Connect with us

Kerala

പുനര്‍ജനി കേസ്: വി ഡി സതീശനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹരജി

സി ടി മുനീറിന്റെ ഹരജി ഉചിതമായ ഉത്തരവുകള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി.

Published

|

Last Updated

കൊച്ചി | പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആര്‍ എ) ലംഘന ആരോപണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹരജി. സി ടി മുനീര്‍ ആണ് ഹരജി സമര്‍പ്പിച്ചത്.

ഹരജി പരിഗണിച്ച ജസ്റ്റിസ് സി ജയചന്ദ്രന്‍, ഇതേ വിഷയത്തില്‍ കെ എം ഷാജഹാന്‍ നല്‍കിയ മറ്റൊരു ഹരജി പൊതുതാത്പര്യ ഹരജിയുടെ സ്വഭാവമുള്ളതാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി. അതേ നടപടി ഈ ഹരജിയിലും സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഉചിതമായ ഉത്തരവുകള്‍ക്കായി ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചതിനും സി ബി ഐ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനുമെതിരെയാണ് സി ടി മുനീര്‍ കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് പ്രധാന ആവശ്യം. 2011 ഒക്ടോബര്‍ 27-ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഒരു കോടി രൂപയില്‍ താഴെയുള്ള എഫ് സി ആര്‍ എ നിയമലംഘന ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിനും ഒരു കോടിയിലധികമുള്ള കേസുകളില്‍ സി ബി ഐക്കും അന്വേഷണം നടത്താമെന്നാണ് ഹരജിയിലെ വാദം.

ആരോപണവിധേയമായ തുക ഒരു കോടി രൂപ കവിയുന്നതിനാല്‍ സി ബി ഐ അന്വേഷണമാണ് ഉചിതമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കോടിയില്‍ താഴെയാണെന്ന് കണ്ടെത്തിയാലും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നത് ഉചിതമാകില്ലെന്നും ഹരജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യാതിരിക്കാന്‍ അവ സുരക്ഷിതമായി സൂക്ഷിക്കാനും പിന്നീട് സി ബി ഐക്ക് കൈമാറാനും സംസ്ഥാന സര്‍ക്കാരിനും വിജിലന്‍സ് വകുപ്പിനും ഇടക്കാല നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: A fresh petition in the Kerala High Court seeks a CBI investigation against V D Satheesan in the Punarjani housing scheme case. The matter involves allegations tied to post-2018 flood relief fundraising and FCRA norms. Further judicial proceedings in the High Court are awaited.

 

---- facebook comment plugin here -----

Latest