Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ നീണ്ട ഇടവേളക്കു ശേഷം മണ്ഡലത്തിലേക്ക്; ആശങ്കയോടെ കോണ്‍ഗ്രസ്
മണ്ഡലത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാന്‍ എത്തുന്ന രാഹുലിനെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇപ്പോഴും പിന്തുണക്കുന്നുണ്ട്
പാലക്കാട് | ബലാത്സംഗ കേസില്‍ ജയിലില്‍ കിടക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിപുറത്താക്കുകയും ചെയ്ത പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ നീണ്ട ഇടവേളക്കു ശേഷം ഇന്നു മണ്ഡലത്തില്‍ എത്തും.
മണ്ഡലത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാന്‍ എത്തുന്ന രാഹുലിന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇപ്പോഴും വലിയ പിന്തുണക്കുന്നുണ്ട്. വി ഡി സതീശന്‍ നയിച്ച യാത്രയുടെ സമാപന സമ്മേളനത്തില്‍ പുത്തരിക്കണ്ടം മൈതാനത്തും രാഹുലിനു വേണ്ടി ചിലര്‍ രംഗത്തുവന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ എം എല്‍ എയുടെ സാന്നിധ്യത്തെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് കാണുന്നത്.
മൂന്നാം ബലാത്സംഗ കേസില്‍ ജനുവരി 11 നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനു ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പെടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ ഉണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരി ആരോപിക്കുന്നു.
യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്‌തെന്ന കേസില്‍ എം എല്‍ എയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം. ഈ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്നും പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തന്റെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു. ഹൈക്കോടതി രാഹുലിന്റെ ഹര്‍ജിയില്‍ മിനി വിചാരണ നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.



