Connect with us

Ongoing News

കൊച്ചിയെ അട്ടിമറിച്ച് കണ്ണൂര്‍ വാരിയേഴ്സ്

സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനല്‍ യോഗ്യത പോരാട്ടം കടുക്കും

Published

|

Last Updated

കൊച്ചി | സൂപ്പര്‍ ലീഗ് കേരളയില്‍ നിര്‍ണായക മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ചു. ഇതോടെ സെമി ഫൈനല്‍ യോഗ്യത പോരാട്ടം കടുക്കും. മത്സരത്തിന്റെ 90 ാം മിനുട്ടില്‍ ജോബിന്‍ ജോസഫിന്റെ വകയായിരുന്നു ഗോള്‍. ഇതോടെ ഫോഴ്സ കൊച്ചിക്ക് സെമി ഫൈനല്‍ യോഗ്യത നേടാന്‍ അവസാന മത്സരം വരെ കാത്തിരിക്കണം. കണ്ണൂര്‍ വാരിയേഴ്സും സെമി ഫൈനല്‍ യോഗ്യത സാധ്യത നിലനിര്‍ത്തി.

അവസാന മത്സരം പരാജയപ്പെട്ട ഇരുടീമിലും മാറ്റങ്ങള്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ വാരിയേഴ്സില്‍ ഗോള്‍ കീപ്പര്‍ ഹജ്മലിന് പകരം പ്രതീക് കുമാര്‍ സിംങ് എത്തി. പ്രതിരോധ നിരയില്‍ എസ് മനോജ്, സച്ചിന്‍ സുനില്‍ എന്നിവര്‍ക്ക് പകരം മുഹമ്മദ് മുഷ്റഫും ജോബിന്‍ ജോസഫുമെത്തി. മധ്യനിരയില്‍ ഉമശങ്കറിന് മാറ്റി ക്രേയ്ഗ് ഇലവനില്‍ ഇടംപിടിച്ചു. ഫോഴ്സ കൊച്ചിയിലും മാറ്റങ്ങളുണ്ടായിരുന്നു. അജയ് അലക്സ്, രാഘവ് ഗുപ്ത, ജേയ്മി ജോയ് എന്നിവര്‍ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ പെരേര, സല്‍മാന്‍ ഫാരിസ്, ദേബ്ജിത്ത് എന്നിവര്‍ പുറത്തിരുന്നു.

ആദ്യ പകുതി
മത്സരം തുടക്കം മുതല്‍ തന്നെ ഇരുടീമുകളും പതുക്കെയാണ് ആരംഭിച്ചത്. ഫോഴ്സ കൊച്ചി വലത് വിങ്ങ് കേന്ദ്രീകരിച്ച് നിഥിന്‍ മുധുവിനെയും രാഹുല്‍ രാജുവിനെയും മുന്‍ നിര്‍ത്ത് അറ്റാക്കിംങിന് ശ്രമം നടത്തി. കൗണ്ടര്‍ അറ്റാക്കിംങ് ആയിരുന്നു കണ്ണൂരിന്റെ തുറുപ്പ്. ഇടത് വിങ്ങില്‍ മുഹമ്മദ് ഷാഫി കണ്ണൂരിന്റെ ആക്രമണത്തിന് നേതൃത്വം വഹിച്ചു. ഷാഫിയുടെ ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഫോഴ്സ ബോക്സിലേക്ക് പന്ത് എത്തിച്ചു. 45 ാം മിനുട്ടില്‍ കണ്ണൂര്‍ താരം അബ്ദു റഹീം കോര്‍ണറില്‍ നിന്ന് ലഭിച്ച് പന്ത് 40 വാര അകലെ വച്ച് ഉഗ്രന്‍ ലോങ് ഷോട്ടിന് ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. 47 ാം മിനുട്ടില്‍ ഫോഴ്സ താരം പൗലോ എന്റിക്വേ നല്‍കിയ ക്രോസ് ഹര്‍ഷല്‍ റഹ്മാന്‍ ഉയര്‍ന്നു ചാടി ഹെഡിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതി
51 ാം മിനുട്ടില്‍ കൊച്ചിക്ക് രണ്ടാം പകുതിയിലെ ആദ്യ അവസരം ലഭിച്ചു. ഇടത് വിങ്ങിലൂടെ മുന്നേറി ഹര്‍ഷല്‍ നല്‍കിയ ക്രോസ് എന്റിക്വേ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കണ്ണൂര്‍ പ്രതിരോധ താരം വാരോ അല്‍വാരോ ബ്ലോക്ക് ചെയ്തു. 65 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണ്ണാവസരം ലഭിച്ചു. വലത് വിങ്ങില്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഓടി സ്വീകരിച്ച മുഹമ്മദ് സിനാന്‍ കൃത്യമായി ക്രോസ് നല്‍കിയെങ്കിലും ഗോളെന്ന അവസരം കണ്ണൂര്‍ സ്ട്രൈക്കര്‍ ബോഗ്ദാന്‍ സ്റ്റമെന്‍ക്കോവിച്ച് നഷ്ടപ്പെടുത്തി.

ഹെഡ് ചെയ്ത പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ല. 87 ാം മിനുട്ടില്‍ കണ്ണൂരിന് വീണ്ടും അവസരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് ഇടത് കാലുകൊണ്ട് പ്രഗ്യാന്‍ ഗെഗോയ് നല്‍കിയ ക്രോസ് ബോഗ്ദാന്‍ ഹെഡ് ചെയ്തെങ്കിലും പുറത്തേക്ക് പോയി. ബോഗ്ദാന് രണ്ടാം അവസരം. 90 ാം മിനുട്ടില്‍ കണ്ണൂര്‍ ലീഡ് നേടി. ജോബിന്‍ ജോസഫിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് എടുത്ത പ്രഗ്യാന്‍ ഗെഗോയ് ഉയര്‍ത്തി ബോക്സിലേക്ക് നല്‍കി. കൊച്ചി ഗോള്‍ കീപ്പര്‍ പന്ത് പഞ്ച് ചെയ്ത് അകറ്റാന്‍ ശ്രമിച്ചെങ്കിലും ഉയര്‍ന്നു ചാടി ജോബിന്റെ ഹെഡര്‍ ഗോളായി മാറി.

 

---- facebook comment plugin here -----

Latest