Kerala
അങ്കമാലിയിലെ ജാസ്ലിയയുടെ മരണം: പ്രതിയെ പിടികൂടുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ല; പോലീസിന് ക്ലീന്‍ ചീറ്റ്
പ്രതിയെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ റൂറല്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നു
കൊച്ചി|അങ്കമാലിയില്‍ ബിരുദ വിദ്യാര്‍ഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ പോലീസിന് ക്ലീന്‍ ചീറ്റ്. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ റൂറല്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നു. പ്രതിയായ ഡോ. സിറിയക് ജോര്‍ജിനെ പിടികൂടാന്‍ കൃത്യമായ പരിശോധന നടത്തിയെന്നും പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിയെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്നായിരുന്നു പോലീസ് പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിന് മുമ്പ് ഇയാളുടെ പിതാവ് ജോര്‍ജ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ 19കാരി ജാസ്ലിയ ജോണ്‍സണെ ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് സിറിയക് ജോര്‍ജ് ഓടിച്ച വാഹനമിടിച്ചത്. പാര്‍ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ജാസ്ലിയ വാഹനാപകടത്തില്‍ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്ലിയയുടെ അവയവങ്ങള്‍ കുടുംബം ദാനം ചെയ്തിരുന്നു.


