Kerala
ഫോം-7ന്റെ ദുരുപയോഗം തടയാന്‍ നടപടിയെടുക്കണം: ഖലീല്‍ തങ്ങള്‍
ദുരുപയോഗം കണ്ടെത്തുക, പരിശോധനാ നടപടികളില്‍ പൂര്‍ണമായ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കുക, നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് യഥാര്‍ഥ വോട്ടര്‍മാരെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയവ കൈക്കൊള്ളണം.
തിരുവനന്തപുരം | സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയ (എസ് ഐ ആര്‍)യുടെ ഭാഗമായി ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.
ഫോം-7 എന്നത് മരണം, താമസസ്ഥല മാറ്റം തുടങ്ങിയ കാരണങ്ങളാല്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ നീക്കം ചെയ്യുന്നതിനോ, ഒരു പേര് ഉള്‍പ്പെടുത്തുന്നതിനെതിരായ എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനോ നിയമപരമായി അനുവദിച്ചിരിക്കുന്ന ഒരു ഫോമാണ്. ഇത്തരം പരാതികള്‍ സമര്‍പ്പിച്ചതു കൊണ്ടുമാത്രം വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യപ്പെടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെങ്കിലും, സാധാരണ പൗരന്മാരെ സുദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ നിയമ-ഭരണ നടപടിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ ലക്ഷ്യമാക്കി, കൂട്ടമായും വിവേചനപരമായും ഫോം-7 സമര്‍പ്പിക്കുന്നതായുള്ള പരാതികള്‍ വര്‍ധിച്ചുവരികയാണെന്ന് മുന്‍ അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തന്നെ കഴിഞ്ഞ ദിവസം പരാതിപ്പെടുകയുണ്ടായി. അനാവശ്യമായ ഭയം, ആശങ്ക, മാനസിക സമ്മര്‍ദം എന്നിവ സൃഷ്ടിച്ച്, പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യാവകാശമായ വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് ഇത്തരം പ്രവണതകള്‍ നയിക്കുന്നത്. പ്രാദേശിക തലത്തില്‍ ആളുകള്‍ക്കിടയില്‍ ഭിന്നതയും അകല്‍ച്ചയും വര്‍ധിക്കുന്നതിനും ഇത് കാരണമായിത്തീരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഫോം-7 പ്രകാരം സമര്‍പ്പിച്ച പരാതികളിലെ പാറ്റേണുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ദുരുപയോഗം കണ്ടെത്തുക, പരിശോധനാ നടപടികളില്‍ പൂര്‍ണമായ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കുക, നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് യഥാര്‍ഥ വോട്ടര്‍മാരെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയവ കൈക്കൊള്ളണം. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ചുമതലപ്പെട്ട ഒരു പ്രക്രിയയെ, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും സാമൂഹിക സൗഹാര്‍ദത്തിനു പോറലേല്‍പ്പിക്കാനുമുള്ള ഒരു ആയുധമാക്കി മാറ്റരുത്. വിഷയത്തില്‍ സിവില്‍ സമൂഹവും രാഷ്ട്രീയ നേതൃത്വവും ഭരണഘടനാ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും ഖലീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.



