National
ഗര്‍ഭാശയ അര്‍ബുദം: പ്രതിരോധവും പ്രത്യുല്പാദന സംരക്ഷണവും ഒരുമിച്ചു മുന്നോട്ടുപോകണമെന്ന് വിദഗ്ധര്‍
മധ്യവയസ്കരില്‍ മാത്രമല്ല, മുപ്പതുകളിലുള്ള ചെറുപ്പക്കാരികളിലും രോഗം കണ്ടുവരുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയത്തിനൊപ്പം സ്ത്രീകളുടെ പ്രത്യുല്പാദനശേഷി സംരക്ഷിക്കുന്നതിനും തുല്യ പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി | ലോകത്തെ ഗര്‍ഭാശയ അര്‍ബുദ (സെര്‍വിക്കല്‍ കാന്‍സര്‍) മരണങ്ങളില്‍ നാലിലൊന്നും, പുതിയ രോഗബാധകളില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. മധ്യവയസ്കരില്‍ മാത്രമല്ല, മുപ്പതുകളിലുള്ള ചെറുപ്പക്കാരികളിലും രോഗം കണ്ടുവരുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയത്തിനൊപ്പം സ്ത്രീകളുടെ പ്രത്യുല്പാദനശേഷി സംരക്ഷിക്കുന്നതിനും തുല്യ പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പതിനാല് വയസ്സുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യ എച്ച് പി വി വാക്സിനേഷന് പദ്ധതി ആരംഭിച്ചത് രോഗപ്രതിരോധ രംഗത്ത് നിര്‍ണായക ചുവടുവെപ്പാണ്. എന്നാല്‍ വാക്സിന് പ്രായപരിധി കഴിഞ്ഞ സ്ത്രീകളില്‍ കൃത്യമായ സ്ക്രീനിങ് പരിശോധനകള്‍ നടക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്ന. ഇന്ത്യയില്‍ 30 മുതല്‍ 49 വരെ പ്രായമുള്ള സ്ത്രീകളില്‍ നൂറില്‍ രണ്ടുപേരില്‍ താഴെ മാത്രമേ ഇതുവരെ പരിശോധന നടത്തിയിട്ടുള്ളൂ. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ കാത്തിരിക്കാതെ എച്ച് പി വി പരിശോധനകള്‍ നേരത്തെ നടത്തുന്നത് ലളിതമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനും പ്രത്യുല്പാദനശേഷി നിലനിര്‍ത്താനും സഹായിക്കും.
പ്രാരംഭഘട്ടത്തില്‍ രോഗം കണ്ടെത്തുന്ന യുവതികളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാതെയുള്ള റാഡിക്കല്‍ ട്രാക്കലെക്ടമി പോലുള്ള ശസ്ത്രക്രിയകളിലൂടെയും, ചികിത്സയ്ക്ക് മുന്നോടിയായി അണ്ഡം/ഭ്രൂണം ശീതീകരിച്ചു സൂക്ഷിക്കുന്നതിലൂടെയും ഭാവിയില്‍ അമ്മയാകാനുള്ള സാധ്യത നിലനിര്‍ത്താനാകും. ഇത്തരം ചികിത്സാ രീതികള്‍ ലഭ്യമാണെങ്കിലും രോഗികളിലേക്ക് ഇത് കൃത്യമായി എത്തുന്നില്ലെന്നാണ് 2026ലെ ദേശീയ സര്‍വേ വ്യക്തമാക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഒമ്പത് ഓങ്കോളജിസ്റ്റുകളും ഫെര്‍ട്ടിലിറ്റി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ സന്നദ്ധരാണെങ്കിലും, നാലിലൊന്ന് ഡോക്ടര്‍മാര്‍ പോലും രോഗികളെ തുടര്‍ചികിത്സയ്ക്കായി റഫര്‍ ചെയ്യുന്നില്ല. രോഗികള്‍ക്കിടയിലെ അവബോധക്കുറവും ചികിത്സാച്ചെലവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാന്‍സര്‍ ബാധിതരായ എല്ലാ യുവതികള്‍ക്കും കൃത്യമായ കൗണ്‍സിലിങ് നല്‍കണമെന്നും കാന്‍സര്‍ സെന്ററുകളും ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും തമ്മില്‍ വേഗത്തിലുള്ള ഏകോപനം ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.


