Connect with us

articles

തളരാത്ത കരുത്തിന്റെ ആത്മീയ പാഠം

മാന്യമായി ജീവിക്കാനും മതം പ്രചരിപ്പിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് ബദ്ർ അനിവാര്യമായത്. ഖുർആൻ യുദ്ധത്തിന് അനുമതി നൽകിയത് അവിശ്വാസികളെ കൊന്നൊടുക്കാനല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനാണ്. യുദ്ധമുഖത്ത് തിരുനബി നൽകിയ ഉപദേശങ്ങൾ ലോകത്തിന് മാതൃകയാണ്. വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത്, മൃഗങ്ങളെയും മരങ്ങളെയും നശിപ്പിക്കരുത് തുടങ്ങിയവ യുദ്ധത്തിൽ പോലും പാലിക്കേണ്ട മാന്യതയെ കുറിക്കുന്നു

മാനവചരിത്രത്തിലെ വിസ്മയകരമായ വിപ്ലവമായിരുന്നു ബദ്ർ യുദ്ധം. ഹിജ്റ രണ്ടാം വർഷം റമസാൻ 17ന് നടന്ന ഈ പോരാട്ടം കേവലം രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നില്ല; മറിച്ച് സത്യവും അസത്യവും തമ്മിലുള്ള വ്യക്തമായ വിവേചനമായിരുന്നു. ഇസ്്ലാമിനെ ഒരു ശക്തിയായി ഗൗനിക്കാതിരുന്ന ശത്രുക്കൾക്ക് മുന്നിൽ മുസ്്ലിം ഉമ്മത്തിന്റെ അജയ്യത പ്രഖ്യാപിച്ച സംഭവമായിരുന്നു ബദ്ർ. വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരുപോലെ പാഠങ്ങൾ നൽകുന്ന ചരിത്രമാണ് ബദ്റിന്റേത്. ഭൗതികമായ ആയുധബലത്തേക്കാൾ ഈമാനികമായ കരുത്തിന് എന്തുചെയ്യാൻ സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ദിനമാണത്.

ആയുധം, അംഗസംഖ്യ, വാദ്യമേളങ്ങൾ, മദ്യം തുടങ്ങി ഭൗതികമായ എല്ലാ സജ്ജീകരണങ്ങളുമായെത്തിയ ആയിരത്തോളംവരുന്ന ശത്രുപക്ഷത്തിന് മുന്നിൽ, ആയുധബലം തുലോം തുച്ഛമായ മുന്നൂറിൽപരം പേർ ഉറച്ചുനിന്നത് ഹൃദയത്തിലെ ഈമാനിന്റെ കരുത്തിലാണ്. “നിങ്ങൾ തുലോം തുച്ഛമായിരുന്നിട്ടും നിങ്ങളെ ബദ്റിൽ അല്ലാഹു സഹായിച്ചു’ എന്ന ഖുർആനിക സൂക്തം വിശ്വാസികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അംഗബലമോ ഭൂരിപക്ഷമോ അല്ല കാര്യങ്ങളുടെ ഗതി നിർണയിക്കുന്നതെന്ന് ബദ്ർ തെളിയിച്ചു. തിരുനബിയോടുള്ള അഗാധമായ സ്നേഹവും ആ നേതൃത്വത്തിലുള്ള പരിപൂർണ വിശ്വാസവുമാണ് ബദ്റിന്റെ വിജയരഹസ്യം.

അവിടുന്ന് എന്ത് പറഞ്ഞാലും അത് സർവാത്മനാ സ്വീകരിക്കാൻ സ്വഹാബത്ത് സന്നദ്ധരായിരുന്നു. സഅ്ദ്(റ) പ്രവാചകനോട് പറഞ്ഞ വാക്കുകൾ ഇന്നും ചരിത്രത്തിൽ മാറ്റൊലികൊള്ളുന്നു: “വിദൂര പ്രദേശമായ ബർദുൽ ഇമാദിലേക്ക് പട്ടിണി കിടക്കുന്ന ഒട്ടകങ്ങളുമായി പോകാൻ പറഞ്ഞാലും സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴാൻ പറഞ്ഞാലും ഞങ്ങളത് ചെയ്യും’.

ഇന്നത്തെ തലമുറയുടെ മാനസികഘടന വലിയൊരു അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേവലമായ ഭൗതിക നേട്ടങ്ങൾക്കും സോഷ്യൽ മീഡിയയിലെ ആൾക്കൂട്ട അംഗീകാരങ്ങൾക്കും അപ്പുറത്ത്, സ്വന്തം അസ്തിത്വത്തിന് ആത്മീയ അടിത്തറ കണ്ടെത്താനാകാതെ അവർ ദിശാബോധമില്ലാതെ അലയുന്നു. കരിയറിലെ കടുത്ത മത്സരം മൂലം പരാജയഭീതിയിൽ തളർന്നുപോകുന്നവർ, ഒരൽപ്പം സാമ്പത്തിക സുരക്ഷിതത്വമോ സാമൂഹിക പദവിയോ നഷ്ടപ്പെടുമ്പോൾ ജീവിതം തന്നെ അവസാനിച്ചുവെന്ന് തെറ്റിദ്ധരിക്കുന്നവർ, ലോകത്തിന്റെ മുന്നിൽ “പെർഫെക്ട്’ ആകാൻ ശ്രമിക്കവേ സ്വന്തം ആന്തരിക സമാധാനം നഷ്ടപ്പെട്ട് ഉത്കണ്ഠകളുടെ തടവറയിലായവർ- ഇവർക്കെല്ലാം ബദ്ർ നൽകുന്ന സന്ദേശം അനിവാര്യമാണ്. ഭൗതികമായ ഉപാധികൾ കൈവിട്ടുപോകുമ്പോൾ ലോകം അവസാനിച്ചുവെന്ന് വിശ്വസിക്കുന്ന ഇവർ, ബദ്റിലെ 313 പേരുടെ ആത്മവീര്യത്തെ മാതൃകയാക്കേണ്ടതുണ്ട്.

ആയുധമോ അംഗബലമോ ഇല്ലാത്ത ചെറിയ സംഘം, തങ്ങളുടെ വിശ്വാസം ഒന്നുകൊണ്ട് മാത്രം അസാധ്യമായതിനെ സാധ്യമാക്കിയ ബദ്ർ ചരിത്രം, കേവലം ഒരു യുദ്ധത്തിന്റെ വിജയഗാഥയല്ല; അത് ജീവിതത്തിന്റെ പരാജയങ്ങൾക്കിടയിലും തളരാതെ മുന്നേറാനുള്ള ആത്മീയ പാഠമാണ്. ആധുനിക മുസ്്ലിം ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, ഭൗതിക വിഭവങ്ങളിൽ അമിതമായി ആശ്രയിക്കുകയും അല്ലാഹുവിലുള്ള അടിയുറച്ച “തവക്കുൽ’ നഷ്ടപ്പെടുകയും ചെയ്തു എന്നതാണ്. ബദ്റിലെ വിശ്വാസികൾക്ക് തോൽവിയെന്നാൽ ആദർശത്തിന്റെ പരാജയമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറക്ക് പരാജയമെന്നാൽ സോഷ്യൽ സ്റ്റാറ്റസിന്റെ തകർച്ചയാണ്.

ഭൗതികതയുടെ ഈ വ്യാജ നിർമിതികളിൽ നിന്ന് പുറത്തുകടന്ന്, അല്ലാഹുവിലും പ്രവാചകരിലുമുള്ള അടിയുറച്ച ഈമാനിക അടിത്തറയിലേക്ക് തിരികെ നടക്കുമ്പോൾ മാത്രമേ, പുതിയ കാലത്തെ ജാഹിലിയ്യത്തിനെയും അവരുടെ നിരാശാജനകമായ ചിന്തകളെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കൂ. വിജയമെന്നത് സാഹചര്യങ്ങളുടെ അനുകൂലാവസ്ഥയല്ല, മറിച്ച് തകരാത്ത ഹൃദയത്തിന്റെ കരുത്താണെന്ന് നമ്മൾ ഉൾക്കൊള്ളണം.

ബദ്റിന്റെ ആവശ്യകത മനസ്സിലാക്കണമെങ്കിൽ അതിനുമുമ്പുള്ള പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതം പഠിക്കണം. ലോകത്ത് ചൂഷകർക്കെതിരെ നടന്ന എല്ലാ വിപ്ലവങ്ങളും സ്വന്തം അവകാശങ്ങൾക്കും നിലനിൽപ്പിനും വേണ്ടിയുള്ളതായിരുന്നു. മാന്യമായി ജീവിക്കാനും മതം പ്രചരിപ്പിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് ബദ്ർ അനിവാര്യമായത്. ഖുർആൻ യുദ്ധത്തിന് അനുമതി നൽകിയത് അവിശ്വാസികളെ കൊന്നൊടുക്കാനല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനാണ്. യുദ്ധമുഖത്ത് പോലും തിരുനബി നൽകിയ ഉപദേശങ്ങൾ ലോകത്തിന് മാതൃകയാണ്. വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത്, മൃഗങ്ങളെയും മരങ്ങളെയും നശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകൾ യുദ്ധത്തിൽ പോലും പാലിക്കേണ്ട മാന്യതയെ കുറിക്കുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏൽപ്പിക്കുകയും വധശ്രമം വരെ നടത്തുകയും ചെയ്ത ശത്രുക്കളെ മുന്നിൽ കിട്ടിയിട്ടും സംയമനം പാലിക്കാൻ പഠിപ്പിച്ച നേതാവായിരുന്നു അവിടുന്ന്. ഇന്ന് ബദ്റിന്റെ പേര് പറഞ്ഞ് തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും യുവാക്കളെ നയിക്കുന്നവർ ഈ ചരിത്ര സത്യങ്ങൾ മറന്നുപോകുന്നു.

ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യം ബദ്റിനെ കൂടുതൽ പ്രസക്തമാക്കുന്നു. അമേരിക്കയുടെയും ഇസ്റാഈലിന്റെയും സാമ്രാജ്യത്വ മോഹങ്ങൾ പശ്ചിമേഷ്യയെ ചുട്ടുപൊള്ളിക്കുകയാണ്. ഗസ്സയിൽ ഫലസ്തീൻ ജനത നേരിടുന്ന ക്രൂരമായ വംശഹത്യയും ഇറാൻ- ഇസ്റാഈൽ യുദ്ധഭീതിയും ലോകത്തെ മുൾമുനയിൽ നിർത്തുന്നു. ആധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മുസ്്ലിം രാഷ്ട്രങ്ങളെയും വിശ്വാസികളെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നിൽ പതറാതെ നിൽക്കാൻ ബദ്ർ നൽകുന്ന സന്ദേശം ഒന്നേയുള്ളൂ- “വിജയം അല്ലാഹുവിൽ നിന്നാണ്’.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത ഇറാനെപ്പോലുള്ള രാജ്യങ്ങളെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ശ്രമിക്കുമ്പോൾ, ഭൗതികമായ ആയുധബലത്തേക്കാൾ പ്രധാനം വിശ്വാസികളുടെ ഐക്യവും ധീരതയുമാണെന്ന് ബദ്ർ ഓർമിപ്പിക്കുന്നു. ലോകത്തെ വൻശക്തികൾ നീതിയെ അടിച്ചമർത്തുമ്പോൾ, ബദ്റിലെ 313 പേരുടെ പോരാട്ടവീര്യം ഉൾക്കൊണ്ടുകൊണ്ട് നീതിക്ക് വേണ്ടി ശബ്ദമുയർത്താൻ നമുക്ക് സാധിക്കണം. സമാധാനമാണ് ഇസ്്ലാമിന്റെ നയം, എന്നാൽ അനീതിക്കെതിരെയുള്ള പോരാട്ടം വിശ്വാസിയുടെ ബാധ്യതയുമാണ്. ബദ്ർ വെറുമൊരു യുദ്ധസ്മരണയല്ല; അത് ആത്മസംസ്‌കരണത്തിന്റെയും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെയും ഉജ്ജ്വലമായ അടയാളമാണ്. നമ്മുടെ ഉള്ളിലെ തിന്മകളോടും ലോകത്തെ അനീതികളോടും പൊരുതാനുള്ള ആർജവം ഈ ബദ്ർ ദിനത്തിൽ നാം വീണ്ടെടുക്കണം. അടിയുറച്ച വിശ്വാസവും പ്രവാചക പ്രണയവും നെഞ്ചിലേറ്റിക്കൊണ്ട്, പുതിയ കാലത്തെ വെല്ലുവിളികളെ ധീരമായി നേരിടാൻ ബദ്ർ നമ്മെ പ്രാപ്തരാക്കട്ടെ.

Latest