National
കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ബാറ്റിങ്ങ്; സഞ്ജുവില്‍ പ്രതീക്ഷകളേറെ
ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു.
അഹമ്മദാബാദ് | ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും പോരിനിറങ്ങുന്നത്. അതേ സമയം മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീം എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങള്‍ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
ടീമില്‍ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ ഉള്ളതാണ് ന്യൂസിലന്‍ഡിന്റെ ശക്തി.
ഇന്ത്യന്‍ ടീമില്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്.
ന്യൂസീലന്‍ഡ് ടീമിലാകട്ടെ ടിം സെയ്‌ഫേര്‍ട്ട്, ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ഡഫി, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്


