ഫരീദാബാദിലെ തിഗാവ് സ്വദേശിയായ ദീപിക അധന എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായി ചുമതലയേറ്റിട്ട് അധികകാലമായിട്ടില്ല. എന്നാൽ മാർച്ച് 6-ന് രാവിലെ 10:15-ന് വന്ന ആ ഫോൺ കോൾ ദീപികയുടെ ജീവിതം മാറ്റിമറിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യു എ ഇയിലെ റസൽഖൈമയിൽ കുടുങ്ങിക്കിടക്കുന്ന 169 ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യം. യഥാർത്ഥത്തിൽ ദീപികയുടെ സുഹൃത്ത് പോകേണ്ടിയിരുന്ന വിമാനത്തിൽ, യാത്രയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് ദീപികയോട് ചുമതലയേൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
അമേരിക്കയും ഇസ്റാഈലും ഇറാനും തമ്മിലുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സമയം. ആകാശപാതകൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ദീപിക അമ്മ ബബ്ലി അധനയോട് പറഞ്ഞു: “അമ്മേ ബൈ ബൈ. ഞാൻ തിരിച്ചുവരുമോ എന്ന് എനിക്കറിയില്ല.” ഒരു അമ്മയ്ക്കും കേൾക്കാൻ ആഗ്രഹമില്ലാത്ത വാക്കുകൾ. പക്ഷേ, ദീപികയുടെ ഉള്ളിൽ അന്തരിച്ച തന്റെ വല്യപ്പച്ചൻ അമൃത് സിംഗ് അധനയുടെ സ്വപ്നമായിരുന്നു. തന്നെ ഒരു പൈലറ്റായി കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ദൗത്യം പൂർത്തിയാക്കാൻ അവൾക്ക് കരുത്തേകി.




