From the print
ഇതാ ഇന്ന് മുതൽ
ഐ പി എൽ 2026 സീസണിന് ഇന്ന് തുടക്കം.
മുംബൈ | ആവേശക്കാഴ്ചയൊരുക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 19ാം പതിപ്പിന് നാളെ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഉദ്ഘാടന മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണ് കളി.
ഞായറാഴ്ച മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ തിങ്കളാഴ്ച അരങ്ങേറും. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സ് ആണ് എതിരാളി. അതിനിടെ, സീസണിലെ രണ്ടാം ഘട്ടത്തിന്റെ മത്സരക്രമം ബി സി സി ഐ പുറത്തിറക്കി. 50 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടം ഏപ്രില്‍ 13 മുതല്‍ മെയ് 24 വരെ 12 വേദികളിലായി നടക്കും. രണ്ടാം ഘട്ടത്തില്‍ എട്ട് ഡബിള്‍ ഹെഡറുകള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഏപ്രില്‍ 13ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
സഞ്ജു ഓപണ്‍ ചെയ്യും
ഐ പി എല്‍ പുതിയ സീസണില്‍ തങ്ങളുടെ ഓപണിംഗ് സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തനിക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്സ് ഓപണ്‍ ചെയ്യുമെന്ന് ഋതുരാജ് പറഞ്ഞു. മുംബൈയില്‍ നടന്ന ‘ക്യാപ്റ്റന്‍സ് ഡേ’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഋതുരാജ്. കഴിഞ്ഞ സീസണിലെ ചെന്നൈയുടെ കണ്ടെത്തലായിരുന്ന 18കാരന്‍ ആയുഷ് മാത്രെ ഇതോടെ മധ്യനിരയിലേക്ക് മാറാനാണ് സാധ്യത.
2025 ഐ പി എല്ലില്‍ പരുക്കേറ്റ ഋതുരാജിന്റെ പകരക്കാരനായെത്തിയ മാത്രെ, ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 188.97 സ്ട്രൈക്ക് റേറ്റില്‍ 240 റണ്‍സ് നേടി ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു. ഈ വര്‍ഷം ഇന്ത്യയെ അണ്ടര്‍-19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മാത്രെയില്‍ ടീമിന് വലിയ പ്രതീക്ഷയാണുള്ളത്.
രവീന്ദ്ര ജഡേജയെയും സാം കറനെയും നല്‍കി രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സ്വന്തമാക്കിയ സഞ്ജു നിലവില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. അടുത്തിടെ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ സഞ്ജു നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടൂര്‍ണമെന്റിലെ അവസാന മത്സരങ്ങളില്‍ 89, 89, 97 നോട്ടൗട്ട് എന്നിങ്ങനെ നേടിയ സഞ്ജുവിനാണ് ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരം ലഭിച്ചത്.
നുവാന്‍ തുഷാര കളിക്കില്ല
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വീണ്ടും തിരിച്ചടി. ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിച്ചു. ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. വിദേശ ലീഗുകളില്‍ കളിക്കുന്നതിന് മുന്നോടിയായി കളിക്കാര്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സാകണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെ നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ആവശ്യമായ പോയിന്റുകള്‍ നേടാന്‍ തുഷാരക്ക് സാധിച്ചില്ല.
അതേസമയം, ദുഷ്മന്ത ചമീര, ദസുന്‍ ഷനക, പതും നിസ്സങ്ക തുടങ്ങിയ ശ്രീലങ്കന്‍ കളിക്കാര്‍ അടുത്തിടെ ടെസ്റ്റ് പാസ്സാകുകയും ഐ പി എല്ലില്‍ കളിക്കാന്‍ അനുമതി നേടുകയും ചെയ്തിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ ജോഷ് ഹേസല്‍വുഡും യഷ് ദയാലും കളിക്കാത്ത സാഹചര്യത്തില്‍ ലങ്കന്‍ മലിംഗ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഷാരയുടെ അഭാവം ആര്‍ സി ബി പേസ് ബൗളിംഗ് തന്ത്രങ്ങളെ കാര്യമായി ബാധിക്കും.
പ്രായം വെറും നമ്പറല്ലേ
മുംബൈ | യുവത്വത്തിന്റെ പ്രസരിപ്പും മുതിര്‍ന്ന കളിക്കാരുടെ അനുഭവസമ്പത്തും ഒത്തുചേര്‍ന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഓരോ സീസണും. യുവതാരങ്ങള്‍ക്ക് വഴികാട്ടാനും നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാനും പഴയ പുലികള്‍ ഇത്തവണയും കളിക്കളത്തിലുണ്ടാകും. ഐ പി എല്‍ 2026ലെ ഏറ്റവും പ്രായമേറിയ അഞ്ച് താരങ്ങള്‍ ഇവരാണ്.
1. എം എസ് ധോണി (44 വയസ്സ്)
നാല്‍പ്പത്തിനാലാം വയസ്സിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി പാഡണിയുന്ന ധോണിയാണ് ഈ സീസണിലെയും ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍. ഐ പി എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ധോണി (278) നായകന്‍ ഋതുരാജ് ഗെയ്്ക്്വാ ദിനും ടീമിലെ മറ്റ് യുവപ്രതിഭകള്‍ക്കും ആത്മവിശ്വാസവും പ്രചോദനവുമേകും. തന്റെ തന്ത്രജ്ഞതയും സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവും കൊണ്ട് മത്സരങ്ങള്‍ മാറ്റിമറിക്കാന്‍ ക്യാപ്റ്റനല്ലാത്ത ഘട്ടത്തിലും ധോണിക്ക് കഴിയുന്നു. ബാറ്റിംഗില്‍ ധോണിയുടെ മിന്നലാട്ടങ്ങള്‍ തുടരുമെന്നാണ് ഐ പി എല്‍ പ്രേമികളുടെ പ്രതീക്ഷ. ടീമിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച താരമാണ് ധോണി.
2 രോഹിത് ശര്‍മ (38)
പ്രായം 38 ആയെങ്കിലും ഇപ്പൊഴും മുംബൈ ഇന്ത്യന്‍സിന്റെ പവര്‍ഹൗസാണ് രോഹിത് ശര്‍മ. ഓപണിംഗില്‍ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കം മുംബൈക്ക് വലിയ ഊര്‍ജം നല്‍കും. നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും ടീമിന്റെ തന്ത്രങ്ങളിലും യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും രോഹിത്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്. 272 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള രോഹിത് ഐ പി എല്ലില്‍ 7,046 റണ്‍സ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം.
ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ച രോഹിത്, ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പം ഒരു കിരീടം (2009) നേടിയിട്ടുണ്ട്.
3 സുനില്‍ നരെയ്ന്‍ (37)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്ന പരിചയസമ്പന്നനായ കളിക്കാരനാണ് സുനില്‍ നരെയ്ന്‍. 37കാരനായ നരെയ്നിനെ 12 കോടി രൂപക്ക് നിലനിര്‍ത്താനുള്ള കെ കെ ആറിന്റെ തീരുമാനം താരത്തിന്റെ മൂല്യത്തിനുള്ള തെളിവാണ്. 188 മത്സരങ്ങളില്‍ നിന്ന് 192 വിക്കറ്റുകള്‍ നേടിയ നരെയ്ന്‍, ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സ്പിന്നര്‍മാരില്‍ ഒരാളാണ്. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം സ്പിന്‍ ആക്രമണം നയിക്കും. 2012 മുതല്‍ കെ കെ ആറിന്റെ ഭാഗമായ നരെയ്ന്‍, ടീമിന്റെ രണ്ട് കിരീട വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
4 അജിങ്ക്യ രഹാനെ (37)
ഐ പി എല്‍ 2026 സീസണിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത് അജിങ്ക്യ രഹാനെയാണ്. 37കാരനായ രഹാനെയുടെ അനുഭവസമ്പത്തിലും നേതൃപാടവത്തിലും വിശ്വാസമര്‍പ്പിച്ചാണ് ഫ്രാഞ്ചൈസി നായകസ്ഥാനത്ത് നിലനിര്‍ത്തിയത്. 198 മത്സരങ്ങളില്‍ നിന്നായി 5,032 റണ്‍സാണ് സമ്പാദ്യം. ബാറ്റിംഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം ടീമിനെ കിരീടത്തിലേക്ക് നയിക്കുക എന്ന വലിയ ദൗത്യമാണ് രഹാനെക്ക് മുന്നിലുള്ളത്.
5. ഇശാന്ത് ശര്‍മ (37)
37കാരനായ വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മ ഐ പി എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ ബൗളര്‍മാരില്‍ ഒരാളാണ്. ഐ പി എല്‍ 2026ന് മുന്നോടിയായി ഇശാന്തിനെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തുകയായിരുന്നു. ബൗളിംഗ് നിരക്ക് കൂടുതല്‍ ആഴവും അനുഭവസമ്പത്തും നല്‍കാന്‍ ഇഷാന്തിന്റെ സാന്നിധ്യം സഹായിക്കും. 117 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 96 വിക്കറ്റുകളാണ് സമ്പാദ്യം. ശരാശരി: 35.18. ഇക്കണോമി 8.38.



