Kerala
ആറ്റുകാല്‍ പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്നു പൊള്ളലേറ്റ യുവതി മരിച്ചു
കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പിന്നിലെ അടുപ്പില്‍ നിന്നു പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്.
പൊള്ളലേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. തമ്പാനൂര്‍ ഭാഗത്ത് അടുത്തടുത്ത് അടുപ്പൂകൂട്ടിയിരുന്നു. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.
പൊങ്കാലയ്ക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണവുമായി വിജിഷയുടെ ഭര്‍ത്താവ് രംഗത്തുവന്നു. പൊങ്കാലസ്ഥലത്ത് ഗുരുതരമായ ആസൂത്രണ പിഴവ് ഉണ്ടായി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
തമ്പാനൂരില്‍ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് അപകടത്തിനു കാരണമെന്ന് മേയര്‍ വി വി രാജേഷ് പ്രതികരിച്ചു. ആദ്യമായാണ് പൊങ്കാലക്കിടെ അപകട മരണം ഉണ്ടാകുന്നത്. ഇത്രയും ദാരുണമായ സംഭവമുണ്ടായിട്ടും അധികൃതര്‍ അതു മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. തീ പടര്‍ന്നപ്പോള്‍ മറ്റു സ്ത്രീകള്‍ കൈവശമുള്ളവെള്ളം ഒഴിച്ചാണു തീ കെടുത്തിയതെന്നാണ് വിവരം.
സംഭവം ഉണ്ടായപ്പോള്‍ തന്നെ അറിഞ്ഞു എന്നാണ് മേയര്‍ വി വിരാജേഷ് പറയുന്നത്. എന്നാല്‍ അറിഞ്ഞ ശേഷം എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ല. സംഭവം ഉണ്ടായശേഷം മുടിവയ്ക്കാന്‍ ആസൂത്രിത ശ്രമം നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേഹത്ത് തീ പടര്‍ന്ന സ്ത്രീ ആത്മ രക്ഷാര്‍ഥം ഹോട്ടലില്‍ ഓടിക്കയറുകയായിരുന്നു.



