First Gear
ഇന്ത്യയില്‍ 20,000 വാഹനങ്ങള്‍ നിരത്തിലിറക്കി ബി വൈ ഡി; ഒരു വര്‍ഷത്തിനിടെ വില്‍പ്പന ഇരട്ടിയാക്കി
2025 സെപ്റ്റംബറിലാണ് കമ്പനി 10,000 ഡെലിവറികള്‍ എന്ന നേട്ടം പ്രഖ്യാപിച്ചിരുന്നത്
ന്യൂഡല്‍ഹി | പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബി വൈ ഡി ഇന്ത്യയില്‍ 20,000 ഉപഭോക്തൃ ഡെലിവറികള്‍ പൂര്‍ത്തിയാക്കി. 2025 സെപ്റ്റംബറിലാണ് കമ്പനി 10,000 ഡെലിവറികള്‍ എന്ന നേട്ടം പ്രഖ്യാപിച്ചിരുന്നത്. വെറും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ നേട്ടം ഇരട്ടിയാക്കാന്‍ കമ്പനിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായ വളര്‍ച്ചയെയാണ്.
ഡല്‍ഹിയിലെ പി പി എസ് ബി വൈ ഡിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബി വൈ ഡി ഇന്ത്യ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റും തലവനുമായ രാജീവ് ചൗഹാന്‍, വൈസ് പ്രസിഡന്റും നാഷണല്‍ സെയില്‍സ് തലവനുമായ ശ്രീരംഗ് ജോഷി എന്നിവര്‍ ചേര്‍ന്ന് ഇരുപതിനായിരാമത്തെ വാഹനം ഉടമയ്ക്ക് കൈമാറി.
നിലവില്‍ ഇ മാക്‌സ് 7 എം പി വി, ആറ്റോ 3, സീലിയോണ്‍ 7, സീല്‍ എന്നിവയാണ് ബി വൈ ഡിയുടെ ഇന്ത്യന്‍ നിരയിലുള്ളത്. ഇവക്ക് പുറമെ ലക്ഷ്വറി വിഭാഗത്തിലേക്ക് ഡെന്‍സ ഡി9 എം പി വി, ഡെന്‍സ ഇസഡ്9 ജി ടി എന്നിവയും കമ്പനി എത്തിച്ചിട്ടുണ്ട്. കമ്പനി നേരത്തെ പ്രദര്‍ശിപ്പിച്ച ഡി എം ഐ പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ സീല്‍ യു എസ് യു വിയിലൂടെ 2027ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ മോഡലുകളില്‍ ആറ്റോ 3 ഇതിനകം 9,000 ഡെലിവറികളും സീലിയോണ്‍ 7 മോഡല്‍ 5,000 ഡെലിവറികളും പിന്നിട്ടതായി ബി വൈ ഡി ഇന്ത്യ നാഷണല്‍ സെയില്‍സ് ഹെഡ് ശ്രീരംഗ് ജോഷി അറിയിച്ചു. ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുകയും, കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനൊപ്പം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കാനും ഉടമസ്ഥതാ അനുഭവം മെച്ചപ്പെടുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ശ്രീരംഗ് വ്യക്തമാക്കി.
s



