Ongoing News
മാറുന്ന ആഗോള ഊര്‍ജ്ജ ഭൂപടം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം എണ്ണ വിപണിയില്‍ സൃഷ്ടിക്കുന്നത് ദൂരവ്യാപക മാറ്റം
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹരിത ഊര്‍ജ്ജത്തിലേക്കുള്ള ലോകത്തിന്റെ യാത്രയ്ക്ക് ഈ പ്രതിസന്ധി വലിയ വേഗതയാണ് നല്‍കിയിരിക്കുന്നത്.
ദമാം | ആഗോള ഊര്‍ജ്ജ വിപണി ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവില്‍. മിഡില്‍ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ലോകത്തിന്റെ എണ്ണ-വാതക വിതരണ ശൃംഖലയെ അടിമുടി ഉലച്ചിരിക്കുകയാണ്.
യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ആഗോള ഊര്‍ജ്ജ മേഖല ഇനി ഒരിക്കലും തിരിച്ചുപോകില്ല എന്നാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള് ചൂണ്ടിക്കാട്ടുന്നത്. വേള്‍ഡ് എനര്‍ജി ഔട്ട്ലുക്ക് 2026 ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2035-ഓടെ ആഗോള എണ്ണ ആവശ്യകതയില്‍ നാലു ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ താല്‍ക്കാലികമായി മാറിയാലും ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടാക്കിയ മാറ്റങ്ങള്‍ ശാശ്വതമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി മേഖലയായി മിഡില്‍ ഈസ്റ്റ് തുടരുമ്പോഴും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹരിത ഊര്‍ജ്ജത്തിലേക്കുള്ള ലോകത്തിന്റെ യാത്രയ്ക്ക് ഈ പ്രതിസന്ധി വലിയ വേഗതയാണ് നല്‍കിയിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ നഷ്ടം
ലോകത്തിലെ ആകെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടുത്തെ തടസ്സങ്ങള്‍ കാരണം 2026 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം 2.8 ബില്യണ്‍ ബാരല്‍ എണ്ണയുടെയും 60 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകത്തിന്റെയും കുറവുണ്ടായി. 2026-ല്‍ ആഗോള എണ്ണ വിതരണം പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ കുറഞ്ഞ് ശരാശരി 100.7 ദശലക്ഷം ബാരലായി താഴുമെന്നാണ് വിലയിരുത്തല്‍. 2020-ലെ കോവിഡ് കാലത്തിന് ശേഷം ആദ്യമായി ആഗോള എണ്ണ ഉപഭോഗത്തിലും ഈ വര്‍ഷം പ്രതിദിനം 2.7 ദശലക്ഷം ബാരലിന്റെ ഇടിവുണ്ടാകുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിതരണം പൂര്‍ണ്ണമായി സാധാരണ നിലയിലാകാന്‍ 2027 വരെ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏഷ്യന്‍ രാജ്യങ്ങളുടെ ആശങ്കയും പുതിയ തന്ത്രങ്ങളും
ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഏഷ്യന്‍ രാജ്യങ്ങളെയാണ്. പ്രതിസന്ധിക്ക് മുമ്പ് ഇതുവഴി കടന്നുപോയിരുന്ന എണ്ണയുടെ 80 ശതമാനവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ 90 ശതമാനവും ഏഷ്യന്‍ വിപണികളിലേക്കായിരുന്നു. ലോകജനസംഖ്യയുടെ പകുതിയിലധികം പേര് തങ്ങളുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 30 ശതമാനത്തിലധികം ഈ കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത്.
ഈ പ്രതിസന്ധി മറികടക്കാന്‍ ഉത്പാദകരും ഉപഭോക്താക്കളും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു തുടങ്ങി.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സഊദി അറേബ്യയും ജപ്പാനും തമ്മിലുണ്ടാക്കിയ കരാര്‍. ജപ്പാനില്‍ സഊദി അറേബ്യയ്ക്ക് 16 ദശലക്ഷം ബാരല്‍ അധിക എണ്ണ സംഭരണ ശേഷി നല്‍കാനും ജപ്പാന് 8 ദശലക്ഷം ബാരല്‍ സഊദി എണ്ണ വാങ്ങാനും തീരുമാനിച്ചത് ഏഷ്യന്‍ വിപണിയിലേക്കുള്ള വിതരണം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ്. ഇതിനുപുറമെ, ഐ ഇ എയുടെ നേതൃത്വത്തില്‍ അടിയന്തര എണ്ണ ശേഖരം വിട്ടുനല്‍കിയും പൈപ്പ്ലൈനുകള് വഴി എണ്ണ തിരിച്ചുവിട്ടും അമേരിക്ക, ബ്രസീല്‍, കാനഡ, ഗയാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ചുമാണ് വിപണിയിലെ വന്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത്.
ബദല്‍ ഊര്‍ജ്ജത്തിലേക്കുള്ള അതിവേഗ മാറ്റം
ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് അപകടമാണെന്ന തിരിച്ചറിവ് ലോകരാജ്യങ്ങളെ വൈദ്യുതീകരണത്തിലേക്കും (ഋഹലരൃേശളശരമശേീി) ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളിലേക്കും അതിവേഗം അടുപ്പിക്കുകയാണ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ നടപടികള്‍ കടുപ്പിച്ചാല്‍ 2035-ഓടെ ആഗോള എണ്ണ ആവശ്യകത പ്രതിദിനം 97 ദശലക്ഷം ബാരലായി ചുരുങ്ങും (നിലവിലെ നയങ്ങള്‍ തുടര്‍ന്നാല്‍ പ്രതീക്ഷിക്കുന്ന 101.4 ദശലക്ഷം ബാരലില്‍ നിന്ന് 4.4 ദശലക്ഷം ബാരലിന്റെ കുറവ്). 2050-ഓടെ ഇത് 85 ദശലക്ഷം ബാരലായി കുറയും.
ഇലക്ട്രിക് വാഹനങ്ങളുടെ (ഇ വി) വ്യാപനം മാത്രം 2035-ഓടെ പ്രതിദിനം 11 ദശലക്ഷത്തിലധികം ബാരല്‍ എണ്ണയ്ക്ക് പകരമാകും. ആകെ ഊര്‍ജ്ജ ഉപഭോഗത്തില്‍ വൈദ്യുതിയുടെ പങ്ക് 2025-ലെ 23 ശതമാനത്തില്‍ നിന്ന് 2035-ഓടെ 30 ശതമാനത്തിന് മുകളിലേക്ക് ഉയരും. ഇതിനൊപ്പം ആണവോര്‍ജ്ജ മേഖലയും വലിയ തിരിച്ചുവരവിന്റെ പാതയിലാണ്. 1970-കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍, അതായത് 90 ജിഗാവാട്ട് ശേഷിയുള്ള പുതിയ ആണവ നിലയങ്ങളുടെ നിര്‍മ്മാണം നിലവില്‍ ലോകത്ത് പുരോഗമിക്കുന്നുണ്ട്.
Content Highlights: Strait of Hormuz disruptions have permanently altered global energy markets, causing historic oil and gas supply losses in 2026. According to the IEA World Energy Outlook 2026, global oil demand will fall by over 4% by 2035 as countries rapidly transition toward electrification, EVs, and nuclear power



