Connect with us

National

വോട്ടര്‍ ഐ ഡി പൗരത്വത്തിനുള്ള തെളിവല്ല: ഗുവാഹത്തി ഹൈക്കോടതി

അസമില്‍ നിന്നുള്ള ഒരു സ്ത്രീയെ വിദേശിയായി പ്രഖ്യാപിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫുക്കന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ണായക നിരീക്ഷണം നടത്തിയത്

Published

|

Last Updated

ഗുവാഹത്തി | വോട്ടര്‍ ഐ ഡി കാര്‍ഡുകള്‍ ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. അസമില്‍ നിന്നുള്ള ഒരു സ്ത്രീയെ വിദേശിയായി പ്രഖ്യാപിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫുക്കന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ണായക നിരീക്ഷണം നടത്തിയത്. 1971 മാര്‍ച്ച് 25നൊ അതിനുശേഷമോ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന വിദേശിയാണ് ഹര്‍ജിക്കാരിയെന്ന് 2022ലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കണ്ടെത്തലിനെതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളി.

പൗരത്വവും കുടുംബ പരമ്പരയും തെളിയിക്കുന്നതിനായി 1951ലെ എന്‍ ആര്‍ സി രേഖ, 1970, 1985, 1997 വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകള്‍, പ്രാദേശിക ഗ്രാമത്തലവനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നല്‍കിയ സാക്ഷ്യപത്രങ്ങള്‍ എന്നിവയാണ് ഹര്‍ജിക്കാരി കോടതിയില്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരി സമര്‍പ്പിച്ച വോട്ടര്‍ പട്ടികകള്‍ക്ക് അവരുടെ മാതാപിതാക്കളുമായും മുത്തശ്ശനുമായും വിശ്വസനീയമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രേഖകളില്‍ പേര്, പ്രായം എന്നിവയില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ബെഞ്ച് കണ്ടെത്തി. 1951ലെ എന്‍ ആര്‍ സിയില്‍ മുത്തശ്ശന്റെ പേര് ദുഖിയ എസ് കെ എന്നും 1970ലെ വോട്ടര്‍ പട്ടികയില്‍ ദോയില മുന്‍ഷി എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇവ രണ്ടും ഒരാള്‍ തന്നെയാണെന്ന ഹര്‍ജിക്കാരിയുടെ വാദം തള്ളിയ കോടതി, ഒരേ വോട്ടര്‍ പട്ടികയില്‍ തന്നെ ഈ രണ്ടു പേരുകള്‍ എങ്ങനെ വന്നെന്ന് ചോദിച്ചു. ഹര്‍ജിക്കാരിയുടെ പിതാവിന്റെ പേര് 1985ലെ പട്ടികയില്‍ മത്ലബ് എന്നും 1997ല്‍ അബ്ദുള്‍ മത്ലബ് എന്നുമാണ് കാണിച്ചിരുന്നത്.

പൗരത്വം തെളിയിക്കുന്നതിന് രാജ്യത്ത് തുടര്‍ച്ചയായി താമസിച്ചിരുന്നു എന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഗ്രാമത്തലവനും നല്‍കിയ സര്‍ട്ടിഫിക്കറ്റുകളെ സാധൂകരിക്കുന്ന മറ്റ് വിശ്വസനീയമായ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 1946ലെ ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷന്‍ 9 പ്രകാരം പൗരത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഹര്‍ജിക്കാരിക്ക് സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി, റിട്ട് ഹര്‍ജി തള്ളുകയും 2023 ഒക്ടോബര്‍ 11ന് അവര്‍ക്ക് അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.

 

Content Highlights: The Gauhati High Court ruled that Voter ID cards do not prove Indian citizenship. Upholding a Foreigners Tribunal order against an Assam woman, the bench cited major name and age discrepancies in her submitted NRC and voter list documents. The court dismissed her petition and cancelled her interim bail.
---- facebook comment plugin here -----

Latest