Connect with us

articles

ഈ യുദ്ധമെന്തിനാണ്?

എന്തായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം? എന്ത് നേടിയാല്‍ ആക്രമണം നിര്‍ത്തും? സംഘര്‍ഷം അവസാനിക്കുമ്പോള്‍ ഇറാനില്‍ എന്തൊക്കെ മാറ്റം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്? ആക്രമണ വിരാമത്തിനായി നടക്കാനിടയുള്ള ചര്‍ച്ചയില്‍ എന്തൊക്കെയാകും യു എസ് മുന്നോട്ട് വെക്കുക? കൃത്യമായ ഒരു ഉത്തരവും മുന്നിലില്ല. മുസ്തഫ പി എറയ്ക്കൽ

Published

|

Last Updated

“ഇസ്‌റാഈല്‍ ഇറാനെ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്ന് ഇറാന്‍ ഞങ്ങളെ ആക്രമിക്കുമായിരുന്നു. അതിന് മുമ്പ് അവരെ നേരിട്ടില്ലായിരുന്നുവെങ്കില്‍ നമുക്ക് കൂടുതല്‍ കെടുതി ഉണ്ടായേനെ. അങ്ങനെ സംഭവിച്ചെങ്കില്‍, എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വരുമായിരുന്നു’.

വല്ലതും മനസ്സിലായോ? ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്താണ് എന്ന ചോദ്യത്തിന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ നല്‍കിയ മറുപടിയാണിത്. ഇറാനില്‍ അമേരിക്കയും ഇസ്‌റാഈലും നടത്തുന്നത് തുടങ്ങിക്കുടുങ്ങിയ ഏറ്റുമുട്ടലാണെന്ന് വ്യക്തമാകാന്‍ ഇതിനേക്കാള്‍ നല്ലൊരു പ്രസ്താവന വേറെയില്ല. എന്തായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം? എന്ത് നേടിയാല്‍ ആക്രമണം നിര്‍ത്തും? സംഘര്‍ഷം അവസാനിക്കുമ്പോള്‍ ഇറാനില്‍ എന്തൊക്കെ മാറ്റം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്? ആക്രമണ വിരാമത്തിനായി നടക്കാനിടയുള്ള ചര്‍ച്ചയില്‍ എന്തൊക്കെയാകും യു എസ് മുന്നോട്ട് വെക്കുക? പല ഉത്തരങ്ങളാണ് മുന്നിലുള്ളത്. തുടക്കത്തില്‍, ട്രംപ് പറഞ്ഞത് ഇറാന്റെ ആണവ പരിപാടി തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ്. പിന്നെ പറഞ്ഞു ബാലിസ്റ്റിക് മിസൈലുകളാണ് പ്രശ്‌നമെന്ന്. അദ്ദേഹം പിന്നെയും ഗോള്‍ പോസ്റ്റ് മാറ്റി; ഇറാനില്‍ ഭരണകൂടം മാറാതെ പിന്‍മാറില്ല. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയെ കൊന്നുതള്ളിയതോടെ ഇറാനില്‍ വന്‍ നേതൃപ്രതിസന്ധിയുണ്ടാകുമെന്നും ജനം തെരുവിലിറങ്ങുമെന്നും ആ കൂട്ടക്കുഴപ്പങ്ങള്‍ക്കിടെ പാവസര്‍ക്കാറിനെ വാഴിക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എല്ലാം പിഴച്ചു. കൂടുതല്‍ അക്രമോത്സുക ഇറാനെയാണ് പിന്നെ കണ്ടത്. നേതൃനഷ്ടം അവരെ കൂടുതല്‍ കരുത്തരാക്കി. അപ്പോള്‍ ഒരു ലജ്ജയുമില്ലാതെ ട്രംപ് ആ വാക്കുകള്‍ മൊഴിഞ്ഞു: “ഖാംനഈയുടെ പിന്‍ഗാമിയെ ഞാന്‍ നിശ്ചയിക്കും. മുജ്തബാ ഖാംനഈ (ആയത്തുല്ല അലി ഖാംനഈയുടെ മകന്‍)യെ എനിക്ക് സ്വീകാര്യമല്ല’.

എന്നാല്‍ ട്രംപിന്റെ ചുറ്റും നില്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്നത് കടകവിരുദ്ധമായ ലക്ഷ്യവും പദ്ധതികളുമാണ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പറയുന്നത് ഇതൊരു ഭരണ അട്ടിമറി യുദ്ധമല്ലെന്നാണ്. അങ്ങനെയൊരു ലക്ഷ്യമേയില്ല. ഈ ആക്രമണം എത്രനാള്‍ നീളുമെന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാകില്ലെന്നാണ് ഹെഗ്‌സേത്തിന്റെ മറുപടി. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് മേധാവി ജനറല്‍ ഡാന്‍ കെയിന്‍ ഉള്ള കാര്യം ഉള്ളുതുറന്ന് പറഞ്ഞിരിക്കുന്നു: “ഇറാനില്‍ ഇപ്പോള്‍ മുന്നോട്ടുവെച്ച ഒരു ലക്ഷ്യവും എളുപ്പം നേടാനാകില്ല. ലക്ഷ്യം പുനര്‍നിര്‍മിക്കണം’. യു എസ് കോണ്‍ഗ്രസ്സിലോ പൊതുസമൂഹത്തിലോ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ട്രംപ് ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന് ചുരുക്കം. ഇടക്കിടക്ക് ഭീഷണി ആവര്‍ത്തിക്കുക. ഇസറാഈലിനെ കൂടുതല്‍ ആയുധമണിയിക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ക്ഷണിച്ചുവരുത്തുക. നിര്‍ത്താനാകാത്ത ഒരു ആക്രമണവൃത്തത്തിന് നടുവില്‍ നിന്നുകൊണ്ട് ഇത്രയൊക്കെയേ ട്രംപിന് ചെയ്യാനുള്ളൂ.

ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം യു എസില്‍ നടന്ന സര്‍വ സര്‍വേകളിലും ട്രംപിനെ ജനം തൂക്കിയെറിഞ്ഞതിന് കാരണം ഈ അവ്യക്തതയാണ്. ഇറാഖ് ആക്രമിച്ചപ്പോള്‍ നുണയാണെങ്കിലും കൂട്ടനശീകരണ ആയുധം എന്ന പ്രൊപ്പഗണ്ട കൃത്യമായി നടത്താന്‍ സാധിച്ചിരുന്നു. വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റിനെ പിടിച്ചുകൊണ്ടുവന്നതിന് ഒരു കാരണവും ട്രംപ് യു എസ് ജനതയോട് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത ഏത് ആണവായുധം തേടിയാണ് ഈ ആക്രമണമെന്ന ചോദ്യം യു എസ് പോളിറ്റി ഉച്ചത്തില്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ട്രംപിന്റെ ഇറാന്‍ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാര്‍ മാത്രമെന്നാണ് റോയിട്ടേഴ്‌സ് ഇപ്‌സോസ് സര്‍വേ ഫലം. 49 ശതമാനം പേര്‍ ആക്രമണം നിര്‍ത്തണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 29 ശതമാനം പേര്‍ തീര്‍പ്പിലെത്താനാകുന്നില്ലെന്നാണ് രേഖപ്പെടുത്തിയത്. യുദ്ധാനുകൂലികളില്‍ നല്ല പങ്കും ട്രംപിന്റെ സ്വന്തം റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരാണെന്ന് കാണണം.

പാര്‍ട്ടിയിലെ 55 ശതമാനം പേര്‍ യുദ്ധത്തെ അനുകൂലിച്ചപ്പോള്‍ 13 ശതമാനം പേര്‍ എതിരാണ്. 32 ശതമാനം പേര്‍ ഇക്കാര്യത്തില്‍ ഉറച്ച അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറായില്ല. മഹാഭൂരിപക്ഷം പേര്‍ക്കും യുദ്ധത്തോട് താത്പര്യമില്ലെന്നാണ് മൊത്തം സര്‍വേ ഫലം തെളിയിക്കുന്നത്. സെനറ്റ് ബ്രീഫിംഗിനിടെ മുന്‍ സൈനികന്‍ നടത്തിയ നാടകീയ പ്രതിഷേധം ലോകം മുഴുവന്‍ കണ്ടതാണ്. അദ്ദേഹത്തെ ഒരു ഡസനിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കായികമായി നേരിടുമ്പോഴും തന്റെ നിലപാട് അത്യന്തം പോരാട്ടവീര്യത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ‘ഇത് അമേരിക്കയുടെ യുദ്ധമല്ല. ഇത് ഇസ്‌റാഈലിന്റെ യുദ്ധമാണ്. ഇസ്‌റാഈലി ന്റെ അധിനിവേശ ഭ്രാന്തിന് യു എസ് സൈനികരെ ബലികൊടുക്കരുത്’- സൈന്യത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ബ്രെയിന്‍ മക്ഗിന്നിസെന്ന മനുഷ്യന്‍ ഇങ്ങനെ പ്രതിഷേധിക്കുമ്പോള്‍ കുനിഞ്ഞ ശിരസ്സോടെ നിശബ്ദത പുല്‍കാനേ ഭരണക്കാര്‍ക്ക് സാധിക്കുന്നുള്ളൂ. അമേരിക്കന്‍ ജനതക്ക് ട്രംപിന്റെ യുക്തി മനസ്സിലാകാത്തത് എന്തുകൊണ്ടാണ്? ഈ താരതമ്യം ഉത്തരം നല്‍കും. യു എസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുക്കുന്ന ആക്രമണ ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഏകദേശം 35,000 ഡോളറാണ് ചെലവ് വരുന്നത്. എന്നാല്‍ ഇതിനെ തടുക്കാനുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും കൗണ്ടര്‍ ഡ്രോണുകള്‍ക്കും യു എസിന് ചെലവാകുന്നത് അര ലക്ഷം ഡോളര്‍ മുതല്‍ 40 ലക്ഷം ഡോളര്‍ വരെയാണ്. യു എസ് സമ്പദ്‌വ്യവസ്ഥക്ക് മേല്‍ സ്ഥാപിച്ച ടൈം ബോംബാണ് പശ്ചിമേഷ്യന്‍ ആക്രമണം.

ആക്രമണ, പ്രത്യാക്രമണം പത്താം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ആശയക്കുഴപ്പത്തിന്റെ ഇരുട്ടില്‍ തന്നെയാണ് ഇറാനുമെന്ന പ്രതീതിയാണ് പ്രസിഡന്റ്മസൂദ് പെസഷ്‌കിയാന്റെ ക്ഷമാപണ വീഡിയോ സൃഷ്ടിച്ചത്. അയല്‍ക്കാരെ ഇനി ആക്രമിക്കില്ലെന്നും നേരത്തേ നടന്ന ആക്രമണങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഔദ്യേഗിക മാധ്യമം വഴി പുറത്തുവിട്ട വീഡിയോയില്‍ പെസഷ്‌കിയാന്‍ പറഞ്ഞത്. ഇങ്ങോട്ട് ആക്രമിക്കാതെ ഗള്‍ഫ് രാജ്യങ്ങളുടെ മേല്‍ ഇനി ആയുധപ്രയോഗം നടത്തില്ല. ഇറാന്‍ കീഴടങ്ങുമെന്ന് ആരും സ്വപ്‌നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ശ്രദ്ധേയമായ കാര്യം പെസഷ്‌കിയാന്‍ ഉപയോഗിച്ച പദങ്ങളാണ്.

സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പശ്ചാത്തപിക്കുന്നു (റിഗ്രറ്റ്) എന്ന പദമാണ് ഉപയോഗിക്കുക. പക്ഷേ, അദ്ദേഹം ഒരുപടി കടന്ന് ക്ഷമാപണം (അപ്പോളജി) തന്നെ നടത്തി. അറബ് രാജ്യങ്ങളിലെ യു എസിന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമേ ആക്രമിക്കുന്നുള്ളൂവെന്ന, ഇറാന്‍ തുടക്കം മുതല്‍ ഉയര്‍ത്തിപ്പിടിച്ച നിലപാട് ദുര്‍ബലപ്പെടുത്തുന്നതാണ് ഈ ക്ഷമാപണം. മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ എയര്‍ ചെയ്യുന്ന മിനുട്ടുകളില്‍ തന്നെ യു എ ഇയടക്കമുള്ളവക്ക് മേല്‍ ആയുധ വര്‍ഷമുണ്ടായി. അടുത്ത മണിക്കൂറുകളില്‍ അത് രൂക്ഷമായി. ബഹ്‌റൈനിലെ ജലശുദ്ധീകരണ സംവിധാനങ്ങള്‍ക്ക് മേല്‍ പോലും ആക്രമണമുണ്ടായി. പെസഷ്‌കിയാന്റെ വാക്കുകളില്‍ ആശ്വസിച്ച മനുഷ്യരെ മുഴുവന്‍ നിരാശയിലേക്ക് തള്ളിവിട്ട് ആക്രമണം മുമ്പുള്ളതിനേക്കാള്‍ കടുക്കുകയാണുണ്ടായത്.

ഇതെങ്ങനെ സംഭവിച്ചു? ഒന്നുകില്‍ ആശയവിനിമയത്തിലെ പ്രശ്‌നം. പ്രസിഡന്റിന്റെ നിലപാട് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) നേതൃത്വം അറിഞ്ഞില്ല. അതാണ് ശരിയെങ്കില്‍ എന്ത് കെട്ടുറപ്പാണ് ഇറാന് അവകാശപ്പെടാനാകുക. രണ്ടാമത്തെ സാധ്യത ഇറാന്റെ സിവിലിയന്‍ നേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുവെന്നാണ്. ക്ഷമാപണ വീഡിയോയില്‍ ഐ ആര്‍ ജി സിക്ക് അതൃപ്തിയുണ്ട്. അവരത് പ്രകടിപ്പിച്ചത് ആക്രമണം രൂക്ഷമാക്കിക്കൊണ്ടാണ്. ഈ തിയറിക്കാണ് സ്വീകാര്യത കൂടുതല്‍. ഖാംനഈക്ക് പകരം വരുന്ന നേതൃത്വത്തിന് കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ താരതമ്യേന ശാന്തമായ അന്തരീക്ഷം വേണമായിരുന്നു. അറബ് രാജ്യങ്ങളെ ഇറാനെതിരെ തിരിക്കുകയെന്ന യു എസ്, ഇസ്‌റാഈല്‍ തന്ത്രം വിജയിച്ചാല്‍ പിന്നെ കൂടുതല്‍ സങ്കീര്‍ണമായ അന്തരീക്ഷത്തിലേക്കാകും പുതിയ നേതൃത്വം കടന്നുവരിക. ഇതൊഴിവാക്കാന്‍ പെസഷ്‌കിയാന്‍ ആത്മാര്‍ഥമായി ഇടപെട്ടുവെന്നതാണ് മറ്റൊരു സാധ്യത. പെസഷ്‌കിയാന്‍ സ്വയം വ്യത്യസ്തനാകാന്‍ ശ്രമിച്ചുവെന്ന ആരോപണവും അന്തരീക്ഷത്തിലുണ്ട്.

ഒരു വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രധാന അനുരഞ്ജക പദവിയിലേക്ക് കയറിനില്‍ക്കാന്‍ ശ്രമിക്കുകയാണ് ഇറാന്‍ പ്രസിഡന്റെന്നതാണ് ആ ആരോപണത്തിന്റെ കാതല്‍. പെസഷ്‌കിയാന്റെ പ്രസ്താവന ഒരു ഫലവും ഉണ്ടാക്കിയില്ലെന്ന വസ്തുത മുന്‍നിര്‍ത്തി ഇത്രമാത്രം പറയാം. ഇറാനില്‍ രണ്ട് പാളികള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒന്ന്, സംയമനത്തിന്റേത്. രണ്ട് ആക്രമണ വ്യാപനത്തിന്റേത്. ഈ ആഭ്യന്തര വൈരുധ്യം രൂക്ഷമായാല്‍ ഐ ആര്‍ ജി സിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഒരു പക്ഷേ, അതാകും ഈ സംഘര്‍ഷത്തിന് അന്ത്യം കുറിക്കുക. ഏതായാലും ഇറാൻ ദുർബലപ്പെട്ടതിന്റെ തെളിവാണ് പെസഷ്കിയാന്റെ പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല.
ഇറാന്റെ സുനിശ്ചിത കൂട്ടാളിയെന്ന് കരുതപ്പെടുന്ന യമനിലെ ഹൂതികള്‍ അതിശയകരമായ ഇടപെടാതിരിക്കല്‍ നയം തുടരുന്നു. റഷ്യ പ്രത്യക്ഷത്തില്‍ കളത്തിലില്ല. ചൈന ഇന്നലെ മാത്രമാണ് ഭരണ അട്ടിമറി അനുവദിക്കില്ലെന്ന് അര്‍ഥവത്തായ ഒരു വാക്ക് മൊഴിഞ്ഞത്. ഇന്ധനത്തിന്റെ കാര്യത്തില്‍ മാത്രമല്ല വമ്പന്‍ പ്രോജക്ടുകളില്‍ ചൈനയുടെ പങ്കാളിയാണ് ഇറാന്‍. ഇന്ത്യ തുടക്കത്തിലേ പിന്നില്‍ നിന്ന് കുത്തി. ക്ഷണിച്ചുവരുത്തി ഇറാന്റെ നാവികരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കുരുതി കൊടുത്തു. ഒറ്റക്ക് പൊരുതുന്ന ഇറാന് മേല്‍ വലിയ സമ്മര്‍ദമുണ്ട്. സ്വാഭാവികമായും ആശയക്കുഴപ്പങ്ങളും.

ഒരു ആശയക്കുഴപ്പവുമില്ലാത്തത് ഇസ്‌റാഈലിനാണ്. ഇറാനെ മുച്ചൂടും മുടിക്കുക. പറ്റുമെങ്കില്‍ ഇറാനിലെ കുഞ്ഞുങ്ങളെപ്പോലും കൊന്നു തീര്‍ക്കുക. അറബ്- ഇറാന്‍ ഭിന്നത സൃഷ്ടിക്കുക, രൂക്ഷമാക്കുക. ഫലസ്തീന്‍ അധിനിവേശം നിര്‍ബാധം തുടരുക. യു എസിന്റെ തോളിലേറി നിന്ന് കുരുതി തുടരുക. നെതന്യാഹുവിനെ നീതിന്യായ കോടതിയോ ജനകീയ കോടതിയോ വിചാരണ ചെയ്യാതെ നോക്കുക. ഇത് ഇസ്‌റാഈലിന്റെ യുദ്ധമാണ്.

ഒരു കാര്യത്തില്‍ ട്രംപിനുമുണ്ട് സ്ഫടികതുല്യമായ വ്യക്തത. വാര്‍ പ്രോസ്പിരിറ്റിയാണത്. യുദ്ധം സമൃദ്ധി കൊണ്ടുവരും. ആര്‍ക്ക്? ജീവിതോപാധികള്‍ തേടി പ്രവാസം തിരഞ്ഞെടുത്ത ലക്ഷക്കണക്കായ മനുഷ്യര്‍ക്ക് യുദ്ധം നിതാന്ത യാതനയുടേതും അലച്ചിലിന്റേതും തൊഴില്‍ നഷ്ടത്തിന്റേതുമാണ്. സാമാന്യ മനുഷ്യര്‍ക്ക് മുഴുവന്‍ യുദ്ധം മരണവും ഭയവും വിലക്കയറ്റവും ക്ഷാമവും പലായനവും നീണ്ട ക്യൂകളും റേഷനിംഗുമാണ്. എന്നാല്‍ സാമ്രാജ്യത്വശക്തികള്‍ക്ക് എക്കാലവും യുദ്ധം സാമ്പത്തിക കുതിപ്പിന്റെ സുവര്‍ണാവസരമാണ്. അശാന്തമായ അതിര്‍ത്തികള്‍ ആയുധവിപണി സൃഷ്ടിക്കും. ന്യായവിലയും മാന്യമായ ലാഭവ്യവസ്ഥകളുമില്ലാത്ത കമ്പോളം സൃഷ്ടിക്കും. ഇറാനില്‍ ആക്രമണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ട്രംപ് വിളിച്ചു ചേര്‍ത്ത സുപ്രധാന യോഗം ആയുധക്കമ്പനികളുടേതാണെന്നോര്‍ക്കണം. ആയുധ നിര്‍മാണം നാലിരട്ടി വര്‍ധിപ്പിക്കാനാണ് യോഗം തീരുമാനിച്ചത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest