Kerala
മൂന്നാം ടി 20 കിരീടം; സഞ്ജുവിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും
തിരുവനന്തപുരത്തായിരിക്കും സഞ്ജുവിനു സ്വീകരണം നല്‍കുക
തിരുവവന്തപുരം | മൂന്നാം ടി 20 കിരീടംചൂടി ഇന്ത്യയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സഞ്ജുവിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സഞ്ജുവിന്റെ വലിയ ആത്മാര്‍ത്ഥതയും പരിശ്രമവും കൊണ്ടാണ് ലോകത്തോളം വളര്‍ന്നത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നുതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരത്തായിരിക്കും സഞ്ജുവിനു സ്വീകരണം നല്‍കുക. നമ്മുടെ സഞ്ജു ലോകത്തെമ്പാടുമുള്ള കായികപ്രേമികള്‍ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. കേരളത്തിന്റെ പുത്രനായ സഞ്ജു കുറെ നാളുകളായി അവസരങ്ങള്‍ നഷ്ടപ്പെട്ട വ്യക്തിയാണ്. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് കേരളത്തിലെത്തുന്ന സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കുമെന്നും ശിവന്‍ കുട്ടി പറഞ്ഞു.
ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു സഞ്ജു.ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററായത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ മാത്രം നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമി സാധ്യതകള്‍ തുലാസിലായതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തയാറായത്. സിംബാബ്വെക്കിതെരായ മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് ടീമിന് നല്ല തുടക്കമിട്ട സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിന് സെമിയിലെത്തിച്ചു.സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി ടോപ് സ്‌കോററായ സഞ്ജു ഫൈനലില്‍ 44 പന്തില്‍ 89 റണ്‍സെടുത്ത് തുടര്‍ച്ചയായ മൂന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളോടെ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.



