International
അനധികൃത ഇസ്റാഈലി കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ യു കെ, ആസ്ത്രേലിയ ഉപരോധങ്ങള്‍: സ്വാഗതം ചെയ്ത് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍
അധിനിവേശ കിഴക്കന്‍ ജറുസലേമിന് കിഴക്കുള്ള വിവാദമായ 'ഇ-വണ്‍ കുടിയേറ്റ പദ്ധതി ഉള്‍പ്പെടെയുള്ള ഇസ്റാഈലിന്റെ എല്ലാ കുടിയേറ്റ നയങ്ങളെയും ശക്തമായി അപലപിച്ചു
റിയാദ്/കൈറോ | അധിനിവേശ വെസ്റ്റ് ബേങ്കിലെ അനധികൃത ഇസ്റാഈലി കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ബ്രിട്ടനും ആസ്ത്രേലിയയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് 16 അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍.
സഊദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, ഖത്വര്‍, യു എ ഇ, കുവൈത്ത്, ഒമാന്‍, ഫലസ്തീന്, തുര്‍ക്കി, പാകിസ്താന്, ഇന്തോനേഷ്യ, അള്‍ജീരിയ, ലിബിയ, മാലിദ്വീപ്, നൈജര്‍, സൊമാലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. നടപടികളെ അറബ് പാര്‍ലിമെന്റും സ്വാഗതം ചെയ്തു.
വെസ്റ്റ് ബേങ്കില്‍ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്ന എട്ട് ഇസ്റാഈലി നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ആസ്തികള്‍ മരവിപ്പിച്ചും ഡയറക്ടര്‍മാരെ അയോഗ്യരാക്കിയും നവംബര്‍ 17-നാണ് ബ്രിട്ടന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ, ഗസയിലേക്കുള്ള മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്ന തീവ്രവാദി സംഘടനയായ ‘സാവ് 9’ നെതിരെയും ബ്രിട്ടന് നടപടിയെടുത്തു. കുടിയേറ്റ വ്യാപനത്തിനും ഫലസ്തീനികള്‍ക്കെതിരായ അക്രമങ്ങള്‍ക്കും നേതൃത്വം നല്കുന്ന നാല് സംഘടനകള്‍ക്കുമെതിരെ ആസ്ത്രേലിയയും ഉപരോധവും യാത്രാവിലക്കും പ്രഖ്യാപിച്ചു.
അധിനിവേശ കിഴക്കന്‍ ജറുസലേമിന് കിഴക്കുള്ള വിവാദമായ ‘ഇ-വണ്‍ കുടിയേറ്റ പദ്ധതി ഉള്‍പ്പെടെയുള്ള ഇസ്റാഈലിന്റെ എല്ലാ കുടിയേറ്റ നയങ്ങളെയും മന്ത്രിമാര്‍ ശക്തമായി അപലപിച്ചു. ഭാവിയില്‍ ഒരു സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം നിലവില്‍ വരുന്നത് അസാധ്യമാക്കുന്ന രീതിയില്‍ വെസ്റ്റ് ബേങ്കിനെ രണ്ടായി വിഭജിക്കുന്നതാണ് ഈ പദ്ധതി. യു കെയുടെയും ആസ്ത്രേലിയയുടെയും നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും, യു എന്‍ രക്ഷാസമിതി പ്രമേയം 2334-നും, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ഉപദേശക അഭിപ്രായത്തിനും അനുസൃതമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മറ്റ് ലോകരാജ്യങ്ങളും സമാനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുന്നോട്ട് വരണമെന്ന് മന്ത്രിമാര്‍ ആഹ്വാനം ചെയ്തു.
ഗസയിലെ ഇസ്റാഈലിന്റെ സൈനിക നടപടികളെ അപലപിച്ച മന്ത്രിമാര്‍, ഗസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചതും യു എന്‍ അംഗീകരിച്ചതുമായ സമഗ്ര സമാധാന പദ്ധതി ഉടനടി പൂര്‍ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
Content Highlights: Arab and Islamic nations have welcomed the decision by the UK and Australia to impose sanctions against illegal Israeli settlements. The countries praised this diplomatic step as a vital measure toward upholding international law. They also urged other global powers to take similar decisive actions.




