Uae
റമസാൻ: ദീപാലങ്കാരങ്ങളിൽ മുങ്ങി അബൂദബി നഗരം
റമസാനിലെ കാരുണ്യം, ഔദാര്യം, ഐക്യം എന്നീ മൂല്യങ്ങൾ വിളിച്ചോതുന്ന വാചകങ്ങളും കലാരൂപങ്ങളും ദീപാലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അബൂദബി|വിശുദ്ധ റമസാനെ വരവേൽക്കുന്നതിനായി അബൂദബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും 5,200 ലധികം ദീപാലങ്കാരങ്ങൾ സ്ഥാപിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി. നഗരത്തിന്റെ സൗന്ദര്യവും റമസാനിന്റെ ആത്മീയതയും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് വർണാഭമായ ഈ ദീപാലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. അബൂദബി കോർണിഷ്, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റ്, കിംഗ് അബ്ദുല്ല സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളിലും പാലങ്ങളിലും ഉൾപ്രദേശങ്ങളിലുമാണ് ദീപങ്ങൾ മിഴിതുറന്നത്.
റമസാനിലെ കാരുണ്യം, ഔദാര്യം, ഐക്യം എന്നീ മൂല്യങ്ങൾ വിളിച്ചോതുന്ന വാചകങ്ങളും കലാരൂപങ്ങളും ദീപാലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2,100 ചന്ദ്രക്കലകളും അത്രതന്നെ നക്ഷത്രങ്ങളും വിവിധ ജ്യാമിതീയ രൂപങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിച്ചു. ഇഫ്താർ സമയം അറിയിക്കുന്ന റമസാൻ പീരങ്കിയുടെ മാതൃകയിലുള്ള ദീപാലങ്കാരങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. തൂക്കുവിളക്കുകൾ, മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരമുള്ള ജ്യാമിതീയ രൂപങ്ങൾ എന്നിവ നഗരത്തിന് പുതിയ ദൃശ്യഭംഗി നൽകുന്നു.
അബൂദബി കോർണിഷിലും അൽ മഖ്ത പാലത്തിലും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലൈറ്റിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രകാശത്തിന്റെ വർണവിന്യാസങ്ങളിലൂടെ രാത്രികാലങ്ങളിൽ നഗരത്തിന് പുതുജീവൻ നൽകാനാണ് അധികൃതർ ഇതിലൂടെ ശ്രമിക്കുന്നത്. സുസ്ഥിരമായ രീതിയിൽ നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും ജനങ്ങളിൽ സന്തോഷം പകരുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.



