Connect with us

Editors Pick

2000 രൂപയുടെ ബ്ലൂബെറിക്ക് പകരം 100 രൂപയുടെ പേരയ്ക്ക മതി!

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമാണ് നമ്മുടെ പറമ്പിലെ പേരയ്ക്ക

Published

|

Last Updated

മുംബൈ | പോഷകസമ്പന്നമായ നാടൻ സൂപ്പർഫുഡുകൾക്ക് എന്നും ആരോഗ്യകാര്യത്തിൽ വലിയ സ്ഥാനമാണുള്ളത്. നെല്ലിക്ക, മുരിങ്ങയില, മഞ്ഞൾ, നെയ്യ്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇറക്കുമതി ചെയ്യുന്ന വിലകൂടിയ ബ്ലൂബെറിയെക്കാൾ എന്തുകൊണ്ടും മികച്ചത് നമ്മുടെ പറമ്പിലെ സാധാരണ പേരയ്ക്കയാണെന്ന കണ്ടെത്തലാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തോപീഡിക് സർജനും സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോക്ടർ മനൻ വോറയാണ് പേരയ്ക്കയുടെ ഈ അത്ഭുതഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.

കിലോയ്ക്ക് 2,000 രൂപയോളം വിലവരുന്ന ബ്ലൂബെറി പ്രീമിയം ലുക്ക് ഉള്ളതിനാൽ പലരും ഓട്‌സിനൊപ്പവും ഷെയ്ക്കുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിന് പണത്തിന്റെ മൂല്യമല്ല, പോഷകങ്ങളുടെ അളവാണ് പ്രധാനമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ആയിരം കോഴിക്ക് അര കാടയെന്ന് പറഞ്ഞത് പോലെ, കിലോയ്ക്ക് വെറും 100 രൂപയിൽ താഴെ മാത്രം വിലയുള്ള പേരയ്ക്കയിൽ ബ്ലൂബെറിയെക്കാൾ 20 ഇരട്ടി അധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഇതിൽ സമൃദ്ധമാണ്.

പേരയ്ക്കയിലെ നാരുകളുടെ (Fiber) അളവ് ബ്ലൂബെറിയെ അപേക്ഷിച്ച് ഇരട്ടിയാണ്. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ പേരയ്ക്കയ്ക്ക് ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല. ബ്ലൂബെറിയിൽ ഹൃദയാരോഗ്യത്തിന് ഗുണകരമായ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള വിറ്റാമിനുകളുടെയും മിനറലുകളുടെയും കണക്കെടുക്കുമ്പോൾ പേരയ്ക്കയാണ് ബഹുദൂരം മുന്നിൽ. കുറഞ്ഞ ചിലവിൽ നമ്മുടെ നാട്ടിൽ എവിടെയും ലഭ്യമാകുന്ന ഈ സൂപ്പർഫുഡ് ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്ന് ഡോക്ടർ വോറ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest