Ongoing News
സഊദിയില്‍ താമസിക്കുന്നത് 60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 15 ദശലക്ഷം പ്രവാസികള്‍
സഊദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ഡോ. ഹാല അല്‍-തുവൈജ്രി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ 61-ാമത് സെഷനില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
റിയാദ് | സഊദി അറേബ്യയില്‍ 60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 15 ദശലക്ഷം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കുന്ന ഒരു സംയോജിത നിയമനിര്‍മാണ, സ്ഥാപന, നീതിന്യായ ചട്ടക്കൂടിന് കീഴില്‍ ജോലി ചെയ്തുവരുന്നതായും സഊദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ഡോ. ഹാല അല്‍-തുവൈജ്രി പറഞ്ഞു.
ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ 61-ാമത് സെഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൃഷ്ടിപരമായ സംഭാഷണത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും മനുഷ്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഡോ. ഹാല ഊന്നിപ്പറഞ്ഞു.
കൗണ്‍സിലിന്റെ നിലവിലെ പ്രസിഡന്റിനെ അല്‍-തുവൈജ്രി അഭിനന്ദിച്ചു. യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെയും സംഘത്തിന്റെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സഊദി അറേബ്യ, കൗണ്‍സിലിന്റെ ലക്ഷ്യങ്ങളെ വിലമതിക്കുന്നു. സംയുക്ത സഹകരണത്തിലൂടെ അവ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അല്‍ തുവൈജ്രി പ്രത്യേകം പരാമര്‍ശിച്ചു. തൊഴില്‍ മേഖലയില്‍ തുല്യ അവസരവും തുല്യ പരിഗണനയും പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കുന്നതിനും ബാലവേല തടയുന്നതിനുമായി ദേശീയ നയങ്ങള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.


