Uae
ദുബൈയിൽ വിദേശി നയിക്കുന്ന 13 അംഗ ഭിക്ഷാടന സംഘം പിടിയിൽ
വ്യാജ കഥകളിൽ വഞ്ചിതരാകരുതെന്ന് പോലീസ്
ദുബൈ|വിദേശത്തിരുന്ന് സംഘത്തലവൻ നിയന്ത്രിച്ചിരുന്ന 13 അംഗ ഭിക്ഷാടന മാഫിയയെ ദുബൈ പോലീസ് പിടികൂടി. രാജ്യത്ത് കുടുങ്ങിപ്പോയതാണെന്നും സഹായം വേണമെന്നും കാണിച്ച് ജനങ്ങളുടെ വികാരം ചൂഷണം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിന് പുറമെ ലക്ഷ്വറി കാറുകൾ സ്വന്തമായുള്ള ഭിക്ഷാടകരെയും വൻതുക കൈവശം വെച്ചവരെയും പോലീസ് പിടികൂടി. റമസാനിലെ ജനങ്ങളുടെ ദാനധർമ ശീലം മുതലെടുക്കാനായി സന്ദർശക വിസയിലെത്തുന്നവരാണ് പിടിക്കപ്പെടുന്നവരിൽ 90 ശതമാനവുമെന്ന് ദുബൈ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സാലം അൽ ശംസി പറഞ്ഞു.
പകൽ സമയം ഭിക്ഷാടനം നടത്തി രാത്രിയിൽ ആഡംബര കാറുകളിൽ കറങ്ങുന്ന ഭിക്ഷാടകരെയും പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്ന് ലക്ഷ്വറി കാറുകൾ സ്വന്തമായുള്ള ഒരാൾ ഭിക്ഷാടനത്തിലൂടെ വൻതുക സമ്പാദിച്ചതായി സമ്മതിച്ചു. മറ്റൊരു സംഭവത്തിൽ വാഹനയാത്രക്കാരെയും മറ്റും സമീപിച്ച് ഭിക്ഷാടനം നടത്തിയ വ്യക്തിയിൽ നിന്ന് 20,000 ദിർഹം പോലീസ് കണ്ടെടുത്തു. റാസ് അൽ ഖൈമയിൽ നിന്ന് 11,000 ദിർഹം കൈവശം വെച്ച ഭിക്ഷാടകനടക്കം 19 പേരെ പിടികൂടിയിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ഇലക്ട്രോണിക് ഭിക്ഷാടനം നടത്തുന്നതിനെതിരെയും അധികൃതർ ജാഗ്രതാ നിർദേശം നൽകി. ക്ലിനിക്കുകൾ, മാർക്കറ്റുകൾ, പള്ളികൾ എന്നിവിടങ്ങളിൽ വ്യാജ കഥകൾ പറഞ്ഞ് എത്തുന്നവരിൽ വഞ്ചിതരാകരുതെന്നും ഭിക്ഷാടകരോട് സഹതാപം കാണിക്കരുതെന്നും പോലീസ് അഭ്യർഥിച്ചു.



