Articles
ലക്ഷ്യം ന്യൂനപക്ഷ വിവേചനം തന്നെ
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 21,700 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നഷ്ടപ്പെട്ടു എന്നാണ് അനൗദ്യോഗികമായ ഒരു വിവരം. വിചിത്രമായ വസ്തുത, ആര്‍ എസ് എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അതേസമയം പുതുതായി ലൈസന്‍സ് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്.
ന്യൂനപക്ഷ മതസ്ഥാപനങ്ങളെയും സര്‍ക്കാറിന്റെ വര്‍ഗീയവും പരിസ്ഥിതിവിരുദ്ധവുമായ നയങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്ന എന്‍ ജി ഒകളെയും അവരുടെ സ്ഥാപനങ്ങളെയും പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന് കര്‍ക്കശ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്ന ഭേദഗതി നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിലുള്ളത്. ഇത് ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്കും അവര്‍ നടത്തുന്ന ധര്‍മസ്ഥാപനങ്ങള്‍ക്കും നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയെന്ന ആര്‍ എസ് എസ് അജന്‍ഡയില്‍ നിന്നുള്ള ഭേദഗതിയാണ്.
വിദേശ സംഭാവനാ ചട്ടങ്ങള്‍ കര്‍ശനമാക്കി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും മതപരിവര്‍ത്തനവും നടത്തുന്ന സംഘടനകളെ നിയന്ത്രിക്കുകയാണ് എന്ന വ്യാജേന കൊണ്ടുവന്നിരിക്കുന്ന ഈ ഭേദഗതി ന്യൂനപക്ഷ വിഭാഗങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും വരെ പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെയുള്ളതാണ്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും പടര്‍ത്തുന്ന ആര്‍ എസ് എസിന് എഫ് സി ആര്‍ എ നിയമം ബാധകമല്ലെന്നുള്ള വസ്തുതയെ നമ്മള്‍ കാണേണ്ടതുണ്ട്. രാഷ്ട്രീയ സംഘടനയല്ലെന്നും ഞങ്ങള്‍ ഒരു സാംസ്‌കാരിക സംഘടനയാണെന്നും നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍ എസ് എസ് ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രനിര്‍മാണം ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ്. എന്നുവെച്ചാല്‍ നമ്മുടെ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ക്കും ബഹുസ്വരതക്കും വെല്ലുവിളിയുയര്‍ത്തുന്ന സംഘടനയാണ് ആര്‍ എസ് എസ്.
ആര്‍ എസ് എസ് രാജ്യത്ത് നിലനില്‍ക്കുന്ന ട്രസ്റ്റ് ആക്ട് അനുസരിച്ചോ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ചോ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സംഘടനയാണ്. അത് സ്വയം വ്യക്തികളുടെ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സ്വയം അവകാശപ്പെടുന്നത്. ആര്‍ എസ് എസിന് അതുകൊണ്ട് തന്നെ വിദേശ സംഭാവനാ നിയന്ത്രണ ചട്ടങ്ങളോ ആദായ നികുതി നിയമങ്ങളോ ബാധകമല്ല. അതുകൊണ്ട് തന്നെ അവര്‍ അവരുടെ വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് പാന്‍കാര്‍ഡ് പോലുമില്ല. അടിയന്തരാവസ്ഥാ കാലത്ത് രാജ്യതാത്പര്യങ്ങള്‍ക്കെതിരായി വിദേശപണം പറ്റി പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിയന്ത്രിക്കാനായി ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന എഫ് സി ആര്‍ എ നിയമ ഭേദഗതിയില്‍ ആര്‍ എസ് എസിനെ മാറ്റി നിര്‍ത്തുകയായിരുന്നു. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എഫ് സി ആര്‍ എ ബാധകമാകുമ്പോള്‍ ആര്‍ എസ് എസിന് ഒരു നിയന്ത്രണവുമില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം പറ്റാമായിരുന്നു.
കേന്ദ്ര സര്‍ക്കാറുകളൊന്നും ആര്‍ എസ് എസിനെ എഫ് സി ആര്‍ എയുടെയോ ആദായ നികുതി നിയമത്തിന്റെയോ പരിധിയില്‍ കൊണ്ടുവന്നില്ല. ആര്‍ എസ് എസിന്റെ ജന്മകാലം മുതല്‍ അതിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമായിരുന്നു. ഗുരുദക്ഷിണ എന്ന പേരില്‍ വിദേശത്ത് നിന്ന് കോടികള്‍ പല പേരുകളില്‍ സ്വീകരിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയിലെ വന്‍കിട ബഹുരാഷ്ട്ര കുത്തകകളില്‍ നിന്ന് ആര്‍ എസ് എസ് ഫണ്ട് ശേഖരിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതാണ്. ലാറ്റിനമേരിക്കയിലെ ചിലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ അട്ടിമറികള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ച ടെലഫോണ്‍സ് ആന്‍ഡ് ടെലഗ്രാഫ്‌സ് പോലുള്ള അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യാ റിലീഫ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന പേരില്‍ വന്‍തോതില്‍ പണം ആര്‍ എസ് എസ് സ്വരൂപിച്ചിരുന്നു. മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കന്‍ ഐ ടി കമ്പനികള്‍ ആര്‍ എസ് എസിന് ഫണ്ട് നല്‍കുന്നതിനെക്കുറിച്ച് അക്കാലത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ആര്‍ എസ് എസ് പോലുള്ള വര്‍ഗീയ സംഘടനകളുടെ വിദേശ പണ സ്രോതസ്സുകളെ നിയന്ത്രിക്കാനുള്ള ഒരു നീക്കവും ഒരുകാലത്തും ഇന്ത്യന്‍ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈയൊരു പശ്ചാത്തലത്തില്‍ കൂടി ന്യൂനപക്ഷ സ്ഥാപനങ്ങളെയും സര്‍ക്കാറിന് അനഭിമതമായ എന്‍ ജി ഒ സ്ഥാപനങ്ങളെയും പൂട്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ള ഈ എഫ് സി ആര്‍ എ ഭേദഗതിയെ പരിശോധിക്കേണ്ടതുണ്ട്. വിദേശ ഫണ്ട് ഉപയോഗിച്ച് മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് മതപരിവര്‍ത്തനം നടത്തുന്നു എന്ന ആര്‍ എസ് എസിന്റെ കാലങ്ങളായുള്ള ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ ഭേദഗതി. 2020ലും മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. അതിനെ തുടര്‍ന്ന് രാജ്യത്ത് 23,000ത്തോളം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനാനുമതി റദ്ദുചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ മതവിഭാഗങ്ങളെ അപരവത്കരിക്കുക എന്ന ലക്ഷ്യത്തോടെ രൂപംനല്‍കിയിരിക്കുന്ന എഫ് സി ആര്‍ എ ഭേദഗതി ബില്ല് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കും നേരെയാണ് ഭീഷണി ഉയര്‍ത്തുന്നത്.
വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദായ ലൈസന്‍സ് നിശ്ചിത കാലാവധിക്കകം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ പ്രസ്തുത സ്ഥാപനങ്ങളുടെ ആസ്തി സര്‍ക്കാറിന്റെ നിര്‍ദിഷ്ട ഏജന്‍സിയിലേക്ക് സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെടും എന്നതാണ് ഈ ഭേദഗതി ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ. ന്യൂനപക്ഷങ്ങളുടെ ഏതൊരു സ്വത്തും സ്ഥാപനവും, അത് ആരാധനാലയമാണെങ്കില്‍ക്കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥ. ഏറ്റെടുക്കുന്ന വസ്തുവകകള്‍ എന്നെന്നേക്കുമായി സര്‍ക്കാറിനായിരിക്കും വിധം വ്യവസ്ഥകള്‍ക്ക് രൂപംനല്‍കിയിരിക്കുന്നു. ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാറിനായിരിക്കെ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ലൈസന്‍സ് നിഷേധിക്കാനും തുടര്‍ന്ന് വസ്തുവകകള്‍ പിടിച്ചെടുക്കാനും സര്‍ക്കാറിന് ഇതുവഴി നിഷ്പ്രയാസം സാധിക്കും. അതായത് രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യംവെച്ചുള്ളതാണ് ഈ ഭേദഗതി.
നിശ്ചിത കാലാവധിക്കുള്ളില്‍ ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതിപത്രം സ്വാഭാവികമായി കാലഹരണപ്പെടുമെന്ന് ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഏത് സ്ഥാപനത്തിന്റെയും വിദേശ സംഭാവനാ അനുമതിപത്രം റദ്ദാക്കാന്‍ ഇതുവഴി സര്‍ക്കാറിന് അധികാരം ലഭിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ വിദേശ സഹായങ്ങളെയും തടയുക എന്നതു തന്നെയാണ് ഭേദഗതി വഴി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് നിന്ന് സഹായം സ്വീകരിക്കുന്നത് ആത്യന്തികമായി തടയുക എന്ന ലക്ഷ്യമാണ് ഈ ഭേദഗതിക്കു പിന്നിലുള്ളത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദേശ സംഭാവനാ ലൈസന്‍സ് നിഷേധിക്കുന്ന സമീപനമാണ് ഇപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. വിദേശ സംഭാവനാ ലൈസന്‍സ് നഷ്ടപ്പെട്ട സ്ഥാപനങ്ങളെ സംബന്ധിച്ച് ജോണ്‍ബ്രിട്ടാസിന്റെ ചോദ്യത്തിന് പാര്‍ലിമെന്റില്‍ മറുപടി പറയാന്‍ ആഭ്യന്തര മന്ത്രാലയം കൂട്ടാക്കാതിരുന്നത് അത്തരത്തില്‍ പല സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നഷ്ടപ്പെടുന്നുണ്ട് എന്നതിന്റെ സൂചനയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 21,700 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നഷ്ടപ്പെട്ടു എന്നാണ് അനൗദ്യോഗികമായ ഒരു വിവരം. വിചിത്രമായ വസ്തുത, ആര്‍ എസ് എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അതേസമയം പുതുതായി ലൈസന്‍സ് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. എല്ലാവര്‍ക്കും ബാധകമായ ഭരണപരമായ നടപടിയല്ല, ന്യൂനപക്ഷ വിവേചനം ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണ് എഫ് സി ആര്‍ എ ഭേദഗതികള്‍ക്കു പിന്നിലെന്ന് ഇതുവഴി പകല്‍പോലെ വ്യക്തമാകുന്നു. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ധാര്‍മികതയും ജനാധിപത്യമൂല്യവും മുന്‍നിര്‍ത്തി ബില്ല് പിന്‍വലിക്കണമെന്ന് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്.





