Connect with us

Ongoing News

എ ഐ മനുഷ്യന്റെ സര്‍ഗാത്മകതയെ തളര്‍ത്തുന്നുവെന്ന് പഠനം

നിര്‍മ്മിതബുദ്ധിയുടെ അമിത ഉപയോഗം മനുഷ്യന്റെ ഭാവനയെയും മൗലിക ചിന്തകളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സാങ്കേതികവിദ്യയുടെ കടന്നുവരവ് മനുഷ്യന്റെ ചിന്താശേഷിയെയും സര്‍ഗാത്മകതയെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനം. ചാറ്റ് ജി പി ടി പുറത്തിറങ്ങിയ 2022ന് മുമ്പും ശേഷവുമുള്ള 3,70,000 കോളേജ് പ്രവേശന ഉപന്യാസങ്ങള്‍ പരിശോധിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

2022ന് ശേഷം സമര്‍പ്പിക്കപ്പെട്ട ഉപന്യാസങ്ങളില്‍ ഭാഷാപരമായ ഭംഗിയും ആകര്‍ഷകതയും കൂടുതലായിരുന്നുവെങ്കിലും അവ മുന്നോട്ടുവെച്ച ആശയങ്ങളില്‍ സര്‍ഗാത്മകത കുറവായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ അമിത ഉപയോഗം മനുഷ്യന്റെ ഭാവനയെയും മൗലിക ചിന്തകളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

നേരത്തെ മനുഷ്യര്‍ സ്വന്തം ദിശാബോധം ഉപയോഗിച്ച് സഞ്ചരിച്ചിരുന്നിടത്ത് ജി പി എസ് വന്നതോടെ ആ കഴിവ് നഷ്ടപ്പെട്ടു. അതുപോലെതന്നെ എ ഐയുടെ വരവോടെ മനുഷ്യന്റെ പൊതുവായ വൈജ്ഞാനിക ശേഷികള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ന്യൂറോ സയന്റിസ്റ്റായ ആദം ഗ്രാന്റ് പറയുന്നു. വിവരങ്ങള്‍ തിരയാന്‍ ഗൂഗിളിനെ ആശ്രയിച്ചിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യന് വേണ്ടി സ്വയം എഴുതുന്നതിലേക്ക് എ ഐ വളര്‍ന്നു കഴിഞ്ഞു. ആശംസാ കാര്‍ഡുകള്‍ മുതല്‍ ലേഖനങ്ങളും പ്രണയകവിതകളും വരെ സ്വന്തമായി ചിന്തിക്കാതെ ആളുകള്‍ നിര്‍മ്മിതബുദ്ധിയെക്കൊണ്ട് എഴുതിക്കുന്നു.

മനുഷ്യന്റെ ആന്തരിക ബോധത്തെയും ഭാവനാശേഷിയെയും പൂര്‍ണ്ണമായും കീഴടക്കാന്‍ എ ഐക്ക് കഴിയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മെഷീനുകള്‍ക്ക് സാങ്കേതികമായി ഏത് വലിയ കാര്യവും രൂപകല്‍പ്പന ചെയ്യാനാകുന്നത് കമാന്‍ഡുകള്‍ക്കുള്ള മറുപടിയായാണ്. മനുഷ്യരെപ്പോലെ സ്വന്തം ഉള്ളില്‍നിന്നുള്ള പ്രേരണയാലല്ല. ബോധപൂര്‍വ്വമായ അനുഭവങ്ങള്‍ യന്ത്രങ്ങള്‍ക്കില്ലാത്തതിനാല്‍ ഭാവിയെ സങ്കല്‍പ്പിക്കാനുള്ള മനുഷ്യന്റെ ശേഷി തന്നെയാണ് നിര്‍മ്മിതബുദ്ധിയുടെ കാലത്തും നമ്മുടെ കരുത്ത്.

Content Highlights: A study analyzing 370,000 college admission essays reveals that AI usage lowers human creativity. While post-2022 essays showed better language polish, they lacked original ideas. Experts warn overreliance on AI weakens cognitive skills, though true human imagination remains irreplaceable.
---- facebook comment plugin here -----

Latest