Articles
അരക്ഷിതരാകുന്ന കുട്ടികള്‍; ആരാണ് പ്രതിക്കൂട്ടില്‍?
ലോകതലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ താമസിക്കുന്ന ഇടമാണ് ഇന്ത്യ. ലോകത്തെ കുട്ടികളില്‍ 19 ശതമാനവും ഇന്ത്യയിലാണ്. സമ്പദ് വ്യവസ്ഥയില്‍ നാലാം സ്ഥാനമെന്ന് അഭിമാനിക്കുമ്പോഴും ഇന്ത്യയിലെ കുട്ടികളെ ദാരിദ്ര്യവും പോഷകാഹാരക്കുറവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ദാരിദ്ര്യത്തിന്റെ ദുരിതവും അനന്തരഫലങ്ങളും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് രാജ്യത്തെ കുട്ടികളാണ്.
മികവുറ്റ ഒരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അവിഭാജ്യ ഘടകമാണ് അവിടുത്തെ കുട്ടികള്‍. ഒരു രാഷ്ട്രത്തിന്റെ ശാക്തീകരണത്തിന് അവിടുത്തെ മാനവ വിഭവശേഷി അനിവാര്യമാണ്. ആ ശേഷിയുടെ അടിസ്ഥാന ഘടകമാണ് കുട്ടികള്‍. കുട്ടികളുടെ മേല്‍ ചെലവഴിക്കുന്ന നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഗുണകരമായ രീതിയില്‍ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ കുട്ടികളും പട്ടിണിയും
ലോകതലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ താമസിക്കുന്ന ഇടമാണ് ഇന്ത്യ. ലോകത്തെ കുട്ടികളില്‍ 19 ശതമാനവും ഇന്ത്യയിലാണ്. സമ്പദ് വ്യവസ്ഥയില്‍ നാലാം സ്ഥാനമെന്ന് അഭിമാനിക്കുമ്പോഴും ഇന്ത്യയിലെ കുട്ടികളെ ദാരിദ്ര്യവും പോഷകാഹാരക്കുറവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വരിഞ്ഞുമുറുകിയിരിക്കുകയാണ്. ദാരിദ്ര്യത്തിന്റെ ദുരിതവും അനന്തരഫലങ്ങളും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് രാജ്യത്തെ കുട്ടികളാണ്. യൂനിസെഫിന്റെ “ദ സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്‌സ് ചില്‍ഡ്രന്‍’ 2019ലെ റിപോര്‍ട്ട് പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളില്‍ 69 ശതമാനം വരെ പോഷകാഹാരക്കുറവുണ്ട്. കുറഞ്ഞ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ഒരു പഠനം നടത്തിയിരുന്നു. ഇന്ത്യയില്‍ താമസിക്കുന്ന കുട്ടികളില്‍ പകുതിയിലധികം പേരും ദാരിദ്ര്യത്തില്‍ അകപ്പെട്ട് കഴിയുകയാണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ താരതമ്യേന ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലാണ്. രാജ്യത്തെ നയിക്കേണ്ട കുട്ടികളുടെ ഇന്ത്യയിലെ ദുരവസ്ഥയാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം ഒട്ടനേകം ആരോഗ്യ പ്രശ്‌നങ്ങളാണ് കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം ആഗോളതലത്തില്‍ തന്നെ പോഷകാഹാരക്കുറവില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. 2024ലെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് പ്രകാരം കുട്ടികളില്‍ ഉണ്ടാകുന്ന തൂക്കക്കുറവില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. 18.7 ശതമാനം കുട്ടികളിലും തൂക്കക്കുറവ് കാണപ്പെടുന്നു. ഈ വിധം പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന വളര്‍ച്ചാ മുരടിപ്പ് കുട്ടികളില്‍ സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് നിമിത്തമാകും. ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വളര്‍ച്ചാ മുരടിപ്പ് വളരെ കൂടുതലാണ്. ഇന്ത്യയിലെ 39 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന വളര്‍ച്ചാ മുരടിപ്പിന്റെ പിടിയിലാണ്. ലോകത്തിലെ വളര്‍ച്ചാ മുരടിപ്പ് ബാധിച്ച അഞ്ച് കുട്ടികളെ പരിശോധിക്കുമ്പോള്‍ അതില്‍ രണ്ട് പേരും ഇന്ത്യയിലാണ്.
രാജ്യത്തിന്റെ പ്രത്യേക ഭാഗത്ത് വികസനങ്ങളുടെ പൊടി പൂരമാണെങ്കില്‍, ചേരി പ്രദേശങ്ങളും തെരുവോരങ്ങളും പട്ടിണിയിലും പരിവട്ടത്തിലുമാണ്. “എ തിയറി ഓഫ് ജസ്റ്റിസ്’ എന്ന പുസ്തകത്തില്‍ ജോണ്‍ റോള്‍സ് പറയുന്നത്, “ഒരു സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളടങ്ങുന്നജനത കൂടി വികസനത്തിന്റെ പാതയിലെത്തിച്ചേരുമ്പോഴാണ് ആ രാജ്യം മനോഹരമാകുക’ എന്നാണ്. പക്ഷേ, സ്വപ്‌നങ്ങള്‍ കാണാന്‍ പോലും വിധിയില്ലാതെ ആരോഗ്യ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് കഴിയുന്ന കുട്ടികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് രാജ്യം. പോഷകാഹാരക്കുറവിന് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ പോഷന്‍ അഭിയാന്‍ പദ്ധതി ആരംഭിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട് എന്നതിലേക്കാണ് റിപോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.
അറുതിയില്ലാത്ത പീഡനങ്ങള്‍
ഇന്ത്യയിലെ കുട്ടികള്‍ ഇന്നും ഒട്ടനേകം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്നത് നഗ്നമായ സത്യമാണ്. ഭരണഘടനയുടെ 39ാം അനുഛേദ പ്രകാരം ആരോഗ്യകരമായ ചുറ്റുപാടുള്ള സാഹചര്യം കുട്ടികള്‍ക്ക് സൗകര്യപ്പെടുത്തി കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അത്തരമൊരു ആരോഗ്യകരമായ ചുറ്റുപാടല്ല ഇന്ത്യയിലെ കുട്ടികളില്‍ പലര്‍ക്കുമുള്ളത്. 2013ല്‍ ഏറ്റവും കൂടുതല്‍ ബാല ലൈംഗിക പീഡനങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട രാഷ്ട്രങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയിലെ വലിയൊരു വിഭാഗം കുട്ടികളും തങ്ങള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ഓര്‍ത്ത് ആശങ്കയിലാണെന്ന് യൂനിസെഫ് റിപോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ ഹേതുവാകും. എന്താണ് കുട്ടികള്‍ക്കെതിരായ പീഡനം? ലോകാരോഗ്യ സംഘടന ഇതിനെ വിശദീകരിച്ചിരിക്കുന്നത്, “കുട്ടിയുടെ ആരോഗ്യത്തിനോ വികാസത്തിനോ അഭിമാനത്തിനോ കോട്ടം തട്ടുന്ന രീതിയിലുള്ള എല്ലാവിധ ശാരീരികവും വൈകാരികവുമായ മോശമായ പെരുമാറ്റം, ലൈംഗിക ദുരുപയോഗം’ എന്നാണ്.
വിദ്യാഭ്യാസത്തിന്റെ അഭാവം
ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികമായ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുലമാണ്. ഒരു രാഷ്ട്രത്തിന്റെ മൂല്യമേറിയ സ്വത്താണ് വിദ്യാഭ്യാസയോഗ്യരായ കുട്ടികള്‍. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം ഏറെ മന്ദഗതിയിലാണ്. രാജ്യത്ത് ആറ് വയസ്സിനും 13 വയസ്സിനും ഇടയിലുള്ള 11.7 ലക്ഷം കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കേരളം താരതമ്യേന ഉയര്‍ന്ന നിലവാരത്തിലാണെങ്കില്‍ പോലും ഇതര സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. സ്‌കൂളില്‍ പോകാത്ത കുട്ടികളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. ഝാര്‍ഖണ്ഡ്, അസം, ഗുജറാത്ത് എന്നിവ തൊട്ടുപിന്നാലെ വരുന്നു. ഇന്ത്യയിലെ അടിസ്ഥാന വിദ്യാഭ്യാസം ശോചനീയാവസ്ഥയിലാണ്. രാജ്യത്ത് ആറ് മുതല്‍ 17 വയസ്സ് വരെയുള്ളവരില്‍ ഏകദേശം 5.5 ശതമാനം പേര്‍ സ്‌കൂളിലേക്ക് പോകുന്നില്ലെന്ന് വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും പരിശീലനം ലഭിച്ച അധ്യാപകരുടെയും അഭാവത്തോടൊപ്പം ദാരിദ്ര്യവും ഇതിനൊരു കാരണമാണ്.
രാജ്യത്ത് വിഭവങ്ങളുടെ ഇല്ലായ്മയല്ല, അത് വിതരണം ചെയ്യുന്നിടത്ത് ഭരണകൂടം കാണിക്കുന്ന അലംഭാവമാണ് പ്രശ്‌നങ്ങളുടെ ഹേതു. ചരിത്രം പരിശോധിച്ചാല്‍ 1970കളില്‍ ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തികാഭിവൃദ്ധിയിലേക്ക് പ്രവേശിച്ച സമയത്ത് അവിടുത്തെ അടിസ്ഥാന വിദ്യാഭ്യാസം ഉന്നത നിലയിലായിരുന്നു എന്ന് കാണാം.
ബാലവേല
ഭരണഘടനയില്‍ 22 മുതല്‍ 24 വരെയുള്ള ചൂഷണത്തിനെതിരെയുള്ള അവകാശത്തില്‍, അപകട സാധ്യതയുള്ള മേഖലകളില്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ തൊഴില്‍ ചെയ്യിപ്പിക്കുന്നതും ബാലവേലയും നിരോധിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഇപ്പോഴും ബാലവേല പൂര്‍ണമായും അസ്തമിച്ചിട്ടില്ല. 2024-25ല്‍ യൂനിസെഫും ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ എല്‍ ഒ) ചേര്‍ന്ന് നടത്തിയ റിപോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏകദേശം ഒരു കോടി കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചെയ്യുന്നവരാണ്. പടക്ക ഫാക്ടറികള്‍ പോലുള്ള അപകടം പതുങ്ങിയിരിക്കുന്ന ഇടങ്ങളിലുള്ള കുട്ടികളുടെ തൊഴില്‍ സാന്നിധ്യം ആശങ്കാജനകമാണ്. അര്‍ഹമായ വിദ്യാഭ്യാസം നേടി രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ട സമൂഹമാണ് ഈ വിധം തൊഴിലെടുത്ത് ജീവിതം നയിച്ചുകൊണ്ട് പോകുന്നത്. പലപ്പോഴും ദാരിദ്ര്യവും സാമൂഹിക പ്രശ്‌നങ്ങളുമാണ് ഇത്തരം ബാലവേലയിലേക്ക് നയിക്കുന്നത്.
കുട്ടികളുടെ ശോചനീയാവസ്ഥ ഒരു സമൂഹത്തിനും ഭൂഷണമല്ല. ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യയില്‍ കുട്ടികള്‍ ഈ വിധം അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞു കൂടുന്നത് നാണക്കേടാണ്. അത് രാഷ്ട്രത്തിന്റെ ഭാവിക്ക് വെല്ലുവിളിയാണ്. കുട്ടികളുടെ അവകാശ സംരക്ഷണങ്ങളെ മുഖവിലക്കെടുക്കാന്‍ രാഷ്ട്രം ഇനിയെങ്കിലും തയ്യാറാകണം.





