Connect with us

siraj articles

ഇനിയും ഉണരാത്ത പരിസ്ഥിതി രാഷ്ട്രീയം

ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെങ്കിലും അതിന്റെ ചരിത്രപരമായ ബാധ്യത എല്ലാവര്‍ക്കും ഒരുപോലെയല്ല. ഈ വ്യത്യാസം അംഗീകരിക്കാതെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ആഗോള പ്രതിജ്ഞകള്‍ കേവലം നയതന്ത്ര പ്രഖ്യാപനങ്ങളായി അവശേഷിക്കും. 2030ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കാലയളവ് ചുരുങ്ങുമ്പോള്‍ ലോകത്തിന് മുന്നിലുള്ളത് കേവലം വികസനത്തിന്റെ വെല്ലുവിളിയല്ല.

Published

|

Last Updated

2015ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030ഓടെ ലോകം കൈവരിക്കേണ്ട മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള പ്രതിജ്ഞകളിലൊന്നാണ്. ദാരിദ്ര്യനിര്‍മാര്‍ജനം, വിശപ്പില്ലാത്ത ലോകം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, കാലാവസ്ഥാ സംരക്ഷണം തുടങ്ങി 17 ലക്ഷ്യങ്ങളാണ് ഇതിന്റെ അടിസ്ഥാനം. എന്നാല്‍, 2030 എന്ന ലക്ഷ്യവര്‍ഷത്തിലേക്ക് ലോകം അടുക്കുമ്പോഴും ഈ പ്രതിജ്ഞകള്‍ യാഥാര്‍ഥ്യമാകുന്നതിലേക്കുള്ള ദൂരം കുറഞ്ഞിട്ടില്ല.

ഐക്യരാഷ്ട്ര സഭയുടെ 2026ലെ സുസ്ഥിര വികസന റിപോര്‍ട്ട് ഈ ആശങ്ക കൂടുതല്‍ ഗൗരവത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. 139 ലക്ഷ്യങ്ങളില്‍ 15 ശതമാനം മാത്രമാണ് 2030ഓടെ കൈവരിക്കാനുള്ള പാതയിലുള്ളത്. കാലാവസ്ഥാ വ്യതിയാനം, യുദ്ധങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കടബാധ്യത, അന്താരാഷ്ട്ര സഹകരണത്തിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഈ പിന്നാക്കാവസ്ഥയുടെ പ്രധാന കാരണങ്ങള്‍. കാലാവസ്ഥാ വ്യതിയാനം ഈ പ്രതിസന്ധിയുടെ കേന്ദ്ര ബിന്ദുവാണ്. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയയിലെ അന്‍ത്വാലിയയില്‍ നടന്ന കോപ് 31 കാലാവസ്ഥാ ഉച്ചകോടിയെ പരിസ്ഥിതി ചര്‍ച്ച എന്നതിലുപരി ആഗോള വികസന രാഷ്ട്രീയത്തിന്റെ ഭാഗമായി കൂടി വിലയിരുത്തേണ്ടതുണ്ട്. ഈ ഉച്ചകോടി രാജ്യങ്ങള്‍ക്കിടയില്‍ പൊതുധാരണ എത്താതെ പിരിഞ്ഞു എന്നതാണ് ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഏറ്റവും വലിയ ആശങ്കയായി മാറേണ്ടത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഉത്തരവാദിത്വം എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെയല്ല. വ്യാവസായിക വിപ്ലവത്തിലൂടെ സാമ്പത്തിക ശക്തി നേടിയ യൂറോപ്യന്‍ രാജ്യങ്ങളും മറ്റ് വികസിത സമ്പദ്്വ്യവസ്ഥകളും ചരിത്രപരമായി വലിയ തോതില്‍ കാര്‍ബണ്‍ പുറന്തള്ളിയിട്ടുണ്ട്. എന്നാല്‍, ഇന്ന് വികസ്വര രാജ്യങ്ങളോട് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വേഗത്തില്‍ മാറാനും ആവശ്യപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ ആവശ്യം പ്രസക്തമാണെങ്കിലും അതിന്റെ ചരിത്രപരമായ ഉത്തരവാദിത്വം സമ്പന്ന രാജ്യങ്ങള്‍ ഏറ്റെടുക്കുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെയാണ് കാലാവസ്ഥാ നീതി (ഇഹശാമലേ ഖൗേെശരല) പ്രസക്തമാകുന്നത്. പരിസ്ഥിതി പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ ഏറ്റവും കുറഞ്ഞ പങ്കുള്ള ദരിദ്ര സമൂഹങ്ങളാണ് പലപ്പോഴും അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത്. വികസിത രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ ചരിത്രം മറന്നുകൊണ്ട് വികസ്വര രാജ്യങ്ങളുടെ വികസനാവകാശത്തെ നിയന്ത്രിക്കുന്നത് നീതിപൂര്‍വമായ സമീപനമല്ല. ഇന്ത്യയുടെ നിലപാടും ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴില്‍സൃഷ്ടിയും ഊര്‍ജലഭ്യതയും അടിസ്ഥാനസൗകര്യ വികസനവും ഇന്ത്യയുടെ അനിവാര്യമായ ആവശ്യങ്ങളാണ്. അതേസമയം, വികസനത്തിന്റെ പേരില്‍ പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനും കഴിയില്ല. യൂറോപ്പ് ഇപ്പോള്‍ തന്നെ പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളിലേക്ക് അതിവേഗം മാറിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങള്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കുകയും വികസ്വര രാജ്യങ്ങള്‍ക്ക് നീതിപൂര്‍വമായ ഊര്‍ജപരിവര്‍ത്തനത്തിന് അവസരമൊരുക്കുകയും വേണം. എന്നാല്‍ മാത്രമേ ഈ ഭൂമി കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ നിലനില്‍ക്കുകയുള്ളൂ.

കോപ് 31ല്‍ ഉണ്ടായ കരട് രേഖയോട് ഏറ്റവും വലിയ എതിര്‍പ്പ് ഉയര്‍ത്തിയത് യൂറോപ്യന്‍ രാജ്യങ്ങളാണ്. അതിന് കാരണം ഫോസില്‍ ഇന്ധനങ്ങളെ സംബന്ധിച്ച ആശങ്കകളെ ഗൗരവകരമായി പരിഗണിക്കുന്നില്ല എന്നതാണ്. ഇത് തുടര്‍ന്നുപോരുന്ന ലോകത്തെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കലാണെന്നും ഇവര്‍ വാദിക്കുന്നു. അതേസമയം, സഊദി അറേബ്യ പോലുള്ള എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് യൂറോപ്പിന്റെ അതിവേഗമുള്ള ഫോസില്‍ ഇന്ധന നിയന്ത്രണ നയങ്ങളോട് കടുത്ത എതിര്‍പ്പുമാണ്. എങ്ങനെയാണ് ഈ പ്രശ്നത്തെ നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ കഴിയുക എന്നത് ആഗോള രാഷ്ട്രീയത്തിലെ വലിയ പ്രതിസന്ധിയാണ്.

യഥാര്‍ഥത്തില്‍ സുസ്ഥിര വികസനം എന്നത് സാമ്പത്തിക വളര്‍ച്ചയുടെ മറ്റൊരു പേരല്ല. സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന മാതൃകയാണത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഗുണഫലങ്ങള്‍ സമ്പന്ന വിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ സാധാരണ മനുഷ്യരിലേക്കും എത്തണം. അങ്ങനെയൊരു രാഷ്ട്രീയ ലോകക്രമമാണ് ഇനി ഉണ്ടായി വരേണ്ടത്. 2030ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കാലയളവ് ചുരുങ്ങുമ്പോള്‍ ലോകത്തിന് മുന്നിലുള്ളത് കേവലം വികസനത്തിന്റെ വെല്ലുവിളിയല്ല. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ആഗോള പാരിസ്ഥിതിക രാഷ്ട്രീയ നീതിയുടെയും പരീക്ഷണം കൂടിയാണ്. ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെങ്കിലും അതിന്റെ ചരിത്രപരമായ ബാധ്യത എല്ലാവര്‍ക്കും ഒരുപോലെയല്ല. ഈ വ്യത്യാസം അംഗീകരിക്കാതെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ആഗോള പ്രതിജ്ഞകള്‍ കേവലം നയതന്ത്ര പ്രഖ്യാപനങ്ങളായി അവശേഷിക്കും. 2030 എന്ന ലക്ഷ്യവര്‍ഷം അകലെയല്ല. എന്നാല്‍, അതിലേക്കുള്ള നീതിപൂര്‍വമായ വികസനപാത ഇപ്പോഴും ലോകത്തിന് മുന്നില്‍ തെളിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം. രാഷ്ട്രീയ പ്രശ്നവും പാരിസ്ഥിതിക പ്രശ്നവും അതു തന്നെയാണ്.

 

---- facebook comment plugin here -----

Latest