articles
സൂക്ഷ്മതയില്ലാത്ത സാമ്പത്തിക വ്യവഹാരങ്ങള്‍
മതനിയമങ്ങള്‍ പഠിപ്പിക്കുന്ന ഈ ജാഗ്രത നമ്മുടെ ഇടപാടുകളില്‍ നിന്ന് നിഷ്‌ക്രമിച്ചുകൊണ്ടിരിക്കുന്നു.
സാമ്പത്തിക വിനിമയങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വിശാലമായ സമയം മാറ്റിവെച്ചിട്ടുണ്ട് ഇസ്്ലാമിക കര്‍മശാസ്ത്രം. നാല് ഭാഗങ്ങളായി തിരിച്ച കര്‍മശാസ്ത്ര വിധികളില്‍ ഒന്നായ മുആമലാത്ത് ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ എന്തെല്ലാം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റും, പറ്റില്ല എന്നതിനെ കുറിച്ച് ഇസ്്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
“അല്ലാഹു കച്ചവടത്തെ അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.’ (2:275) എന്ന ഖുര്‍ആന്‍ വാക്യം ഇടപാടുകളിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഒരുപാട് ആലോചിക്കാനുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പലിശയുടെ ഗണത്തിൽപ്പെട്ടതല്ലെങ്കിലും പാടില്ലെന്ന് പറഞ്ഞ നിരവധി ഇടപാടുകളെ ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.
എന്നാല്‍, മതനിയമങ്ങള്‍ പഠിപ്പിക്കുന്ന ഈ ജാഗ്രത നമ്മുടെ ഇടപാടുകളില്‍ നിന്ന് നിഷ്‌ക്രമിച്ചുകൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വ്യാപിച്ചതോടെ നമുക്കിടയിൽ കയറിവന്ന വ്യത്യസ്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്വര്‍ണത്തെ ചുറ്റിപ്പറ്റിയുള്ള പല ഇടപാടുകളും മതനിയമങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യം സംശയകരമാണ്. ഇന്‍ഷ്വറന്‍സ്, ഓണ്‍ലൈന്‍ കോയിന്‍, ഇ എം ഐ, ക്രെഡിറ്റ് കാര്‍ഡ്, ഷെയര്‍ മാര്‍ക്കറ്റ്, തവണ വ്യവസ്ഥയില്‍ ഇടപാട് നടക്കുന്ന വാഹന വിപണി തുടങ്ങി പലയിടങ്ങളിലും കൃത്യമായ മതവിധി അന്വേഷിക്കാതെ കയറിച്ചെല്ലുന്നവരാണ് പലരും. പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങുമ്പോള്‍ അളവില്‍ കുറവ് വരുന്നതും സ്വര്‍ണ കച്ചവടത്തിന് അഡ്വാന്‍സായി പണം നല്‍കുന്നതും സാർവത്രികമായിരിക്കുന്നു. ബേങ്കില്‍ ആധാരമോ ആഭരണങ്ങളോ പണയംവെച്ച് പലിശക്ക് ലോണടുക്കുന്നതും വ്യാപകമാണ്.
ധാരണക്കുറവ് കൊണ്ടോ മറ്റോ സകാത്തിന്റെ വിതരണത്തില്‍ വീഴ്ച വരുന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. കച്ചവടത്തിന്റെ സകാത്ത്, നിക്ഷേപത്തിന്റെ സകാത്ത്, കുറിയുടെ സകാത്ത് തുടങ്ങി അശ്രദ്ധ കൊണ്ട് പൂര്‍ത്തിയാക്കാതെ വരുന്ന നിര്‍ബന്ധ ദാനത്തിന്റെ പല വകഭേദങ്ങളുമുണ്ട്. തിരുനബി (സ) പ്രവചിച്ചത് എത്ര കൃത്യം “മനുഷ്യര്‍ക്ക് ഒരു കാലം വരാനിരിക്കുന്നു, താന്‍ സമ്പാദിക്കുന്നത് ഹലാലില്‍ നിന്നാണോ ഹറാമില്‍ നിന്നാണോ എന്ന് അവന്‍ ശ്രദ്ധിക്കുകയേ ഇല്ല.’ (ബുഖാരി)
ഹറാം കലര്‍ന്ന സമ്പത്ത് നരകത്തിലേക്ക് വഴി തുറക്കുമെന്ന ബോധ്യമുണ്ടാകണം. നബി(സ) പറഞ്ഞു: “ഹറാമായ സമ്പാദ്യത്തിലൂടെ വളര്‍ന്നുവന്ന ശരീരത്തിന് ഏറ്റവും അര്‍ഹമായത് നരകാഗ്‌നിയാകുന്നു.’ (തിര്‍മിദി). അതിനാല്‍ നമ്മെ വലയം ചെയ്യുന്ന സാമ്പത്തിക വിഷയങ്ങളിലെ മതപരമായ തീർപ്പുകളിലേക്ക് പണ്ഡിതരുടെ സഹായത്തോടുകൂടി എത്തിച്ചേരാനും അതനുസരിച്ച് ജീവിക്കാനും സന്നദ്ധമാകണം.
തീര്‍പ്പാകാത്ത വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കുക എന്നതാണ് വിശ്വാസിക്ക് അഭികാമ്യം. നബി(സ) പറഞ്ഞു: “ഹലാലായവ വ്യക്തമാണ്, ഹറാമായവയും വ്യക്തമാണ്. അത് രണ്ടിനുമിടയില്‍ സംശയാസ്പദമായ ചില കാര്യങ്ങളുണ്ട്. ആരെങ്കിലും അതില്‍ വീണാല്‍ അവന്‍ ഹറാമില്‍ വീണുപോയി.’ (ബുഖാരി, മുസ്്ലിം).


