Editors Pick
ശ്വാസകോശ അർബുദം: അവഗണിക്കരുത്, ഈ ആറ് ലക്ഷണങ്ങൾ!
ഏതാനും ആഴ്ചകൾക്ക് ശേഷവും മാറാതെ നിൽക്കുന്ന ശബ്ദമടപ്പോ ശബ്ദത്തിലെ മാറ്റമോ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം. സ്വനപേടകത്തെ നിയന്ത്രിക്കുന്ന റിക്കറന്റ് ലാറിഞ്ചിയൽ ഞരമ്പിൽ മുഴകൾ അമരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ലോകത്ത് അർബുദ മരണങ്ങൾക്ക് പ്രധാന കാരണമാകുന്നത് ശ്വാസകോശ അർബുദമാണ്. ശ്വാസകോശത്തിൽ അസാധാരണമായ കോശവളർച്ച ഉണ്ടാകുമ്പോഴാണ് ഈ രോഗം വികസിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അർബുദ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ (ഐ എ ആർ സി) കണക്കുകൾ പ്രകാരം 2022-ൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ പേർക്ക് പിടിപെട്ട അർബുദം ശ്വാസകോശ അർബുദമായിരുന്നു. ആകെ പുതിയ അർബുദ കേസുകളിൽ 12.4 ശതമാനമായ 25 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ അർബുദ മരണങ്ങളിൽ 18.7 ശതമാനമായ 18 ലക്ഷം മരണങ്ങൾക്കും ശ്വാസകോശ അർബുദം കാരണമായി. വൻകുടൽ അർബുദം, കരൾ അർബുദം, സ്തനാർബുദം, ആമാശയ അർബുദം എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
പുകവലിയാണ് ശ്വാസകോശ അർബുദത്തിനുള്ള പ്രധാന കാരണമെന്നും ഏകദേശം 85 ശതമാനം കേസുകൾക്കും ഇത് കാരണമാകുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മിക്ക കേസുകളിലും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് തിരിച്ചറിയപ്പെടുന്നത്. ഈ ഘട്ടത്തിൽ ചികിത്സാ സാധ്യതകൾ പരിമിതമായിരിക്കും. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഇതിന് കാരണം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തതും വളരെ സൂക്ഷ്മവുമായ ലക്ഷണങ്ങളാകാം തുടക്കത്തിൽ പ്രകടമാകുന്നത്. ഇവ നേരത്തെ തിരിച്ചറിയുന്നത് രോഗനിർണ്ണയത്തിനും ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ശ്വാസകോശ അർബുദത്തിന്റെ ആറ് അസാധാരണ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
വിരലുകളുടെ അറ്റം വീർക്കുക (ഫിംഗർ ക്ലബ്ബിംഗ്)
കൈവിരലുകളുടെയോ കാൽവിരലുകളുടെയോ അറ്റം വീർക്കുകയും നഖങ്ങൾ കമിഴ്ത്തിവെച്ച സ്പൂൺ പോലെ വളയുകയും ചെയ്യുന്ന അവസ്ഥയാണിത്. ശ്വാസകോശ മുഴകൾ വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുകയോ വാതക കൈമാറ്റത്തെ ബാധിക്കുകയോ ചെയ്യുന്നതിലൂടെ രക്തത്തിൽ ഓക്സിജന്റെ അളവ് ദീർഘകാലം കുറയുന്നതാണ് ഇതിന് കാരണം. നഖങ്ങൾക്ക് ചുറ്റുമുള്ള ചർമ്മം തിളക്കമുള്ളതും വലിഞ്ഞുമുറുകിയതുമായി കാണപ്പെടും. മുതിർന്നവരിൽ കാണപ്പെടുന്ന ഇത്തരം ലക്ഷണങ്ങളിൽ ഭൂരിഭാഗവും നോൺ-സ്മോൾ സെൽ ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള ശ്വാസകോശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദനയില്ലാതെ മാസങ്ങളെടുത്താണ് ഇത് വികസിക്കുന്നത്.
തോൾ അല്ലെങ്കിൽ കൈ വേദന
തോൾ, കൈയുടെ മുകൾഭാഗം, അല്ലെങ്കിൽ കൈത്തണ്ടയുടെ ഉൾഭാഗം എന്നിവിടങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന വേദന പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണമാകാം. കഴുത്തിന് സമീപം ശ്വാസകോശത്തിന്റെ മുകൾഭാഗത്ത് രൂപപ്പെടുന്ന അപൂർവ അർബുദമാണിത്. ഈ മുഴകൾ അടുത്തുള്ള ഞരമ്പുകൾ, വാരിയെല്ലുകൾ, കശേരുക്കൾ എന്നിവയിലേക്ക് വ്യാപിക്കുകയും സന്ധിവാതത്തിന് സമാനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. രാത്രിയിൽ വേദന കൂടുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഇത് തോളെല്ലിലേക്കോ മോതിരവിരലിലേക്കും ചെറുവിരലിലേക്കും വ്യാപിക്കാനും കൈകൾക്ക് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടാനും കാരണമാകും.
കാരണമില്ലാത്ത ശബ്ദമടപ്പ്
ഏതാനും ആഴ്ചകൾക്ക് ശേഷവും മാറാതെ നിൽക്കുന്ന ശബ്ദമടപ്പോ ശബ്ദത്തിലെ മാറ്റമോ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം. സ്വനപേടകത്തെ നിയന്ത്രിക്കുന്ന റിക്കറന്റ് ലാറിഞ്ചിയൽ ഞരമ്പിൽ മുഴകൾ അമരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശ്വാസകോശത്തിന്റെ മുകൾഭാഗത്തോ മീഡിയസ്റ്റിനത്തിലോ ഉണ്ടാകുന്ന മുഴകൾ ഈ ഞരമ്പിനെ ബാധിക്കുകയും ഒരു വോക്കൽ കോഡിന് തളർച്ച ഉണ്ടാക്കുകയും ചെയ്യുന്നു. തൊണ്ടവീക്കമോ പനിയോ ഇല്ലാത്തതിനാൽ ഇത് സാധാരണ തൊണ്ടവേദനയിൽ നിന്നും വ്യത്യസ്തമാണ്. ഇതിനൊപ്പം ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടോ ചെവിവേദനയോ ഉണ്ടാകാം.
ശരീരത്തിന്റെ മുകൾഭാഗത്തെ വീക്കം
മുഖത്ത് പെട്ടെന്നുണ്ടാകുന്ന വീക്കം, കഴുത്തിലെ തടിപ്പ്, കൈകളിലെ വീക്കം, പ്രത്യേകിച്ച് നീല കലർന്ന ചുവപ്പ് നിറം എന്നിവ സുപ്പീരിയർ വീന കാവ എന്ന രക്തക്കുഴലിലെ തടസ്സത്തെയാണ് സൂചിപ്പിക്കുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം തിരികെ കൊണ്ടുപോകുന്ന ഈ പ്രധാന ഞരമ്പിനെ ശ്വാസകോശ മുഴകൾ, പ്രത്യേകിച്ച് സ്മോൾ സെൽ അർബുദ മുഴകൾ ഞെരുക്കുമ്പോഴാണ് രക്തയോട്ടം തടസ്സപ്പെടുന്നത്. കൺപോളകളിലെ വീക്കം, കഴുത്തിലെ ഞരമ്പുകൾ വീർക്കുക, തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ രാവിലെ കൂടുതലായി കാണപ്പെടുകയും കിടക്കുമ്പോൾ വർദ്ധിക്കുകയും ചെയ്യുന്നു.
ഹോർണർ സിൻഡ്രോം
കൺപോള തൂങ്ങുക (ടോസിസ്), കൃഷ്ണമണി ചുരുങ്ങുക (മയോസിസ്), മുഖത്തിന്റെ ഒരു വശത്ത് വിയർപ്പ് ഇല്ലാതിരിക്കുക (അൻഹൈഡ്രോസിസ്) എന്നീ മൂന്ന് ലക്ഷണങ്ങൾ ചേർന്നതാണ് ഹോർണർ സിൻഡ്രോം. കണ്ണിലേക്കും മുഖത്തേക്കും പോകുന്ന സിംപതറ്റിക് ഞരമ്പുകൾക്ക് ശ്വാസകോശത്തിന്റെ മുകൾഭാഗത്തുള്ള മുഴകൾ കേടുപാടുകൾ വരുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കഴുത്തുവേദനയോ കണ്ണ് ചെറുതായി ഉള്ളിലേക്ക് വലിഞ്ഞതുപോലെയോ ഇതിനൊപ്പം അനുഭവപ്പെടാം. ഇത് പക്ഷാഘാതത്തിന് സമാനമായി തോന്നുമെങ്കിലും ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നു.
അമിതമായ ദാഹവും മൂത്രമൊഴിക്കലും
അമിതമായ ദാഹം (പോളിഡിപ്സിയ), ഇടയ്ക്കിടെ മൂത്രമൊഴിക്കുക (പോളിയൂറിയ), ഓക്കാനം, ആശയക്കുഴപ്പം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. പാരാനിയോപ്ലാസ്റ്റിക് സിൻഡ്രോമുകളിലെ ഹൈപ്പർകാൽസീമിയ കാരണമാണ് ഇവ ഉണ്ടാകുന്നത്. ശ്വാസകോശ മുഴകൾ, പ്രത്യേകിച്ച് സ്ക്വാമസ് സെൽ ഇനങ്ങൾ പാരാതൈറോയ്ഡ് ഹോർമോൺ സംബന്ധമായ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത് രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. ക്ഷീണം, എല്ലുവേദന എന്നിവയ്ക്കൊപ്പം ശ്വാസകോശ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ ഈ സൂചനകൾ കണ്ടുതുടങ്ങാറുണ്ട്.
Content Highlights:
Lung cancer is the leading cause of cancer deaths worldwide. Beyond respiratory issues, subtle early signs include finger clubbing, persistent shoulder pain, unexplained hoarseness, upper body swelling, Horner syndrome, and excessive thirst or urination. Early detection improves treatment outcomes.



