Connect with us

International

തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍; യു എസ് ദേശീയ സൈബര്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് പുറത്ത്

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (NSA), എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം, ചില ബേങ്കുകള്‍ എന്നിവയെ ബാധിച്ച തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ക്ക് പിന്നാലെയാണ്

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് ദേശീയ സൈബര്‍ ഡയറക്ടര്‍ ഷോണ്‍ കെയിന്‍ക്രോസിനെ പദവിയില്‍ നിന്ന് നീക്കി. 2025 ആഗസ്റ്റ് മുതല്‍ സൈബര്‍ ഡയറക്ടര്‍ പദവിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കെയിന്‍ക്രോസിനെ പുറത്താക്കിയതെന്ന് ബി ബി സിയുടെ യു എസ് വാര്‍ത്താ പങ്കാളിയായ സി ബി എസ് റിപോര്‍ട്ട് ചെയ്തു. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (NSA), എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം, ചില ബേങ്കുകള്‍ എന്നിവയെ ബാധിച്ച തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ക്ക് പിന്നാലെയാണ് യു എസ് സര്‍ക്കാറിലെ ഉന്നത സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥാനത്ത് നിന്ന് പുറത്താകുന്നത്.

പ്രതിരോധ വകുപ്പിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിര്‍സ്റ്റണ്‍ ഡേവിസ് പുതിയ നാഷണല്‍ സൈബര്‍ ഡയറക്ടറായി ചുമതലയേല്‍ക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ‘എക്‌സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. കെയിന്‍ക്രോസിനെ പുറത്താക്കിയെന്നും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് നടപടിയെന്നും എ എഫ് പി വാര്‍ത്താ ഏജന്‍സിയും റിപോര്‍ട്ട് ചെയ്തു. മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സുരക്ഷാ വീഴ്ചകള്‍ (vulnerabilities) കണ്ടെത്താന്‍, പ്രധാനമായും യുഎസ് കമ്പനികള്‍ വികസിപ്പിച്ചെടുത്ത നൂതന എ ഐ (AI) മോഡലുകള്‍ക്ക് ശേഷിയുണ്ടെന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ ആശങ്കകള്‍ക്കിടയിലാണ് മാറ്റം.

റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ആകുന്നതിന് മുമ്പ്, റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് കെയിന്‍ക്രോസ്. ഒന്നാം ട്രംപ് ഭരണകൂടത്തില്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റെ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ച കെയിന്‍ക്രോസ്, 2025 ആഗസ്റ്റില്‍ വീണ്ടും സര്‍ക്കാര്‍ സര്‍വീസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

അതേസമയം, കെയിന്‍ക്രോസിനെ നീക്കിയ കാര്യം വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: The US National Cyber Director was removed following repeated technical glitches. The exit highlights growing strain over federal cybersecurity readiness. Leadership changes now draw scrutiny across security circles.

Latest