Uae
അപകട സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തരുത്; ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം
വിമാനത്താവളങ്ങൾക്കുള്ളിൽ അനധികൃതമായി ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി
അബൂദബി|ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി അബൂദബിയിലെ യു എ ഇ ഇന്ത്യൻ എംബസി. അപകട സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും അധികൃതർ കർശന വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. വിമാനത്താവളങ്ങൾക്കുള്ളിലോ നിരോധിത മേഖലകളിലോ അനധികൃതമായി ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുരക്ഷാ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശം പിൻവലിക്കുന്നത് വരെ അവിടെത്തന്നെ തുടരണമെന്നും എംബസി നിർദേശിച്ചു. ചിത്രങ്ങളോ വീഡിയോകളോ പകർത്താൻ വേണ്ടി പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളോ നാശനഷ്ടങ്ങളോ ദൃശ്യമാകുന്ന ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പങ്കുവെക്കുന്നത് ഒഴിവാക്കണം. വിമാനത്താവളങ്ങളിൽ എത്തുമ്പോഴോ യാത്ര തിരിക്കുമ്പോഴോ യാതൊരു കാരണവശാലും ഫോട്ടോയോ വീഡിയോയോ എടുക്കരുത്. താമസസ്ഥലത്തോ പരിസരത്തോ മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. ഇത്തരം വസ്തുക്കളിൽ തൊടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി അഭ്യർഥിച്ചു.


