Connect with us

Kerala

ഡി എ സന്ദേശ വിവാദം; കോടതിയില്‍ നിന്ന് സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിത്തന്നതില്‍ പ്രതിപക്ഷത്തിന് നന്ദി: എം ബി രാജേഷ്

സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവേണന്‍സിന്റെ ഭാഗമാണ്. അതാണ് കോടതിയും നിരീക്ഷിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ഡി എ സന്ദേശ വിവാദത്തില്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് സര്‍ക്കാരിന് കോടതി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷം കോടതിയില്‍ പോയതു കൊണ്ടാണ് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അതിന് അവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു,

സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവേണന്‍സിന്റെ ഭാഗമാണ്. അതാണ് കോടതിയും നിരീക്ഷിച്ചത്. പ്രതിപക്ഷം കുടില രാഷ്ട്രീയ ലക്ഷ്യവുമായി എടുത്തുചാടുകയായിരുന്നു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇങ്ങനെയൊരു വിധി നേടിത്തന്നതില്‍ പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണനിര്‍വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാമെന്നും ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഡി എ സന്ദേശം അയച്ചതിനെതിരായ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സി എം ഡി ആര്‍ എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നല്‍കി.

ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐ ടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡി എ സന്ദേശം അയച്ചത്. മൂന്നാം കക്ഷിയല്ല സന്ദേശം അയക്കുന്നത്. ഇത് നല്ല ഭരണ നിര്‍വഹണത്തിന്റെ ഭാഗമല്ലേ എന്നായിരുന്നു ഹരജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്.

 

---- facebook comment plugin here -----

Latest