Connect with us

vazhivilakku

അധികാരമോഹം അകറ്റേണ്ട രോഗം

അബ്ദുര്‍റഹ്മാന്‍ ബിന്‍ സമുറ (റ)വിനോട് നബി (സ) പറഞ്ഞു: 'ഹോ അബ്ദുര്‍റഹ്മാന്‍, നീ അധികാരം ചോദിച്ചു വാങ്ങരുത്. ചോദിച്ചു വാങ്ങിയാല്‍ അല്ലാഹുവിന്റെ സഹായമില്ലാതെ ആ ഉത്തരവാദിത്വം നിന്റെ തലയില്‍ മാത്രമാകും. എന്നാല്‍ ചോദിക്കാതെ നല്‍കപ്പെട്ടതാണെങ്കില്‍ അത് നിര്‍വഹിക്കാന്‍ നിനക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കും.' (ബുഖാരി, മുസ്ലിം).

Published

|

Last Updated

അധികാരം ചോദിച്ചുവാങ്ങരുത് എന്നാണ് ഇസ്ലാമിന്റെ നിലപാട്. നിരവധി ഹദീസുകള്‍ ഈ ആശയത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ യോഗ്യതകള്‍ വിലയിരുത്തി നല്‍കുന്ന അധികാരങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയും വേണം. അബ്ദുര്‍റഹ്മാന്‍ ബിന്‍ സമുറ (റ)വിനോട് നബി (സ) പറഞ്ഞു: ‘ഹോ അബ്ദുര്‍റഹ്മാന്‍, നീ അധികാരം ചോദിച്ചു വാങ്ങരുത്. ചോദിച്ചു വാങ്ങിയാല്‍ അല്ലാഹുവിന്റെ സഹായമില്ലാതെ ആ ഉത്തരവാദിത്വം നിന്റെ തലയില്‍ മാത്രമാകും. എന്നാല്‍ ചോദിക്കാതെ നല്‍കപ്പെട്ടതാണെങ്കില്‍ അത് നിര്‍വഹിക്കാന്‍ നിനക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കും.’ (ബുഖാരി, മുസ്ലിം).

ഇസ്‌ലാമിക ചരിത്രത്തില്‍ അധികാരം അനുഗ്രഹമായി ആരും കണ്ടില്ല. മറിച്ച് കഠിനമായ പരീക്ഷണമായി മനസ്സിലാക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. ഖലീഫയായി നിയമിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) വികാരാധീതനായി. അദ്ദേഹം പറഞ്ഞു ‘ജനങ്ങളേ, ഈ അധികാരം ലഭിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. രഹസ്യമായോ പരസ്യമായോ അതിനായി പ്രാര്‍ഥിച്ചിട്ടുമില്ല. എന്നേക്കാള്‍ ഉത്തമര്‍ ഉണ്ടായിരിക്കെയാണ് എന്നെ നിങ്ങള്‍ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.’

തന്റെ മരണശയ്യയില്‍ വെച്ച് അടുത്ത ഖലീഫയായി മകന്‍ അബ്ദുല്ല(റ)വിനെ നിശ്ചയിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ‘ഖത്താബിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ വിചാരണ ചെയ്യപ്പെടുന്നത് തന്നെ ധാരാളമാണ്. എന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി ഈ ഭാരം ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ അധികാരം ബാധ്യതയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഖാസി പദവി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ചാട്ടാവാറടി ഏറ്റുവാങ്ങേണ്ടി വന്ന ഇമാം അബൂഹനീഫ(റ)വും യമനിലെ അധികാര പദവി വെച്ചുനീട്ടിയ ഖലീഫ ഹാറൂണ്‍ റശീദിനോട് ‘ഞാനില്ല’ എന്നു പറഞ്ഞൊഴിഞ്ഞ ഇമാം ശാഫിഈ(റ)വും ഈ നിലപാടിന്റെ തീഷ്ണത ജീവിതം കൊണ്ട് അടയാളപ്പെടുത്തിയവരാണ്.

ഈ പറഞ്ഞതിന് ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പാടില്ല എന്നോ പദവികള്‍ വഹിച്ചവരെല്ലാം മോശക്കാരാണെന്നോ അര്‍ഥമില്ല. അനിവാര്യ സാഹചര്യങ്ങളില്‍ പദവികള്‍ ഏറ്റെടുക്കാനും ഉത്തരവാദിത്വം നിര്‍വഹിക്കാനും നമുക്ക് ബാധ്യതയുണ്ട്. എന്നാല്‍ അധികാരം വഴി ആസ്വാദനത്തിന്റെയും സൗകര്യങ്ങളുടെയും വാതിലുകള്‍ തനിക്ക് മുന്നില്‍ തുറക്കപ്പെടുന്നു എന്ന് കരുതുന്നതിന് പകരം ദൗത്യപൂര്‍ത്തീകരണത്തില്‍ വ്യാപൃതരാകുക. അത്തരം ഘട്ടങ്ങളില്‍ വ്യക്തിജീവിതത്തേക്കാള്‍ ഉത്തരവാദിത്വത്തിന് പ്രാധാന്യം നല്‍കിയവരാണ് മുന്‍ഗാമികള്‍. ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷം രാത്രികളില്‍ ഉറങ്ങാതെ ജനങ്ങളുടെ പ്രയാസങ്ങള്‍ തേടി അലയുക എന്നത് ഉമര്‍(റ)വിന്റെ പതിവായിരുന്നു. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) ഖലീഫ പദവി ഏറ്റെടുത്തത് മുതല്‍ ഭാര്യയുമായി ലൈംഗികമായി അടുക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. പകല്‍ സമയം ജനങ്ങളുടെ കാര്യങ്ങളില്‍ മുഴുകുന്ന അദ്ദേഹം രാത്രിയായാല്‍ തന്റെ മുസ്വല്ലയില്‍ ഇരുന്ന് അല്ലാഹുവിനെ ഭയന്ന് കരയും. ഇത് ഭാര്യയോടുള്ള വിദ്വേഷം കൊണ്ടായിരുന്നില്ല, മറിച്ച് തന്റെ ചുമലിലുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഉത്തരവാദിത്വം അദ്ദേഹത്തെ അത്രമേല്‍ ഭയപ്പെടുത്തിയിരുന്നതിനാലാണ്.

ഉത്തരവാദിത്വം പലപ്പോഴും പൊതുമുതലുകള്‍ കൈകാര്യം ചെയ്യാനുള്ള സാഹചര്യങ്ങളുണ്ടാക്കാം. കൈയില്‍ കറ പുരളാതിരിക്കാന്‍ ജാഗ്രത കാണിക്കേണ്ട സമയമായി വേണം മനസ്സിലാക്കാന്‍. ഉമര്‍ ബിന്‍ ഖത്താബ്(റ) ഖലീഫയായിരുന്ന കാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ കീറിയ ഭാഗങ്ങള്‍ തുന്നിക്കൂട്ടിയത് കാണാമായിരുന്നു. ഒരിക്കല്‍ വിദേശ പ്രതിനിധികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍, മരച്ചുവട്ടില്‍ മണ്ണില്‍ തലവെച്ച് ഉറങ്ങുന്ന ഭരണാധികാരിയെയാണ് അവര്‍ കണ്ടത്. അലി(റ) ഖലീഫയായിരിക്കെ ചന്തയില്‍ പോയി ഏറ്റവും വില കുറഞ്ഞ വസ്ത്രം വാങ്ങുകയും അതിന്റെ കൈകള്‍ നീളം കൂടുതലാണെന്ന് തോന്നിയപ്പോള്‍ അത് മുറിച്ചു കളയുകയും ചെയ്യുമായിരുന്നു. ‘ഭരണാധികാരി ജനങ്ങളേക്കാള്‍ ആഡംബരത്തില്‍ ജീവിക്കരുത്’ എന്നതായിരുന്നു അവിടുത്തെ നിലപാട്. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) ഭരണാധികാരിയായ ശേഷം കൊട്ടാരത്തിലെ വിലപിടിപ്പുള്ള അലങ്കാരങ്ങളെല്ലാം വിറ്റ് പൊതുഖജനാവിലേക്ക് നല്‍കി. രാത്രിയില്‍ ഔദ്യോഗിക കാര്യങ്ങള്‍ എഴുതുമ്പോള്‍ അദ്ദേഹം സര്‍ക്കാര്‍ വക വിളക്ക് ഉപയോഗിക്കുമായിരുന്നു. എന്നാല്‍ ആരെങ്കിലും സ്വന്തം കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നാല്‍ ഉടന്‍ ആ വിളക്ക് അണയ്ക്കുകയും വീട്ടില്‍ നിന്നുള്ള സ്വന്തം വിളക്ക് കത്തിക്കുകയും ചെയ്യുമായിരുന്നു.

 

---- facebook comment plugin here -----

Latest