Connect with us

Articles

സ്‌നേഹത്തിന്റെ അദൃശ്യ രേഖകള്‍

Published

|

Last Updated

പ്രകൃതിപരമായി തന്നെ, മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയെക്കാള്‍ കൂടുതല്‍ അടുപ്പമാണുള്ളത്. മനുഷ്യനാകുക എന്ന അളവുകോലില്‍ ഒരാളും മറ്റൊരാളേക്കാള്‍ മികച്ചതോ മോശമോ ആകുന്നില്ല. ഉള്ളിലുണ്ടാകേണ്ട അടിസ്ഥാന സദ്ഗുണങ്ങളുടെ തോതനുസരിച്ചാണ് നമ്മള്‍ ചിലരെ “നല്ല മനുഷ്യര്‍’ എന്ന് വിലയിരുത്താറുള്ളത്.

ഈ സദ്ഗുണങ്ങളെയും പാരസ്പര്യത്തെയും ജീവിതത്തിന്റെ അടിസ്ഥാന മൂല്യമായി കാണുന്നവരാണ് മുസ്്ലിംകള്‍. തിരുനബി (സ്വ) പഠിപ്പിച്ച സുപ്രധാനമായ ദര്‍ശനങ്ങളിലൊന്ന്, മുസ്്ലിം സഹോദരങ്ങള്‍ തമ്മിലുള്ള ആറ് ബാധ്യതകളാണ്. മനുഷ്യഹൃദയങ്ങളെ പരസ്പരം കൂട്ടിയിണക്കുന്ന സ്‌നേഹത്തിന്റെ അദൃശ്യമായ നൂലുകളാണവ.

കണ്ടുമുട്ടുമ്പോള്‍ സലാം പറയലാണ് അതില്‍ ഒന്നാമത്തേത്. കാഴ്ചയില്‍ തന്നെ സമാധാനം ആശംസിക്കുന്നത് ചെറിയ കാര്യമല്ല. “എന്നില്‍ നിന്ന് നിനക്ക് ഒരു ഉപദ്രവവുമുണ്ടാകില്ല’ എന്ന ഹൃദയത്തില്‍ നിന്നുള്ള വാഗ്ദാനം കൂടിയാണത്. ക്ഷണം ഹൃദയപൂര്‍വം സ്വീകരിക്കുക എന്നതാണ് രണ്ടാമത്തേത്. മറ്റൊരാളുടെ ആഹ്ലാദത്തില്‍ പങ്കുചേരുന്നത് മനുഷ്യര്‍ക്കിടയിലെ അകലം ഇല്ലാതാക്കും. “ഞാന്‍ നിങ്ങളെ മാനിക്കുന്നു’ എന്ന മനോഹരമായ അറിയിപ്പായി അത് മാറുകയും ചെയ്യുന്നു. ഒരാള്‍ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുമ്പോള്‍, തിരിച്ച് നന്മ നേര്‍ന്ന് പ്രാർഥിക്കലാണ് മൂന്നാമത്തെ കടമ. ഏത് നിസ്സാരമായ ജീവിതാവസ്ഥയിലും മറ്റുള്ളവരെ എത്രത്തോളം കരുതണമെന്നാണ് ഇസ്്ലാം നിഷ്‌കര്‍ഷിക്കുന്നതെന്നു നോക്കൂ.
മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും തീവ്രമായ അനുഭവം കുടികൊള്ളുന്നത് സങ്കടങ്ങളിലാണ്. അത്തരം സന്ദര്‍ഭങ്ങളിൽ നിങ്ങളോട് ഉപദേശം തേടുന്നവരുണ്ടാകാം. അവർക്ക് ഏറ്റവും സത്യസന്ധമായ സദുപദേശം നല്‍കലാണ് നാലാമത്തെ ഉത്തരവാദിത്വം. രോഗിയാകുമ്പോള്‍ സന്ദര്‍ശിക്കണമെന്നതാണ് അഞ്ചാമത്. “നിങ്ങള്‍ ഒറ്റക്കല്ല’ എന്ന ഓർമപ്പെടുത്തലും ആവശ്യങ്ങള്‍ക്ക് കൂടെ ഞങ്ങളെല്ലാം ഉണ്ടെന്ന ആശ്വാസം പകരലുമാണത്. മരണാനന്തര ചടങ്ങുകളിലെ പങ്കാളിത്തമാണ് അവസാനത്തേത്. മരണം കൊണ്ട് അവസാനിക്കാത്ത പാരസ്പര്യമാണ് നമ്മള്‍ തമ്മിലെന്ന വലിയ ഓര്‍മ പുതുക്കലാണത്.

ജീവിതത്തിലെ സങ്കടത്തിലും സന്തോഷത്തിലും ഒരുപോലെ ചേര്‍ന്നുനില്‍ക്കേണ്ടവരാണ് മുസ്്ലിംകളെന്ന തത്ത്വത്തിന്റെ ഏറ്റവും പ്രായോഗികമായ മാതൃകയാണ് ഈ വചനം പഠിപ്പിക്കുന്നത്. മനുഷ്യത്വത്തിന്റെ ഈ സ്‌നേഹപാഠങ്ങള്‍ ജീവിതത്തിൽ പകര്‍ത്തുമ്പോഴാണ് നാം ഓരോരുത്തരും യഥാര്‍ഥ മനുഷ്യരായിത്തീരുന്നത്.

---- facebook comment plugin here -----

Latest