Achievements
തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ വികസനം അനിവാര്യം: മേയര്‍ ഒ സദാശിവന്
മര്‍കസ് ഐ ടി ഐയില്‍ എന്‍ സി വി ടി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേയര്‍.
മര്‍കസ് ഐ ടി ഐ ബിരുദദാന ചടങ്ങ് കോഴിക്കോട് കോര്പറേഷന് മേയര്‍ ഒ സദാശിവന് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | തൊഴിലില്ലായ്മ വെല്ലുവിളിയാകുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുന്ന പരിശീലന പദ്ധതികള്‍ അത്യന്താപേക്ഷിതമാണെന്ന് കോഴിക്കോട് കോര്പറേഷന് മേയര്‍ ഒ സദാശിവന്. പഠനത്തോടൊപ്പം തൊഴില്‍ മേഖലയിലെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം നവീകരിക്കാനും നൈപുണ്യ വികസനം ആര്‍ജിച്ചെടുക്കാനും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ഐ ടി ഐയില്‍ എന്‍ സി വി ടി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേയര്‍.
മെക്കാനിക്കല്‍ ഡീസല്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍ തുടങ്ങിയ ട്രേഡുകളില്‍ പഠനം പൂര്‍ത്തിയാക്കിയ എഴുപത് വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പരിശീലനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലേസ്മെന്റ് ഉറപ്പാക്കാന്‍ സാധിച്ചത് സ്ഥാപനത്തിന് അഭിമാനകരമായി. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ഇവര്‍ ഇതിനോടകം തൊഴില്‍ നേടിക്കഴിഞ്ഞു.
മര്‍കസ് ഐ ടി ഐ ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ബിരുദദാന സന്ദേശം നല്കി. വിവിധ ട്രേഡുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പ്രത്യേകം ആദരിച്ചു.
മര്‍കസ് വര്‍ക്സ് അസോസിയേറ്റ് ഡയറക്ടര്‍ പി മുഹമ്മദ് യൂസുഫ്, ഫിനാന്‍സ് ജോയിന്റ് ഡയറക്ടര്‍ അഡ്വ. മുഹമ്മദ് ശരീഫ്, ഹയര്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ അക്ബര്‍ ബാദുഷ സഖാഫി, ഐ ടി ഐ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന് കുട്ടി, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുല്‍ ജലീല്‍, ഇബ്രാഹിം, പി സി ഷറഫുദ്ദീന് ചടങ്ങില്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ വി കെ ഇറാഷ് നന്ദിയും പറഞ്ഞു.
Content Highlights: Kozhikode Mayor O Sadasivan stated that skill development is essential to keep pace with rapid changes in the employment sector. Adapting to modern industry demands ensures better career opportunities for youth. Continuous upskilling remains key to workforce success.




