Business
ഇറാൻ-യുഎസ് സംഘർഷം: വിപണിയിൽ തകർച്ച; നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപ നഷ്ടം
ബി എസ് ഇ സെൻസെക്സ് 76,424 എന്ന നിലയിലേക്കും എൻ എസ് ഇ നിഫ്റ്റി 700 പോയിന്റിലധികം ഇടിഞ്ഞ് 23,750-ന് അടുത്തും എത്തി
മുംബൈ | പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 2,400 പോയിന്റിലധികം ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് എണ്ണ വില ബാരലിന് 100 ഡോളർ കടന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. നിമിഷങ്ങൾക്കുള്ളിൽ നിക്ഷേപകരുടെ 12.39 ലക്ഷം കോടി രൂപയാണ് വിപണിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത്.
ബി എസ് ഇ സെൻസെക്സ് 76,424 എന്ന നിലയിലേക്കും എൻ എസ് ഇ നിഫ്റ്റി 700 പോയിന്റിലധികം ഇടിഞ്ഞ് 23,750-ന് അടുത്തും എത്തി. പശ്ചിമേഷ്യയിലെ സംഘർഷം ക്രൂഡ് ഓയിൽ വില വർധിപ്പിക്കുന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്ന ഭീതിയാണ് വിപണിയെ പിടിച്ചുലച്ചത്. ഇതോടെ ബി എസ് ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 437 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വിപണിയിലെ എല്ലാ മേഖലകളിലും വൻതോതിലുള്ള വിറ്റഴിക്കലാണ് ദൃശ്യമായത്. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓഹരികൾ 8 ശതമാനത്തോളം ഇടിഞ്ഞ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. ടാറ്റ സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖ ഓഹരികളെല്ലാം 5 ശതമാനത്തോളം തകർന്നു. നിഫ്റ്റി പി എസ് യു ബാങ്ക് ഇൻഡക്സ് 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ഓട്ടോ, റിയൽറ്റി, പ്രൈവറ്റ് ബാങ്ക് സൂചികകളും വലിയ നഷ്ടം നേരിട്ടു.
Summary
The Indian stock market witnessed a massive crash on Monday as escalating tensions between Iran and the US pushed crude oil prices past $100 per barrel. The Sensex plummeted over 2,400 points and the Nifty dropped by 700 points, resulting in a loss of approximately Rs 12.39 lakh crore for investors within minutes. Major sectoral indices, particularly banking and auto, saw significant declines as global instability fueled economic concerns.



