നെയാണെന്ന്
മ്യാന്‍മറിലെ പട്ടാള ഭരണകൂടം വിധി അംഗീകരിച്ചിട്ടേയില്ല. തീവ്രവാദികളെ നേരിടുക മാത്രമാണ് ചെയ്തതെന്ന വാദം ആവര്‍ത്തിക്കുകയാണ് അവര്‍. ജനാധിപത്യ പോരാട്ടത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട ആംഗ് സാന്‍ സൂകി ഭരിക്കുമ്പോള്‍ പോലും ഇതേ നിലപാടാണെടുത്തത്. മുസ്‌ലിംകള്‍ അവരുടെ മതപരമായ സ്വത്വം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ അവരെ വിദേശികളായി മുദ്രകുത്തി ഉന്മൂലനം ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ മാത്രം ഭൂരിപക്ഷയുക്തിക്ക് സൂകി പോലും കീഴ്‌പ്പെടുമ്പോള്‍ മ്യാന്‍മര്‍ രാഷ്ട്ര സംവിധാനത്തില്‍ നിന്ന് എന്തു നീതി കിട്ടാനാണ്?
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്നത് വംശഹത്യ തന്നെയെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത് ആ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളായ ആര്‍ക്കും സംശയമേതുമില്ലാത്ത കാര്യമാണ് മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ ബുദ്ധതീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും നടത്തിയത് വെറും ആക്രമണമല്ല, ഏറ്റുമുട്ടലല്ല, കലാപമല്ല ഏറ്റവും ക്രൂരമായ വംശഹത്യ തന്നെയാണെന്ന്. എങ്കിലും പരമോന്നത അന്തര്‍ദേശീയ നീതിപീഠമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഐ സി ജെ, നിയമങ്ങളും നിരവധിയായ പ്രോട്ടോകോളുകളും സാമൂഹിക- രാഷ്ട്രീയ വസ്തുതകളും പരിശോധിച്ച് പുറപ്പെടുവിച്ച വിധിക്ക് വലിയ പ്രാധാന്യമുണ്ട്, ആധികാരികതയുണ്ട്. ഇതാദ്യമായി ഒരു രാജ്യത്തിന് മേല്‍ വംശഹത്യാക്കുറ്റം ചുമത്തിയ നടപടിക്ക് വലിയ രാഷ്ട്രീയ പ്രഹരശേഷിയുമുണ്ട്. ഐ സി ജെയില്‍ നിയമപോരാട്ടത്തിനിറങ്ങിയ ഗാംബിയയെന്ന ആഫ്രിക്കന്‍ രാജ്യത്തിന് ബിഗ് സല്യൂട്ട്.
ബംഗ്ലാദേശിലും ഇതര രാജ്യങ്ങളിലുമായി ദുരന്തപൂര്‍ണമായ അഭയാര്‍ഥി ജീവിതം നയിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കണമെന്നാണ് യുജി ഇവാസാവ അധ്യക്ഷനായ 15 അംഗ ബഞ്ച് ആറിനെതിരെ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പുറപ്പെടുവിച്ച ചരിത്രവിധിയില്‍ പറയുന്നത്. കുറ്റക്കാരായ നരാധമന്‍മാരെ ശിക്ഷിക്കണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ഈ വിധി ആര് നടപ്പാക്കും? മ്യാന്‍മറിലെ പട്ടാള ഭരണകൂടം വിധി അംഗീകരിച്ചിട്ടേയില്ല. തീവ്രവാദികളെ നേരിടുക മാത്രമാണ് ചെയ്തതെന്ന വാദം ആവര്‍ത്തിക്കുകയാണ് അവര്‍. ജനാധിപത്യ പോരാട്ടത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട ആംഗ് സാന്‍ സൂകി ഭരിക്കുമ്പോള്‍ പോലും ഇതേ നിലപാടാണെടുത്തത്. മുസ്‌ലിംകള്‍ അവരുടെ മതപരമായ സ്വത്വം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ അവരെ വിദേശികളായി മുദ്രകുത്തി ഉന്മൂലനം ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ മാത്രം ഭൂരിപക്ഷയുക്തിക്ക് സൂകി പോലും കീഴ്‌പ്പെടുമ്പോള്‍ മ്യാന്‍മര്‍ രാഷ്ട്ര സംവിധാനത്തില്‍ നിന്ന് എന്തു നീതി കിട്ടാനാണ്? അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് വിധി നടപ്പാക്കുനുള്ള എന്‍ഫോഴ്‌സ്‌മെന്റ്്സംവിധാനമൊന്നുമില്ല. അധികാരവുമില്ല. അവര്‍ യു എന്‍ രക്ഷാസിമിതിയോട് പരാതിപ്പെടും, അത്രതന്നെ. ഏത് രക്ഷാസമിതി? യു എസും ചൈനയുമൊക്കെ വീറ്റോ അധികാരം കൈയാളുന്ന രക്ഷാസമിതി. മ്യാന്‍മറിലെ ഇനിയും പര്യവേക്ഷണം നടത്തിയിട്ടില്ലാത്ത ധാതുസമ്പത്തില്‍ കണ്ണുംനട്ടിരിക്കുന്ന വന്‍ശക്തികള്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തെ പിണക്കി നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നത് അതിരുകവിഞ്ഞ ശുഭാപ്തിവിശ്വാസമായിപ്പോകും.
പിന്നെന്താണ് ഈ വിധിയുടെ പ്രാധാന്യം? ആഗോള സമൂഹം ഒരിക്കല്‍ കൂടി റോഹിംഗ്യന്‍ ജനതയെ കണ്‍തുറന്ന് കാണും. അവര്‍ അനുഭവിക്കുന്ന ജീവനഷ്ടവും തിരസ്‌കാരവും അപമാനവും അലച്ചിലും അഭയാര്‍ഥി ക്യാമ്പുകളിലെ പുഴുസമാനമായ ജീവിതവും ഒരിക്കൽ കൂടി ചര്‍ച്ചയിലേക്ക് വരും. ഘട്ടംഘട്ടമായെങ്കിലും സ്വന്തം നാട്ടിലേക്ക് സ്വയം തിരിച്ചുപോകാനുള്ള ആത്മവിശ്വാസം റോഹിംഗ്യകള്‍ക്ക് ഈ വിധി സമ്മാനിച്ചേക്കാം. മ്യാന്‍മറിലെ ജനാധിപത്യവാദികള്‍ ഈ വിധിയുടെ വെളിച്ചത്തില്‍ ഉണര്‍വ് കൈവരിച്ചേക്കാം. ഐ സി ജെയുടെ വിധി പ്രഖ്യാപനവാര്‍ത്ത, ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ഥി ക്യാമ്പിലിരുന്ന് തത്സമയം വീക്ഷിക്കുന്ന 43കാരി റഹാമ ഖാത്തൂനിന്റെ ചിത്രം വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയിരുന്നു. നിസ്സംഗമായി കുനിഞ്ഞിരിക്കുന്ന ആ സാധുസ്ത്രീ എന്ത് മാനസികാവസ്ഥയിലായിരിക്കും ആ വാര്‍ത്ത കണ്ടിരിക്കുക? ഉറപ്പായും പ്രതീക്ഷ മാത്രമായിരിക്കും അവരുടെയുള്ളില്‍. രാഖിനെ പ്രവിശ്യയിലെ ഇന്‍ ദിന്‍ ഗ്രാമത്തില്‍ 2017ല്‍ മ്യാന്‍മര്‍ സുരക്ഷാ സേനയും ബുദ്ധമതക്കാരായ ഗ്രാമവാസികളും ചേര്‍ന്ന് കൊന്ന ശാകിര്‍ അഹ്്മദിന്റെ ഭാര്യയാണ് റഹാമ ഖാത്തൂന്‍. എന്തോ വലുത് നടക്കുമെന്ന് പ്രത്യാശിക്കുന്ന ഈ മനുഷ്യരോട് ലോകം എന്ത് സമാധാനം പറയും?
2021 ഫെബ്രുവരിയില്‍ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയിലാണ് മ്യാന്‍മര്‍. ഏകദേശം 7,50,000 റോഹിങ്ക്യകള്‍ പലായനം ചെയ്ത് ആറ് വര്‍ഷത്തിന് ശേഷം, 2023ന്റെ അവസാനം മുതൽ രാഖിനെ പ്രവിശ്യയില്‍ മ്യാന്‍മര്‍ സൈന്യവും “അരാക്കാന്‍ ആര്‍മി’ എന്ന ബുദ്ധവിമത ഗ്രൂപ്പും തമ്മില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയിരുന്നു. മുസ്‌ലിംകൾക്കെതിരെ കൈകോര്‍ത്ത സൈന്യവും അരാക്കാന്‍ ആര്‍മിയും ഇപ്പോള്‍ പരസ്പരം പോരടിക്കുകയാണ്.
റോഹിംഗ്യന്‍ മുസ്‌ലിംകളെ അക്ഷരാര്‍ഥത്തില്‍ രാഷ്ട്രരഹിതരാക്കിയ 1982ലെ പൗരത്വ നിയമം മ്യാന്‍മറില്‍ അതേപടി നില്‍ക്കുകയാണ്. ഈ നിയമം മാറ്റിയെഴുതാന്‍ യു എന്നും അന്താരാഷ്ട്ര സമൂഹവും സമ്മര്‍ദം ചെലുത്തിയിട്ടും ബുദ്ധ ഭൂരിപക്ഷത്തിന്റെ ചൊല്‍പ്പടിക്കുനിന്ന സൂകിയോ പട്ടാള ഭരണകൂടമോ തയ്യാറായില്ല. റോഹിംഗ്യന്‍ ഭാഷ പോലും ഔദ്യോഗിക അംഗീകാരത്തില്‍ നിന്ന് പുറത്തായി.
വെറുപ്പ് സൃഷ്ടിക്കല്‍, ഒറ്റപ്പെടുത്തലും അകറ്റിനിര്‍ത്തലും, ക്രമാനുഗതമായ ക്ഷയിപ്പിക്കല്‍, കൂട്ട ഉന്‍മൂലനം, ചരിത്രത്തില്‍ നിന്നുള്ള ഉന്‍മൂലനം തുടങ്ങി എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായ വംശഹത്യയാണ് റോഹിംഗ്യകള്‍ അനുഭവിച്ചത് (ഡാനിയല്‍ ഫിയര്‍സ്റ്റീന്‍). ഒരു കരയും സ്വീകരിക്കാത്ത “തോണി മനുഷ്യരാ’ണവർ.




