Connect with us

articles

ചിയേഴ്സ്, വംശഹത്യക്കും വധശിക്ഷക്കും

വധശിക്ഷാ നിയമത്തിനെതിരെ നൂറ്കണക്കിന് ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം തെരുവിലിറങ്ങി. നിയമത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ശക്തമാകുന്നതിനിടെയാണിത്. തടവുകാരുടെ അഭിഭാഷക ഗ്രൂപ്പുകളുടെ ആഹ്വാനത്തെത്തുടര്‍ന്ന് റാമല്ല ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ പ്രതിഷേധങ്ങളിരമ്പി. ഇതേ കുറ്റകൃത്യം ചെയ്യുന്ന ഇസ്‌റാഈലുകാർക്ക് ബാധകമല്ലാത്ത അസമമായ നടപടിയാണ് പുതിയ നിയമം. ഒരേ കുറ്റകൃത്യം, വ്യത്യസ്ത ശിക്ഷ.

Published

|

Last Updated

യൂറോപ്യന്‍ രാജ്യങ്ങളും മനുഷ്യാവകാശ ഗ്രൂപ്പുകളും വിവേചനപരമാണെന്ന് നിശിതമായി വിമര്‍ശിച്ച, ഭീകരപ്രവര്‍ത്തകരായി ഫലസ്തീനികളെ മുദ്രകുത്താന്‍ ലക്ഷ്യം വെച്ചുള്ള വിപുലമായ വധശിക്ഷാ നിയമം ഇസ്‌റാഈല്‍ പാര്‍ലിമെന്റ് പാസ്സാക്കിയത് 2026 മാര്‍ച്ച് 30നാണ്. 12 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നെസെറ്റിലെ 120 അംഗങ്ങളില്‍ 62 പേര്‍ അംഗീകരിച്ച ബില്ല്, 48 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. ശിക്ഷ വിധിച്ച് 90 ദിവസത്തിനുള്ളില്‍ തൂക്കിലേറ്റാന്‍ സൈനിക കോടതികള്‍ക്ക് അധികാരം നല്‍കുന്ന നിയമം ഒരു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ ഏകാന്ത തടവിലേക്ക് മാറ്റുക, കുടുംബാംഗങ്ങളുടെ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കുക, വീഡിയോ ആശയ വിനിമയത്തിലേക്കുള്ള അഭിഭാഷക പ്രവേശനം പരിമിതപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകളും ഉള്‍പ്പെടുന്നു. സമാന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന ജൂത ഇസ്‌റാഈലികള്‍ക്ക് ഇത് ബാധകമല്ല. പ്രോസിക്യൂട്ടര്‍മാരുടെ ഔപചാരിക അഭ്യര്‍ഥന കൂടാതെ കോടതികള്‍ക്ക് വധശിക്ഷ വിധിക്കാം. തീരുമാനങ്ങള്‍ക്ക് ഏകകണ്ഠമായ പിന്തുണ ആവശ്യവുമില്ല. വധശിക്ഷ പുറപ്പെടുവിച്ചാല്‍ അപ്പീലുകള്‍ ഫലപ്രദമായി തടയപ്പെടും.

ഈ നടപടി ഇസ്‌റാഈലിനുള്ളില്‍ പോലും വിമര്‍ശനത്തിന് ഇടയാക്കി. അക്കാദമിക് വിദഗ്ധര്‍, മുന്‍ സൈനികോദ്യോഗസ്ഥര്‍, നിയമ വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 1,200 പൊതുവ്യക്തികള്‍ ഈ നിയമത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. അദാല, പബ്ലിക് കമ്മിറ്റി എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ ഇന്‍ ഇസ്‌റാഈല്‍, ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ നിയമത്തെ അപലപിച്ചു. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നിയമത്തെ അസാധുവാക്കാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിയമം രണ്ട് സമാന്തര പാതകള്‍ സൃഷ്ടിക്കുന്നുവെന്നും ഇത് ഫലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും അസ്സോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്‌റാഈല്‍ അടിവരയിട്ടു. ഇസ്‌റാഈല്‍ നിയമത്തില്‍ ചില കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നിലവിലുണ്ടെങ്കിലും, അത് വളരെ അപൂര്‍വമായേ ഉപയോഗിച്ചിട്ടുള്ളൂ. നാസി പാര്‍ട്ടിയിലെ പ്രമുഖനും യുദ്ധക്കുറ്റവാളിയും ഹോളോകോസ്റ്റിന്റെ പ്രധാന സംഘാടകരില്‍ ഒരാളുമായിരുന്ന അഡോള്‍ഫ് ഐച്ച്മാനെയാണ് 1962 ജൂണ്‍ ഒന്നിന് അവസാനമായി തൂക്കിലേറ്റിയത്.

പതിനായിരത്തിനടുത്ത് ഫലസ്തീനികള്‍
ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരത്തിനടുത്ത് ഫലസ്തീനികള്‍ ഇസ്‌റാഈല്‍ ജയിലുകളില്‍ നരകിക്കുന്നുണ്ട്. വിചാരണ നിഷേധിക്കപ്പെടുകയും സ്വയം പ്രതിരോധിക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് പ്രായപൂര്‍ത്തിയാകാത്തവരുടെ ചോദ്യം ചെയ്യല്‍. കൂടാതെ ഇസ്‌റാഈല്‍ നിയമത്തിനും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും വിരുദ്ധമായി നിയമോപദേശം യഥാസമയം നിഷേധിക്കപ്പെടുന്നു. തീവ്ര ദേശീയവാദ ജൂത പാര്‍ട്ടി നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ സ്വര്‍ണക്കുരുക്കിന്റെ ആകൃതിയിലുള്ള ലാപ്പല്‍ പിന്‍ ധരിച്ചാണ് നെസെറ്റിലെത്തിയത്.

ഫലസ്തീനികളെ സംബന്ധിച്ച് അപ്പീലിനോ ദയാഹരജിക്കോ ഉള്ള വഴികള്‍ അടച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ പൗരനെയോ താമസക്കാരനെയോ ഉപദ്രവിച്ചതായി ആരോപണം ഉയര്‍ന്നാലും ക്രിമിനല്‍ കോടതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാന്‍ ഇതേ നിയമപ്രകാരം കഴിയും. ബില്ല് പാസ്സായപ്പോള്‍ ചേംബറില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങി. ബെന്‍ഗ്വിര്‍ മദ്യക്കുപ്പികള്‍ വീശി തുള്ളിച്ചാടി. പാര്‍ലിമെന്റംഗങ്ങള്‍ക്ക് അത് വിളമ്പിയും കുടിപ്പിച്ചും ആഘോഷിക്കുകയും ചെയ്തു. ബില്ലിനെ പിന്തുണക്കാന്‍ ചേംബറിലെത്തിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നിയമം പാസ്സാക്കിയതിന് നിയമ നിര്‍മാതാക്കളെ അഭിനന്ദിക്കുന്നതും കണ്ടു.

ലോകമെങ്ങും പ്രതിഷേധം
വധശിക്ഷാ നിയമത്തിനെതിരെ നൂറുകണക്കിന് ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം തെരുവിലിറങ്ങി. നിയമത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ശക്തമാകുന്നതിനിടെയാണിത്. തടവുകാരുടെ അഭിഭാഷക ഗ്രൂപ്പുകളുടെ ആഹ്വാനത്തെത്തുടര്‍ന്ന് റാമല്ല ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ പ്രതിഷേധങ്ങളിരമ്പി. ഇതേ കുറ്റകൃത്യം ചെയ്യുന്ന ഇസ്‌റാഈലികള്‍ക്ക് ബാധകമല്ലാത്ത അസമമായ നടപടിയാണ് പുതിയ നിയമം. ഒരേ കുറ്റകൃത്യം, വ്യത്യസ്ത ശിക്ഷ. വര്‍ണവിവേചനത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണിതെന്നും വിമര്‍ശമുയരുകയുണ്ടായി. തടവുകാരെ വധശിക്ഷക്ക് വിധിക്കുന്ന നിയമം ശത്രുവിന്റെ ശക്തിയില്ലായ്മ പ്രഖ്യാപിക്കുന്നു. ജനാധിപത്യ തത്ത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടി ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയമത്തെ അപലപിച്ചു. വധശിക്ഷാ നിയമം മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ പ്രതിബദ്ധതകളുടെയും കാര്യത്തില്‍ വ്യക്തമായ പിന്നോട്ടടിയാണെന്ന് യൂറോപ്യന്‍ യൂനിയന്‍ വക്താവ് അനൗര്‍ എല്‍ അനൗനി മുന്നറിയിപ്പ് നല്‍കി. ബില്ലിന്റെ ആമുഖവും നിയമത്തിന്റെ വിവേചനപരമായ സ്വഭാവവും വളരെയധികം ആശങ്കാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരേ കുറ്റകൃത്യം, വ്യത്യസ്ത ശിക്ഷ, അത് നീതിയല്ലെന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ എക്‌സില്‍ കുറിച്ചത്. ബെര്‍ലിന് നിയമത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നുമാണ് ജര്‍മന്‍ വക്താവ് സ്റ്റെഫാന്റെ പ്രതികരണം.

ശക്തിപ്പെടുത്തുന്നത് വിവേചനം
ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുമെന്നും അധിനിവേശ പ്രദേശങ്ങളിലെ ഫലസ്തീനികളോട് വിവേചനം കാണിക്കുമെന്നും അവര്‍ക്കെതിരായ വധശിക്ഷകള്‍ വിപുലീകരിക്കാന്‍ അനുവദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭയിലെ വിദഗ്ധരും ആംനസ്റ്റി ഇന്റര്‍നാഷനലും ഇസ്‌റാഈല്‍ നിയമനിര്‍മാതാക്കളോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തൂക്കിക്കൊല്ലല്‍ അന്താരാഷ്ട്ര നിയമപ്രകാരം പീഡനമോ ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ ശിക്ഷയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് വധശിക്ഷയെന്ന് ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അത് വിവേചനത്തെയും ദ്വിതല നീതിന്യായ വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു. നിയമം വര്‍ണവിവേചനത്തിന്റെ മുഖമുദ്രയാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ മിഡില്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആദം കൂഗിള്‍ പ്രസ്താവിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെട്ട ഫലസ്തീനികളില്‍ 99.74 ശതമാനവും കുറ്റക്കാരാണെന്നായിരുന്നു കോടതിയുടെ യാന്ത്രിക വിധി.

ഇറാനെതിരായ യുദ്ധം ആരംഭിച്ച ശേഷമുള്ള ആഴ്ചകള്‍ക്കുള്ളില്‍ ഏഴ് ഫലസ്തീനികളെ കൊന്ന ഇസ്‌റാഈല്‍ കുടിയേറ്റക്കാരുടെ വിചാരണ സിവിലിയന്‍ കോടതികളിലാണ്. മാര്‍ച്ച് അവസാനം ഗാര്‍ഡിയന്‍ പത്രം നടത്തിയ വിശകലനമനുസരിച്ച് ഈ ദശകത്തിന്റെ തുടക്കം മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ വധിച്ചതിന് ഇസ്‌റാഈല്‍ തങ്ങളുടെ പൗരന്മാരില്‍ ആരെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. ഇസ്‌റാഈല്‍ അവകാശ സംഘടന യെഷ് ദിന്‍ നടത്തിയ പഠനമനുസരിച്ച് 2005നും 2024നും ഇടയില്‍ വെസ്റ്റ് ബാങ്കില്‍ (കിഴക്കന്‍ ജറൂസലം ഒഴികെ) ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സിവിലിയന്‍ കോടതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കുടിയേറ്റക്കാരുടെ ശിക്ഷാ നിരക്ക് മൂന്ന് ശതമാനം മാത്രം. കുടിയേറ്റക്കാരുടെ അക്രമത്തെക്കുറിച്ചുള്ള 93.8 ശതമാനം അന്വേഷണങ്ങളും കുറ്റപത്രം സമര്‍പ്പിക്കാതെ അവസാനിപ്പിച്ചു.

ഇസ്‌റാഈല്‍ ആഭ്യന്തര തകര്‍ച്ചയിലേക്ക്
ഏറിവരുന്ന സമ്മര്‍ദങ്ങള്‍ക്കിടയില്‍ ആഭ്യന്തര തകര്‍ച്ച ഉണ്ടാകുമെന്ന് ഇസ്‌റാഈല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയത് നിസ്സാരമല്ല. വാര്‍ത്തയനുസരിച്ച് മന്ത്രിസഭാ യോഗത്തിനിടെയായിരുന്നു അത്. ഇറാനും ലബനാനും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന സുരക്ഷാ ദൗത്യങ്ങളുടെ വ്യാപ്തി കൂടുകയാണെന്നും കടുത്ത സൈനിക ക്ഷാമം നേരിടുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. അടിയന്തര ഉത്തരവുകള്‍ പ്രകാരം റിസര്‍വ് സേനയെ തുടര്‍ച്ചയായി ആശ്രയിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

---- facebook comment plugin here -----

Latest