National
വിവാഹിതരല്ലാത്ത ദമ്പതികളുടെ കുട്ടിയുടെ സംരക്ഷണാവകാശം: അമ്മയ്ക്കാണ് പ്രഥമ പരിഗണനയെന്ന് സുപ്രീം കോടതി
നാല് വയസ്സുള്ള കുട്ടിയുടെ ഇടക്കാല സംരക്ഷണം ജര്‍മ്മന്‍ സ്വദേശിയായ അമ്മയ്ക്ക് അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം
ന്യൂഡല്‍ഹി | വിവാഹിതരല്ലാത്ത ദമ്പതികള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ സംരക്ഷണാവകാശത്തില്‍ പിതാവിനേക്കാള്‍ മുന്‍ഗണന അമ്മയ്ക്കെന്ന് സുപ്രീം കോടതി. ഇത്തരം തര്‍ക്കങ്ങളില്‍ മറ്റൊരു വിധത്തില്‍ തെളിയിക്കപ്പെടാത്ത പക്ഷം കുട്ടിയുടെ സംരക്ഷണം അമ്മയ്ക്ക് നല്‍കുന്നതിനാണ് നിയമത്തില്‍ മുന്‍ഗണനയെന്ന് ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നാല് വയസ്സുള്ള കുട്ടിയുടെ ഇടക്കാല സംരക്ഷണം ജര്‍മ്മന്‍ സ്വദേശിയായ അമ്മയ്ക്ക് അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന അമ്മ, കുട്ടിയുടെ വിദ്യാഭ്യാസത്തിനായി അവിടെ കൊണ്ടുപോകാന്‍ അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കുട്ടിയെ ഇന്ത്യയില്‍ തന്നെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പൗരനായ പിതാവ് ഇതിനെ എതിര്‍ത്തു.
ഇന്ത്യന്‍ നിയമങ്ങളും അന്താരാഷ്ട്ര നീതിന്യായ തത്വങ്ങളും അവിവാഹിതരായ അമ്മമാര്‍ക്ക് മുന്‍ഗണനാപരമായ പദവി നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 1956ലെ ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്റ്റിലെ സെക്ഷന്‍ 6(ബി), മുസ്ലിം വ്യക്തിനിയമം, യു കെ ചില്‍ഡ്രന്‍സ് ആക്ട് (1989), ഇന്ത്യന്‍ സക്സഷന്‍ ആക്ട് എന്നിവ ഇതിന് ഉദാഹരണമായി കോടതി എടുത്തുപറഞ്ഞു. എങ്കിലും രക്ഷിതാക്കളുടെ നിയമപരമായ അവകാശങ്ങളേക്കാള്‍ കുട്ടിയുടെ ക്ഷേമത്തിനും ഭാവിക്കുമാണ് സംരക്ഷണതര്ക്കങ്ങളില് പരമപ്രധാന പരിഗണന നല്‍കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
സിംഗപ്പൂരില്‍ കുട്ടിയുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും കൃത്യമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. പിതാവിന്റെ ജോലിത്തിരക്കുകള്‍ മൂലം കുട്ടി ബന്ധുക്കളെയോ ആയമാരെയോ കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്നതും അമ്മയ്ക്കുള്ള ഇടക്കാല ആശ്വാസത്തിന് കാരണമായി. ഏഴ് ദിവസത്തില്‍ കൂടുതല്‍ വരുന്ന സ്കൂള്‍ അവധിക്കാലങ്ങളില്‍ കുട്ടിയെ ഇന്ത്യയിലെത്തിച്ച് പിതാവിനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ അനുവദിക്കുക, ഭാഷ, ഭക്ഷണം, സാമൂഹിക ഇടപെടലുകള്‍ എന്നിവയിലൂടെ കുട്ടിയുടെ ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ അമ്മ ശ്രദ്ധിക്കുക, പിതാവിനെതിരെ കുട്ടിയുടെ മനസ്സ് തിരിയാതിരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ മാനസിക പരിശോധനകള്‍ നടത്തണം തുടങ്ങി പിതാവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കോടതി കര്‍ശന ഉപാധികള്‍ വെച്ചിട്ടുണ്ട്.




