Kerala
പണിമുടക്കിയ നഴ്‌സുമാരെ കയ്യേറ്റം ചെയ്തു; പിരിച്ചുവിടുമെന്ന് ഭീഷണിയും
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ യു എന്‍ എയുടെ പരാതി
കോഴിക്കോട് | ശമ്പള വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കിയ നഴ്‌സുമാരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അധികൃതര്‍ കയ്യേറ്റം ചെയ്തതായും പിരിച്ചുവിടല്‍ ഭീഷണി മുഴക്കിയതായും ആരോപണം. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കി സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും സമരം നടത്തുന്നത്.
ഇന്ന് സമരം ചെയ്യുമെന്ന് നേഴ്‌സുമാര്‍ ഇന്നലെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ രാവിലെ നേഴ്‌സുമാര്‍ക്ക് ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചെന്നും യു എന്‍ എ ഭാരവാഹികള്‍ പറയുന്നു. ഇന്ന് സമരത്തിന് കൂടുതല്‍ നേഴ്‌സുമാര്‍ എത്തിയിരുന്നു. ഇവരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തുവെന്നും നേഴ്‌സുമാര്‍ ആരോപിക്കുന്നു.
സമരം മുന്നോട്ട് കൊണ്ടുപോവും. അടിസ്ഥാന ആവശ്യങ്ങള്‍ ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ നല്‍കുന്നില്ല. ഇന്ന് ജോലി ചെയ്യാത്ത മുഴുവന്‍ സ്റ്റാഫുകളേയും ടെര്‍മിനേറ്റ് ചെയ്യുമെന്നുമാണ് ആശുപത്രി മാനേജ് മെന്റിന്റെ ഭീഷണിയെന്നും നേഴ്‌സുമാര്‍ പറയുന്നു. അതേസമയം, നേഴ്‌സുമാരെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ആശുപത്രി മാനേജ്‌മെന്റ് തള്ളി.
ശമ്പള വര്‍ധനയില്‍ യു എന്‍ എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം നടക്കുന്നത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വര്‍ധിപ്പിച്ച കരട് വിജ്ഞാപനം നഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ അംഗീകരിച്ചിരുന്നില്ല.


