ഇസ്റാഈൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റു. 56 കാരനായ മുജ്തബയുടെ നിയമനം ഇറാന്റെ ഉന്നതാധികാര സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്‌സാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാരോഹണത്തിന് പിന്നാലെ മുജ്തബ ഖാംനഈയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദുരൂഹതയും അഭ്യൂഹങ്ങളും ശക്തമായി പ്രചരിക്കുകയാണ്.
അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഫെബ്രുവരി 28-നാണ് അലി ഖാംനഈ കൊല്ലപ്പെട്ടത്. ഇതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഇറാന്റെ പരമാധികാര പീഠത്തിലേക്ക് മുജ്തബ എത്തുന്നത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ മുജ്തബയെ വിശേഷിപ്പിച്ചത് ‘ജാൻബാസ് ഓഫ് റമസാൻ’ അഥവാ റമസാനിലെ പരിക്കേറ്റ പോരാളി എന്നാണ്. നിലവിൽ ഇസ്റാഈലിനും അമേരിക്കയ്ക്കുമെതിരെ നടക്കുന്ന പോരാട്ടത്തെ ‘റമസാൻ യുദ്ധം’ എന്നാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. ഈ യുദ്ധത്തിൽ ശത്രുവിന്റെ ആക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റതാകാം ഈ വിശേഷണം സൂചിപ്പിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വീഡിയോ കാണാം





