Articles
ഗൂഗിൾ ഖൈലൂലത്തുറങ്ങുമ്പോൾ
ഇമാം ത്വബ്‌റാനി ഉദ്ധരിച്ച ഹദീസിൽ കാണാം "നിങ്ങൾ ഉച്ചയുറക്കം ശീലിക്കുക, കാരണം പിശാചുക്കൾ ഉച്ചക്ക് ഉറങ്ങാറില്ല
ഈയിടെ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു. പ്രമുഖ ആഗോള കമ്പനിയായ ഗൂഗിളിന്റെ ഓഫീസുകളിൽ ജീവനക്കാർക്ക് പകൽ സമയത്ത് ഉറങ്ങാനായി പ്രത്യേക “നാപ് പോഡുകൾ’ സജ്ജീകരിച്ചിട്ടുണ്ടെന്നതായിരുന്നു അത്. ഹൈടെക് കസേരകളായ ഇവയിൽ സംഗീതവും വെളിച്ചവും നിയന്ത്രിച്ച് 20 മിനുട്ട് സുഖമായി മയങ്ങാൻ സാധിക്കുമത്രേ. ജീവനക്കാർക്ക് ഉച്ച സമയത്ത് അര മണിക്കൂറിൽ താഴെ സമയം ഉറങ്ങാൻ അവസരമൊരുക്കുന്ന ഈ സംവിധാനത്തെ പവർ നാപ് എന്നാണ് വിളിക്കുന്നത്. നൈക്കി, സാപ്പോസ്, സാംസംഗ്, മെറ്റ എന്നിങ്ങനെ പലരും ഇത് നടപ്പാക്കിയതായി പറയപ്പെടുന്നു.
ഉദ്യോഗസ്ഥരുടെ ഉത്പാദനക്ഷമതയും മാനസികാരോഗ്യവും വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന കണ്ടെത്തലാണ് ഈ പരിഷ്‌കരണത്തിന്റെ പ്രേരകം. ഈ തീർപ്പിനു പിന്നിലെ ശാസ്ത്രീയ വിശദീകരണം എന്തായിരുന്നാലും “ഖൈലൂലത്ത്’ എന്ന് പേരിട്ട ഈ “കുഞ്ഞുറക്ക’ത്തെ നബി(സ) അവിടുത്തെ ജീവിതത്തിന്റെ ഭാഗമാക്കുകയും പകർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ത്വബ്‌റാനി ഉദ്ധരിച്ച ഹദീസിൽ കാണാം “നിങ്ങൾ ഉച്ചയുറക്കം ശീലിക്കുക, കാരണം പിശാചുക്കൾ ഉച്ചക്ക് ഉറങ്ങാറില്ല’. “ഖൈലൂലത്ത്’ എന്ന അറബി വാക്കിന്റെ അർഥം ഉച്ചസമയത്തെ വിശ്രമം എന്നാണ്. ഇതിന്റെ സമയത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ രണ്ട് പ്രധാന അഭിപ്രായങ്ങളുണ്ട്. ഭൂരിഭാഗമാളുകളുംളുഹ്റിന് മുമ്പ് എന്ന അഭിപ്രായത്തെ ശരിവെക്കുമ്പോൾ ചിലർ ളുഹ്റിന് ശേഷമുള്ള ചെറിയ മയക്കത്തേയും ഇതിലേക്ക് ചേർത്തിട്ടുണ്ട്. ഖൈലൂലത്ത് എന്നത് ദീർഘനേരത്തെ ഉറക്കമല്ല. അര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ചെറിയൊരു വിശ്രമമാണിത്. ഇത് മുടങ്ങാതെ പതിവാക്കാൻ നബി(സ) ശ്രദ്ധിച്ചിരുന്നു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റക്കിടയിൽ മരുഭൂമിയിൽ, ചെറിയ സൗകര്യങ്ങൾ തരപ്പെടുത്തി വരെ നബി(സ) ഖൈലൂലത്ത് ഉറങ്ങിയതായി ചരിത്രത്തിലുണ്ട്.
ഈ വിശ്രമം ശരീരത്തിനും മനസ്സിനും വലിയ ഉന്മേഷം നൽകുമെന്നും തഹജ്ജുദ് നിസ്‌കാരമടക്കമുള്ള രാത്രിയിലുള്ള ആരാധനക്ക് കരുത്ത് പകരുമെന്നും പണ്ഡിതൻമാർ രേഖപ്പെടുത്തുന്നുണ്ട്. ഇമാം ഇബ്‌നു മാജ റിപോർട്ട് ചെയ്ത പ്രസിദ്ധമായ നബിവചനം ഈ ആശയത്തിന് കൂടുതൽ തെളിച്ചം നൽകുന്നുണ്ട്. നബി(സ) പറയുന്നു: “പകൽ നോമ്പ് അനുഷ്ഠിക്കാൻ അത്താഴം കൊണ്ടും, രാത്രി നിസ്‌കരിക്കാൻ ഖൈലൂലത്ത് കൊണ്ടും നിങ്ങൾ സഹായം തേടുക.’തിരുനബി(സ)യുടെ ചര്യയായ ഈ പകലുറക്കത്തെ എല്ലാ കാലത്തും കൂടെ കൂട്ടാൻ നാം സന്നദ്ധരാകണം. പ്രത്യേകിച്ച് രാത്രി ഉറക്കമൊഴിച്ച് ആരാധനകളിൽ മുഴുകാൻ ശ്രമിക്കുന്ന റമസാൻ അവസാനത്തെ രാത്രികൾക്കായി നമുക്കൽപ്പം പകലുറക്കം പതിവാക്കാം.





