Connect with us

Articles

ഗോപാലകൃഷ്ണന്‍ അറിയാതെ പറഞ്ഞതല്ല

ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയായി എത്തിയ ഉടനെയുള്ള ബി ഗോപാലകൃഷ്ണന്റെ ആദ്യ പ്രതികരണം ഇതാണ്, 'ഗുരുവായൂരപ്പന്റെ നാട്ടില്‍ ഇത്രകാലവും ഒരു ഹിന്ദു എം എല്‍ എ ഉണ്ടായിട്ടില്ല. എല്ലാവരും മുസ്ലിം സമുദായക്കാരാണ്'. ഈ പ്രസ്താവന പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാര്‍ഥി ജാതി, മതം, ദൈവങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കാനുള്ള ശ്രമം അയാളുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കപ്പെടാനുള്ള കാരണമാകുന്നു.

Published

|

Last Updated

ബി ജെ പി- സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകളെ കേവലം വിഡ്ഢിത്തങ്ങളായോ അവസരവാദങ്ങളായോ കണ്ട് തള്ളിക്കളയുന്നത് കൊണ്ടും ട്രോളുന്നത് കൊണ്ടും ഒരു പ്രയോജനവുമില്ല. പരിഹാസങ്ങള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. കുറച്ചുകാലം മുമ്പ് ഗാന്ധിജിയുടെ ചിത്രത്തിലേക്ക് വെടിയുണ്ട ഉതിര്‍ത്ത സംഭവം നടന്നല്ലോ. അതിനെ പരിഹാസത്തോടെയാണ് മിക്കവരും കണ്ടത്. എന്നാല്‍ പിന്നീട് ഗാന്ധിജിക്കെതിരായ നിരന്തര വിമര്‍ശങ്ങളിലൂടെ ഗാന്ധിജി ഒരു ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹം കൊല്ലപ്പെടേണ്ടവനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ക്ക് വ്യാപകമായ പ്രചാരം കിട്ടുകയും ഗോഡ്‌സെ ചെയ്തത് ശരിയാണെന്ന് വാദിക്കുന്നവരുടെ എണ്ണം പെരുകുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. പക്ഷേ അവര്‍ വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. നെഗറ്റീവ് ട്രോളുകള്‍ അവര്‍ക്ക് പ്രചോദനം നല്‍കുകയാണ്.

ഇപ്പോള്‍ ഇത് പറയാനുള്ള കാരണം ഗുരുവായൂരില്‍ ബി ജെ പി/ എന്‍ ഡി എ സ്ഥാനാര്‍ഥിയായ ബി ഗോപാലകൃഷ്ണന്റെ വിവാദമായ പ്രസ്താവനയും അതിനെ തുടര്‍ന്ന് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമപ്രശ്നങ്ങളുമാണ്. ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയായി എത്തിയ ഉടനെയുള്ള ആദ്യ പ്രതികരണം ഇതാണ്, ‘ഗുരുവായൂരപ്പന്റെ നാട്ടില്‍ ഇത്രകാലവും ഒരു ഹിന്ദു എം എല്‍ എ ഉണ്ടായിട്ടില്ല. എല്ലാവരും മുസ്ലിം സമുദായക്കാരാണ്’. ഈ പ്രസ്താവന പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാര്‍ഥി ജാതി, മതം, ദൈവങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കാനുള്ള ശ്രമം അയാളുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കപ്പെടാനുള്ള കാരണമാകുന്നു. ഈ വിഷയത്തില്‍ വളരെക്കാലം മുമ്പ് തന്നെ സുപ്രീം കോടതിയുടെ നിരവധി വിധികള്‍ ഉണ്ടായിട്ടുണ്ട്. മുംബൈയില്‍ മുമ്പ് നടന്ന ഒരു തിരഞ്ഞെടുപ്പില്‍ ശിവസേന നേതാവ് ബാല്‍ താക്കറെ ഒരു സ്ഥാനാര്‍ഥിക്കു വേണ്ടി പ്രസംഗിച്ചത്, ‘ഈ മത്സരം കേവലം ഒരു സ്ഥാനാര്‍ഥിയുടെ ജയം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല, ഹിന്ദുക്കളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയാണ്’ എന്നാണ്. ഇതിനെതിരെ കോടതിയില്‍ പോയപ്പോള്‍ ഹൈക്കോടതി ഇവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുക മാത്രമല്ല ആ സ്ഥാനാര്‍ഥിക്കും ബാല്‍ താക്കറെക്കും ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാനുള്ള അവകാശം തന്നെ നിഷേധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ പോയെങ്കിലും ആ വിധി സ്ഥിരപ്പെടുത്തുകയാണ് ഉണ്ടായത്. അതായത് ഗോപാലകൃഷ്ണന്റെ പ്രസ്താവന നിയമവിരുദ്ധമാണ്, അയാളുടെ സ്ഥാനാര്‍ഥിത്വം തന്നെ റദ്ദാക്കപ്പെടാവുന്നതാണ്. (അന്നത്തെ കോടതികളല്ല ഇന്നുള്ളത് എന്നത് മറ്റൊരു കാര്യം).

ഗോപാലകൃഷ്ണന് താത്പര്യം കൊടുങ്ങല്ലൂരില്‍ മത്സരിക്കാനായിരുന്നു. പക്ഷേ ആ സീറ്റ് ഘടക കക്ഷിയായ ട്വന്റി ട്വന്റിക്ക് നല്‍കി. അതില്‍ തന്നെ ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബി ജെ പിക്ക് താരതമ്യേന ശക്തിയുള്ള ഒരു മണ്ഡലത്തില്‍ എറണാകുളം ജില്ലയിലെ ചില ഭാഗങ്ങളില്‍ മാത്രം സ്വാധീനമുള്ള ഒരു കക്ഷിക്ക് കൊടുത്തത് ബി ജെ പി വോട്ടുകള്‍ മറ്റാര്‍ക്കോ കൊടുക്കാനുള്ള അടവാണ് എന്നും ഇതൊരു ഡീല്‍ ആണെന്നും ഇടതു വലതു മുന്നണികള്‍ പരസ്പരം ആരോപിക്കുന്നുമുണ്ട്. ഒടുവില്‍ ഗോപാലകൃഷ്ണന് നറുക്ക് വീണത് ഗുരുവായൂരിലാണ്. അവിടെ എത്തിയ ഇയാള്‍ മറ്റൊന്ന് കൂടി പറഞ്ഞു. തന്നെ ഗുരുവായൂര്‍ പിടിക്കാന്‍ കൊടുങ്ങല്ലൂരമ്മ (ദേവീക്ഷേത്രത്തിലെ ഭഗവതി) പറഞ്ഞയച്ചതാണത്രെ. ഇതും വിവാദമാകേണ്ടതാണ്.

ചരിത്രപരമായി തന്നെ ഗോപാലകൃഷ്ണന്റെ പ്രസ്താവനയിലെ വിഡ്ഢിത്തം ആര്‍ക്കും ബോധ്യമാകും. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ ഒരു മണ്ഡലമാണ് പൊന്നാനി. ഇസ്ലാം മതവിശ്വാസികളില്‍ നല്ലൊരു വിഭാഗത്തിനും പ്രധാനമായ സ്ഥലം. അവിടെ അടുത്ത കാലത്തൊന്നും ഒരു മുസ്ലിം സ്ഥാനാര്‍ഥി എം എല്‍ എ ആയിട്ടില്ല. മുമ്പ് ഇ കെ ഇമ്പിച്ചിബാവയും ഒരിക്കല്‍ പാലോളി മുഹമ്മദ് കുട്ടിയും മാത്രമാണ് അവിടെ നിന്ന് ജയിച്ച രണ്ട് മുസ്ലിം നാമധാരികള്‍. രണ്ട് പേരും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു താനും. മിക്കവാറും തിരഞ്ഞെടുപ്പുകളില്‍ അവിടെ നിന്ന് ജയിച്ചു വന്നത് ഹിന്ദു വിഭാഗക്കാരായിരുന്നു. അതില്‍ തന്നെ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആയിരുന്നു. ഒരിക്കല്‍ പി ടി മോഹനകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ്സുകാരനും ജയിച്ചിട്ടുണ്ട്. മറ്റൊരു ഉദാഹരണം കൊടുങ്ങല്ലൂരും അതിനടുത്തുള്ള കൈപ്പമംഗലവും ആണ്. അവിടെയും വലിയ തോതില്‍ മുസ്ലിംകള്‍ ഉണ്ട്. പക്ഷേ അവിടെ മുസ്ലിം എം എല്‍ എ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇതുപോലെ നിരവധി മണ്ഡലങ്ങളിലും ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് മതം നോക്കിയല്ല, രാഷ്ട്രീയം നോക്കിയാണ് എന്നതാണ് സത്യം. ചിലപ്പോള്‍ വ്യക്തിഗുണങ്ങളും നോക്കിയേക്കാം. അത് മതമോ ജാതിയോ അല്ല. അങ്ങനെ വേണമെന്ന് പറയുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവരുടെ വാക്കുകളെ മിക്കവരും പുച്ഛത്തോടെ അവഗണിക്കുകയാണ് പതിവ്.

പക്ഷേ ഇത്തരം ചരിത്ര യുക്തികളൊന്നും സംഘ്പരിവാറിന് ബാധകമല്ലെന്ന് നിരവധി അവസരങ്ങളില്‍ അവര്‍ കാണിച്ചിട്ടുണ്ടല്ലോ. നിയമവും ബാധകമല്ല. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ നിന്ന് മൃദുവായിട്ടെങ്കിലും ഒരു ചോദ്യം (എന്ത് നടപടി എടുത്തു എന്ന്?) ഇക്കാര്യത്തില്‍ ഉയര്‍ന്നിട്ടും ബി ജെ പി നേതാക്കള്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി രംഗത്തുവന്നത്. തൃശൂരിലെ സ്ഥാനാര്‍ഥി പദ്മജയും തിരുവനന്തപുരം നേമത്ത് സ്ഥാനാര്‍ഥിയും സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറും ഗോപാലകൃഷ്ണനെ അനുകൂലിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ചില വീടുകള്‍ കയറിയ അനുഭവം കൂടി പറയാം. സവര്‍ണരും താരതമ്യേന സമ്പന്നരുമായ വീടുകളില്‍ ചെന്നപ്പോള്‍ അവര്‍ പറയുന്നു, ‘ഇത് ശ്രീപത്മനാഭന്റെ മണ്ണാണ്. ഇവിടെ സവര്‍ണ ഹിന്ദുക്കള്‍ തന്നെ ജയിക്കണം, ഭരിക്കണം’ എന്ന്. അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. മതേതര സ്വഭാവക്കാര്‍ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഇവരിലൊക്കെ ഇത്ര വര്‍ഗീയ വിഷം കലര്‍ത്തി വിട്ടത് ആരാണ്? അതുകൊണ്ട് തന്നെ പറയാം, ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവന ഒരു നാക്കുപിഴയല്ല. സമൂഹത്തില്‍ വിദ്വേഷ വിഭജനം നടത്താനുള്ള ആഹ്വാനമാണ്. അതിനെ കൃത്യമായി പ്രതിരോധിക്കണം.