articles
20-20 തിരഞ്ഞെടുത്തത് അവരുടെ വഴി തന്നെ
ഇവര്‍ ഭരണം തുടങ്ങിയപ്പോള്‍ തന്നെ പലരും അപകടം തിരിച്ചറിഞ്ഞു. അധികാരം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കല്ല മറിച്ച് കോര്‍പറേറ്റ് മുതലാളിക്കാണ്. അയാള്‍ തീരുമാനിക്കുന്നത് നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ മാത്രമാണ് ജനപ്രതിനിധികള്‍. അഴിമതിയില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നെല്ലാം പ്രചരിപ്പിച്ച് മുന്നോട്ട് പോയതിന്റെ അപകടം ക്രമേണ മനസ്സിലാകാന്‍ തുടങ്ങി.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്താണ് കിഴക്കമ്പലം. തീര്‍ത്തും കാര്‍ഷിക സമൃദ്ധ മേഖലയായിരുന്ന അവിടേക്ക് ഒരു വ്യവസായ സംരംഭവുമായി ഒരാള്‍ വന്നു. തുടക്കം ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. ഒട്ടനവധി സ്ത്രീകള്‍ക്ക് അവിടെ തൊഴില്‍ നല്‍കിയിട്ടുണ്ട്. പക്ഷേ അവരെല്ലാം തങ്ങളുടെ പേരില്‍ എടുത്ത പണം ഈ കമ്പനിക്ക് നല്‍കിയിരുന്നു. എന്നാല്‍ കമ്പനി നഷ്ടത്തിലായി പൂട്ടി. തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലെത്തിയവരുടെ പേരില്‍ കടബാധ്യത വന്നപ്പോഴാണ് ചതി അവര്‍ മനസ്സിലാക്കിയത്. അവര്‍ സങ്കടത്തോടെ കമ്പനിയുടമയെ സമീപിച്ചപ്പോള്‍ അയാള്‍ കൈ മലര്‍ത്തി. സ്ത്രീകള്‍ കടക്കാരായി.
പക്ഷേ വ്യവസായം പിന്നീട് മെച്ചപ്പെട്ടു. അലൂമിനിയം ഗാര്‍ഹിക ഉപകരണങ്ങളില്‍ തുടങ്ങിയ വ്യവസായം പിന്നീട് തുണി അടക്കമുള്ള മേഖലകളിലേക്ക് വ്യാപിച്ചു. രാജ്യത്തിനകത്തും പുറത്തും ഉത്പന്നങ്ങള്‍ക്ക് കമ്പോളം വളര്‍ന്നു. ആയിരക്കണക്കിന് തൊഴിലാളികളായി. പ്രധാനമായും സ്ത്രീകളായിരുന്നു. വ്യവസായിയുടെ മരണശേഷം മകന്‍ ഉടമയായി. വ്യവസായം പിന്നെയും വളര്‍ന്നു.
കേരളത്തിനു പുറത്തും ഉത്പാദനം തുടങ്ങി. നിരവധി രാസമാലിന്യങ്ങള്‍ പുറത്തുവിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തൊഴിലാളികളായി ഇതരസംസ്ഥാനത്ത് നിന്നുള്ളവര്‍ ധാരാളമായി എത്തി. അവരുടെ ജീവിതാവസ്ഥ പരിതാപകരമായിരുന്നു. അവര്‍ കൂട്ടത്തോടെ ജീവിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് പുറത്തുവിട്ട മാലിന്യങ്ങള്‍ പ്രദേശത്തെ പാടശേഖരങ്ങളില്‍ നിറഞ്ഞതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു. ഇതിനെ കമ്പനി പലവിധത്തില്‍ നേരിട്ടു. കമ്പനിയുടമയുടെ വര്‍ഗീയമായ പ്രചാരണം (തന്റെ വ്യവസായം തകര്‍ക്കാന്‍ അന്യ മതസ്ഥരായ ചിലര്‍ നടത്തുന്ന സമരം എന്ന രീതിയില്‍) നടത്തി. മുഖ്യധാരാ രാഷ്ട്രീയത്തിലെ പലരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയിലൂടെ പഞ്ചായത്തിന്റെയും നിയമങ്ങളുടെയും പോലീസിന്റെയും ശേഷി നിഷ്പ്രഭമാക്കി. പണം വാരിയെറിഞ്ഞ് ഇവരെയൊക്കെ കൂടെ നിര്‍ത്തി.
ഇവര്‍ പുറത്തുവിട്ട മാലിന്യങ്ങള്‍ കടമ്പ്രയാറിനെ (തൃക്കാക്കരയിലൂടെ ഒഴുകി വരുന്ന പുഴയെ) മലിനമാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത അന്തരിച്ച എം എല്‍ എ. പി ടി തോമസിനെതിരെ കമ്പനി ശക്തമായ പ്രചാരണം നടത്തി. അവസാന നാള്‍ വരെ അദ്ദേഹം പോരാടി.
രാഷ്ട്രീയക്കാരെ പൂര്‍ണമായും തന്റെ വരുതിക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട കമ്പനി മുതലാളി തന്റെ അടവൊന്നു മാറ്റി. സ്വന്തമായി ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 2014 അവസാനത്തോടെ 20-20 എന്ന കക്ഷിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചു. മുഖ്യധാരാ കക്ഷികളുടെ സംസ്ഥാന നേതൃത്വങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടായിരുന്നതിനാല്‍ അവര്‍ കാര്യമായി പ്രതികരിച്ചില്ല. എന്നാല്‍ പ്രാദേശിക നേതാക്കള്‍ക്ക് ആശങ്കയുണ്ടായി. കാരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവരുടെ ഇടപെടല്‍ അവരുടെ അധികാരത്തെ ബാധിക്കുമല്ലോ.
ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മുഖ്യധാരാ കക്ഷികളെ ഇവര്‍ വെല്ലുവിളിച്ചത് കമ്പനിയുടെ സി എസ് ആര്‍ (കേര്‍പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വം) ഫണ്ട് ഉപയോഗിച്ചാണ്. കമ്പനികളുടെ ലാഭത്തിന്റെ ഒരു പങ്ക് സാമൂഹിക സേവനത്തിന് നല്‍കണമെന്ന നിയമമാണിത്. ഈ പണം ഉപയോഗിച്ച് ജനങ്ങള്‍ക്ക് പല വിധ സൗജന്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. തങ്ങളുടെ സംഘടനയില്‍ അംഗത്വമെടുക്കുന്ന കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗാര്‍ഹിക ഉപയോഗത്തിനും നിത്യോപയോഗത്തിനും വേണ്ട സാധനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആയിരുന്നു അതിലൊന്ന്. ഏറെ വിലക്കുറവില്‍ ലഭിക്കുന്നതിന്റെ ബലത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇതില്‍ ചേര്‍ന്നു. കൂടാതെ അഴിമതിരഹിത ഭരണം എന്ന മോഹനവാഗ്ദാനവും നല്‍കി.
സാധാരണ ജനങ്ങള്‍ ഇവര്‍ക്ക് നല്‍കുന്ന പിന്തുണ മൂലം മുഖ്യധാരാ കക്ഷികളിലെ പല പ്രാദേശിക നേതാക്കളും ഇതിന്റെ നേതൃത്വത്തിലേക്കെത്തി. ഇതു കൂടിയായപ്പോള്‍ ആ കക്ഷികളുടെ ആശങ്ക പല മടങ്ങായി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കിഴക്കമ്പലത്ത് എല്ലാ മുഖ്യധാരാ കക്ഷികളും (യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി അടക്കം) വിളിച്ചു ചേര്‍ത്ത ഒരു പൊതുയോഗത്തില്‍ ഉദ്ഘാടകനായിരുന്നത് ഈ ലേഖകനായിരുന്നു.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോര്‍പറേറ്റ് ഭരണത്തിന്റെ ദുരന്ത സാധ്യതകള്‍ അന്നു തന്നെ വ്യക്തമാക്കപ്പെട്ടതാണ്. ഇത് യാഥാര്‍ഥ്യമായാല്‍ നാളെ അദാനിക്കോ അംബാനിക്കോ ഒരു ജില്ലയോ സംസ്ഥാനമോ തന്നെ പിടിക്കാന്‍ കഴിയുമല്ലോ.
പക്ഷേ ജനങ്ങളില്‍ നല്ലൊരു പങ്കും ഇവരോടൊപ്പം നിന്നു. കിഴക്കമ്പലം അടക്കം ചില പഞ്ചായത്തുകളില്‍ അവര്‍ ഒറ്റക്ക് അധികാരത്തിലെത്തി. പൊതുവെ രാഷ്ട്രീയ കക്ഷികളോട് മധ്യവര്‍ഗ ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് ഇത്തരം കക്ഷികളെ വളര്‍ത്തുന്നതിന് സഹായകമാകാറുണ്ട്. കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയിലെ ചിലര്‍ക്ക് ഇവരുമായി സഖ്യം വേണമെന്നു വരെ നിലപാടുണ്ടായിരുന്നെങ്കിലും ഈ ലേഖകനടക്കം പലരും എതിര്‍ത്തതിനാല്‍ അതു നടന്നില്ല.
ഇവര്‍ ഭരണം തുടങ്ങിയപ്പോള്‍ തന്നെ പലരും അപകടം തിരിച്ചറിഞ്ഞു. അധികാരം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കല്ല മറിച്ച് കോര്‍പറേറ്റ് മുതലാളിക്കാണ്. അയാള്‍ തീരുമാനിക്കുന്നത് നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ മാത്രമാണ് ജനപ്രതിനിധികള്‍. അഴിമതിയില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നെല്ലാം പ്രചരിപ്പിച്ച് മുന്നോട്ട് പോയതിന്റെ അപകടം ക്രമേണ മനസ്സിലാകാന്‍ തുടങ്ങി.
ആദ്യഘട്ടങ്ങളില്‍ ഇവരുടെ ഇടപെടല്‍ നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്സിനും യു ഡി എഫിനുമായിരുന്നു. എന്നാല്‍ പിന്നീട് ഇടതുപക്ഷത്തിനും നഷ്ടമുണ്ടാകാന്‍ തുടങ്ങി. 2021ല്‍ കുന്നത്തുനാട് മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ. വി പി സജീന്ദ്രന്റെ തോല്‍വിക്കും ശ്രീനിജന്റെ വിജയത്തിനും കാരണമായത് ഇവര്‍ പിടിച്ച വോട്ടുകളായിരുന്നു.
ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഒന്നായ ജാക്കോബൈറ്റുകാരില്‍ വലിയ സ്വാധീനം തങ്ങള്‍ക്കുണ്ടെന്നതാണ് ഇവരുടെ ധൈര്യം. ഈ വര്‍ഗീയത ഇവര്‍ നന്നായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എല്ലാം വ്യക്തമായി. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ താന്‍ കൂടെ പോയിരുന്നു എന്നു വരെ അവകാശപ്പെട്ടിരുന്ന മുതലാളി ഇക്കഴിഞ്ഞ ദിവസം തന്റെ യഥാര്‍ഥ യജമാനനെ കണ്ടെത്തിയിരിക്കുന്നു. എന്‍ ഡി എ സഖ്യത്തില്‍ 20-20 ചേരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബി ജെ പിയുടെ ഉന്നത നേതാക്കളെ നേരില്‍ കാണുന്ന ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കാണുകയും ചെയ്തു.
എന്താകും പ്രത്യാഘാതങ്ങള്‍?
നിലവില്‍ ചില പഞ്ചായത്തുകളില്‍ 20-20ക്ക് ഭരണമുണ്ട്. അവയെ എന്‍ ഡി എ പഞ്ചായത്തുകളുടെ പട്ടികയിൽപ്പെടുത്താം. പല തദ്ദേശ സ്ഥാപനങ്ങളിലും എന്‍ ഡി എ അംഗങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യാം. എന്‍ ഡി എക്ക് മതന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെടാം. ഇത്രയും ശരി. പക്ഷേ രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടാകില്ല. നിലവിലുള്ള കക്ഷികളുടെ ദോഷങ്ങള്‍ കണ്ടുമടുത്ത് ഇതില്‍ എത്തിയവര്‍ക്ക് ഇനി അതില്‍ നില്‍ക്കാനാകില്ലല്ലോ. തീര്‍ത്തും വര്‍ഗീയവാദികള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ ഇന്ത്യയില്‍ മതേതരത്വം നിലനിന്നു കാണണം എന്നാഗ്രഹിക്കുന്ന വിഭാഗക്കാര്‍ സ്ഥലം വിടും.
ജനാധിപത്യം എന്നത് ഈ കക്ഷിക്ക് പരിചിതമല്ലാത്ത കാര്യമാണ് എങ്കിലും ഇത്രയും നിര്‍ണായകമായ ഒരു തീരുമാനം എടുക്കുമ്പോള്‍ ഒരാള്‍ ഒറ്റക്ക് അത് ചെയ്യാമോ? യാക്കോബായ ക്രിസ്ത്യന്‍ വിഭാഗത്തിലെ അണികള്‍ കൂടെ നില്‍ക്കും എന്ന ധാരണയും പിഴക്കും. അവര്‍ കൃത്യമായ കക്ഷിരാഷ്ട്രീയ നിലപാടുള്ളവരാണ്. സ്വതന്ത്ര നിലപാട് എന്നതിനാല്‍ മാത്രം 20-20ക്കൊപ്പം നിന്നതാണ് പലരും.
എന്‍ ഡി എ സഖ്യം വന്നാല്‍ അവര്‍ കൂടെ നില്‍ക്കാനുള്ള സാധ്യതയില്ല. ഫലത്തില്‍ എന്‍ ഡി എക്ക് കാര്യമായ ഗുണം ഉണ്ടാകില്ല. തന്നെയുമല്ല കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികളില്‍ നിന്ന് അകന്നുപോയ 20-20 വോട്ടുകളില്‍ നല്ലൊരു പങ്കും തിരിച്ച് അതതു മുന്നണികളിലേക്ക് മടങ്ങി വരാനും സാധ്യതയുണ്ട്.



